ഇന്നത്തെ വിദ്യാർഥി സമൂഹത്തിന്റെ ഏറ്റവും വലിയ പേടിസ്വപ്നം വരാനിരിക്കുന്ന പരീക്ഷയെക്കുറിച്ചുള്ള ആകാംക്ഷയാണെന്നു കരുതപ്പെട്ടിരിക്കുന്നു. പരീക്ഷാഭയം വർധിച്ച് മാനസിക പ്രശ്നങ്ങൾ നിയന്ത്രിക്കാനാവാതെ നിസഹായാവസ്ഥയുടെ അലകടലിലേക്ക് എറിയപ്പെടുന്ന ധാരാളം വിദ്യാർഥികൾക്ക് ജീവിതം തന്നെ ഒരു ചോദ്യചിഹ്നമായി മാറുന്ന അവസ്ഥ ഇന്ന് നിലവിലുണ്ട്. എത്ര ശ്രമിച്ചിട്ടും പഠിക്കാനുള്ള കോൺസന്ട്രേഷൻ ലഭിക്കാതെ തന്റെ മാതാപിതാക്കളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ കഴിയുന്നില്ലല്ലോയെന്ന് വ്യാകുലപ്പെട്ട് തീവ്രമായ ആത്മനിന്ദയുടെ പാരമ്യതയിൽ ബ്ലേഡ് എടുത്ത് വെയിൻ മുറിക്കാൻ ശ്രമിച്ച ഒരു സാധു പെൺകുട്ടിയെ ചികിത്സിച്ചത് ഓർമയിൽ വരുന്നു.
പരീക്ഷാഭയം വിദ്യാർഥികളുടെ മനോശാരീരിക പ്രവർത്തനങ്ങളിൽ സമൂലമായ മാറ്റങ്ങൾ വരുത്തുന്നതായി അനേകം ഗവേഷണ പഠനങ്ങൾ തെളിയിക്കുന്നു. ഇത് അവരുടെ ചിന്താലോകത്ത് കൊടുങ്കാറ്റ് ഉണ്ടാക്കുകയും ശരീരത്തിന്റെ പ്രതിരോധ സംവിധാന ശേഷിയെത്തന്നെ ബലഹീനമാക്കുന്നതായും സൈക്കോ ന്യൂറോ ഇമ്മ്യൂണോളജിയിൽ നടന്ന അനേകം ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.
അടിക്കടിയുണ്ടാകുന്ന മാനസിക സമ്മർദം മൂലം പരീക്ഷയെഴുതാൻ പോകുന്ന കുട്ടികളുടെ ബയോളജിക്കൽ മാർക്കേഴ്സിൽ വരെ വ്യതിയാനങ്ങൾ സംഭവിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഇതവരുടെ രക്തത്തിൽ നിന്നു മാത്രമല്ല വായിൽ നിന്നും വരുന്ന തുപ്പലിൽ നിന്നുവരെ നോൺ ഇൻവെയ്സീവ് ആയി പരീക്ഷിച്ചറിയാൻ കഴിയുന്ന രീതിയിൽ ബയോ കെമിക്കൽ ചെയ്ഞ്ചസ് ഉണ്ടാകുന്നതായി ആധുനിക ബയോ ടെക്നോളജി സമർഥമായി കണ്ടെത്തിയിരിക്കുന്നു. പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാർഥികളിൽ കോർട്ടിസോൾ എന്ന സ്ട്രസ് ഹോർമോണിന്റെ അളവ് കൂടുന്നതായി കോർട്ടിസോൾ ഇമ്യൂണൈസി പരീക്ഷണങ്ങൾ വഴിതെളിയിച്ചിട്ടുണ്ട്.
പരീക്ഷയെന്നു കേൾക്കുന്പോൾ ഞെട്ടിവിറയ്ക്കുകയും ടെൻഷൻ മൂലം അതി ബുദ്ധിമതിയായിട്ടുകൂടി മനസിനെ ഏകാഗ്രമാക്കി പഠിക്കാൻ സാധിക്കാത്തതുകൊണ്ട് വിഷാദത്തിന്റെ ഇരുട്ടറകളിലേക്ക് വീണുപോയ ഒരു സാധു പെൺകുട്ടിയുടെ കേസ് ഇവിടെ പ്രതിപാദിക്കട്ടെ. പ്ലസ് ടുവിന് പഠിക്കുന്ന പെൺകുട്ടിയുമായി മാതാപിതാക്കൾ എന്നെ കാണാൻ വരുന്പോൾ തീവ്രദുഃഖത്തിലായിരുന്നു ആ കുടുംബം. കൺസൾട്ടേഷൻ റൂമിൽ കയറി വന്നപാടെ മാതാപിതാക്കൾ തിടുക്കത്തിൽ അവളുടെ മാനസിക പ്രശ്നങ്ങൾ പറഞ്ഞുതുടങ്ങി. അതു ഞങ്ങളുടെ മൂത്തമകളാണ്. അവൾ ബുദ്ധിമതിയാണ്. നന്നായി പഠിക്കുന്നുണ്ട്. എന്നാൽ പരീക്ഷ അടുത്തു വരുന്തോറും അവൾക്കു വല്ലാത്ത പേടിയാണ്. ഏറെനാൾ കഷ്ടപ്പെട്ടു പഠിച്ച കാര്യങ്ങളെല്ലാം പരീക്ഷ നടക്കുന്പോഴേക്കും മറന്നു പോകുന്നു എന്നതാണ് അവളുടെ പ്രശ്നം. പഠിക്കാൻ ശ്രദ്ധ കിട്ടുന്നില്ല. ചിന്തകൾ കൂടി വരുന്നു. പരീക്ഷ നന്നായി എഴുതാൻ കഴിയുമോ എന്ന ചിന്ത കാരണം നെഞ്ചിടിപ്പു കൂടുന്നു. കൈയും കാലും വിറയ്ക്കുന്നു. പരീക്ഷാഹാളിലേക്ക് കയറിപ്പോകുന്നത് ഓർക്കുന്പോൾത്തന്നെ തലകറക്കം തോന്നും. ഉള്ളം കൈയും ഉള്ളംകാലും തണുത്തു വിറങ്ങലിക്കും. അങ്ങനെ നീളുന്നു അവളുടെ പ്രശ്നങ്ങൾ.
