വെളുത്തുളളിയിലെ വിറ്റാമിനുകളായ സി, ബി6, ധാതുക്കളായ സെലിനിയം, മാംഗനീസ് എന്നിവ പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു.
ശ്വസനവ്യവസ്ഥയിലെ അണുബാധയുടെ തീവ്രത കുറയ്ക്കുന്നു. വെളുത്തുള്ളി ചേർത്ത ഭക്ഷണം ശീലമാക്കിയാൽ ഇടയ്ക്കിടെ ജലദോഷം വരുന്നത് ഒഴിവാകും. അതിലെ ആന്റിഓക്സിഡൻറുകൾ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. വെളുത്തുളളി ചേർത്ത ചായ ശീലമാക്കുന്നതും ഉചിതം. പനി തടയുന്നതിനും പനിയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും സഹായകം.
ശ്വസനവ്യവസ്ഥയിലെ തടസങ്ങൾ നീക്കി ശ്വസനം സുഗമമാക്കുന്നതിനും വെളുത്തുള്ളി ഗുണപ്രദം.
ഗ്യാസിനു പരിഹാരമുണ്ട്!
ദഹനപ്രശ്നങ്ങളാണ് ഗ്യാസിന് ഇടയാക്കുന്നത്. ആഹാരം നന്നായി ചവച്ചരയ്ക്കാതെ വിഴുങ്ങുക, ഗ്യാസിനിടയാക്കുന്ന ഭക്ഷണം അമിതമായി കഴിക്കുക, കുടലിലെ ബാക്ടീരിയ അണുബാധ, ദഹനക്രമക്കേടുകൾ എന്നിവയെല്ലാം ഗ്യാസിനിടയാക്കുന്നു. തീക്കനലിൽ ചുട്ടെടുത്ത വെളുത്തുളളി കഴിക്കുന്നതു ഗ്യാസ് ട്രബിളിന് ആശ്വാസദായകം. വെളുത്തുളളിയിട്ടു തിളപ്പിച്ച വെളളം കുടിക്കുന്നതും ഗുണപ്രദം. ഗ്യാസ് അകറ്റുന്നതിനും ദഹനം ആരോഗ്യകരമായ രീതിയിൽ സാധ്യമാകുന്നതിനും വെളുത്തുളളി സൂപ്പ് സഹായകം. വെളുത്തുളളിക്കൊപ്പം കുരുമുളക്, ജീരകം എന്നിവ ചേർത്തു തിളപ്പിച്ചാറിച്ചും ഉപയോഗിക്കാം.
ഹൃദയാരോഗ്യത്തിന്
ഹൃദയം, രക്തസഞ്ചാര വ്യവസ്ഥ എന്നിവയുമായി ബന്ധപ്പെ അസുഖങ്ങളുടെ ചികിത്സയ്ക്ക് വെളുത്തുളളി സഹായകം; ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ, കൊറോണറി ഹൃദയ രോഗങ്ങൾ, ഹൃദയാഘാതം, ആർട്ടീരിയോ സ്ളീറോസിസ് (രക്തധമനികളുടെ കട്ടി കൂടി ഉൾവ്യാസം കുറയുന്ന അവസ്ഥ) എന്നിവ തടയുന്നതിനു വെളുത്തുളളി ഫലപ്രദം. വെളുത്തുള്ളി ചേർത്ത ഭക്ഷണം ശീലമാക്കുന്നത് ചീത്ത കൊളസ്ട്രോളായ എൽഡിഎലിന്റെ തോതു കുറയ്ക്കുന്നതിനു സഹായകമെന്നു പഠനം. അതേസമയം നല്ല കൊളസ്ട്രോളായ എച്ച്ഡിഎലിന്റെ തോതിൽ കുറവുണ്ടാകാതെ കരുതുന്നു.
പ്രമേഹബാധിതർക്കും...
ഇൻസുലിന്റെ ഉത്പാദനം വർധിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിതമാക്കുന്നതിനു വെളുത്തുളളി സഹായകമെന്നു പഠനം. രക്തക്കുഴലുകൾ വികസിക്കുന്നതിനും രക്തസഞ്ചാരം സുഗമമാകുന്നതിനും വെളുത്തുളളി സഹായകം. രക്തം കട്ട പിടിക്കുന്നതു തടയുന്നതിൽ വെളുത്തുള്ളിക്കു മുഖ്യ പങ്കുണ്ട്. ഹൈപ്പർ ടെൻഷൻ സാധ്യത കുറയ്ക്കുന്നതിന് ഗുണപ്രദം. എന്നാൽ ഇത്തരം രോഗങ്ങൾക്കു മരുന്നുകഴിക്കുന്നവർ വെളുത്തുളളി എത്രത്തോളം അളവിൽ പതിവായി ഉപയോഗിക്കാം എന്നതു സംബന്ധിച്ച് കൺസൾട്ടിംഗ് ഡോക്ടറുടെ ഉപദേശം തേടാവുന്നതാണ്.