ഇതൊക്കെ കേൾക്കുന്പോൾ ഏറെ പ്രതീക്ഷയോടെ അവളെ പഠിപ്പിച്ചുകൊണ്ടുവരുന്ന ഞങ്ങളുടെ തലയിൽ ഇടിത്തീ വീണപോലെ തോന്നും. നിനക്ക് തല്ലുകൊള്ളാത്തതിന്റെ അസുഖമാണെന്നും അഹങ്കാരമാണെന്നുമൊക്കെ പറഞ്ഞ് അവളുടെ അമ്മ അവളെ എപ്പോഴും കുറ്റപ്പെടുത്തും. പക്ഷേ അതുകൊണ്ടൊന്നും അവളുടെ പ്രശ്നത്തിനു പരിഹാരമായില്ല. എന്തെങ്കിലും ശാരീരിക അസുഖമാണോ എന്നറിയാൻ ഞങ്ങൾ അവളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.
ഫിസിഷനെ കാണിച്ചിരുന്നു. പരിശോധനകൾക്കുശേഷം അവൾക്കു യാതൊരു അസുഖവുമില്ലെന്നും ഇതു വെറും ടെൻഷനാണെന്നും ഡോക്ടർ പറഞ്ഞു. അദ്ദേഹത്തിന്റെ നിർദേശമനുസരിച്ച് ഒന്നു രണ്ടു കൗൺസലർമാരെ കാണിച്ചു. കൗൺസലിംഗ് നടത്തി. പക്ഷേ, ഉദ്ദേശിച്ച ഫലം കണ്ടില്ല. ഇതു പരീക്ഷയിൽ നിന്നു രക്ഷപ്പെടാനുള്ള ഒരു അടവാണെന്നു തോന്നിയതിനാൽ ഞങ്ങൾ അവളെ വഴക്കുപറഞ്ഞു. പരീക്ഷ വളരെ അടുത്തു വന്നിട്ടും പഠിക്കാതെ ഉറങ്ങുന്നതുകണ്ട് ഒരു ദിവസം ഞങ്ങൾ അവളെ വഴക്കുപറഞ്ഞപ്പോൾ അവൾ മുറിയിൽക്കയറി ബ്ലേഡുകൊണ്ട് ഞരന്പ് മുറിയ്ക്കാൻ ശ്രമിച്ചു. കാരണം തിരക്കിയപ്പോൾ തന്റെ വിഷമം ആരും മനസിലാക്കുന്നില്ലെന്നും അതുകൊണ്ട് മരിക്കുന്നതാണ് നല്ലതെന്നു തോന്നിയതായും അവൾ പറഞ്ഞു.
അപ്പോൾ മാത്രമാണ് ഇത് എന്തോ ഗൗരവമായ മാനസിക പ്രശ്നമാണെന്ന സംശയം ഞങ്ങൾക്കുണ്ടായത്. അതിൽ പിന്നെ ഞങ്ങൾ അവളെ വഴക്കുപറയാറേയില്ല. ഇപ്പോൾ അവളുടെ ക്ലാസ് ടീച്ചറിന്റെ നിർബന്ധപ്രകാരമാണ് ഞങ്ങൾ അങ്ങയെ കാണാൻ വന്നത്. ഇത് മാറ്റിയെടുക്കുന്നതിനു മനഃശാസ്ത്രത്തിൽ എന്തോ പുതിയ ചികിത്സയുണ്ടെന്നും അവളുടെ ചിന്തകൾ മാറ്റാൻ ഹിപ്നോട്ടിസം വഴി സാധിക്കുമെന്നും ടീച്ചർ പറഞ്ഞപ്പോൾ എല്ലാ പ്രതീക്ഷകളും നശിച്ചിരുന്ന ഞങ്ങൾക്ക് വലിയ ആശ്വാസമായി. അവളെ എങ്ങനെയെങ്കിലും സുഖപ്പെടുത്തണമെന്ന് അപേക്ഷിച്ച മാതാപിതാക്കളെ പുറത്തിരുത്തിയശേഷം ആ കുട്ടിയുടെ മനോനിലയും വ്യക്തിത്വ തകരാറുകളും ഞാൻ ആഴത്തിൽ പഠിച്ചു.
ബാല്യം മുതൽ വീട്ടിൽ നിലനിന്നിരുന്ന കലഹങ്ങൾ സൃഷ്ടിച്ച അരക്ഷിത ബോധമാണ് അവളുടെ വ്യക്തിത്വത്തിൽ ഇത്രയേറെ തകരാറുണ്ടാക്കിയതെന്ന് എനിക്കു ബോധ്യമായി. സ്വന്തം ദാന്പത്യജീവിതത്തിലെ അസംതൃപ്തി മുഴുവൻ അടിച്ചമർത്തിയ അവളുടെ അമ്മയുടെ ഈർഷ്യയും ദേഷ്യവുമെല്ലാം തന്റെ മകളിലേക്കു കുറ്റപ്പെടുത്തലായി പ്രവഹിച്ചപ്പോൾ നിസഹായയായി ഉത്കണ്ഠയിലും മറ്റും അഭയം തേടേണ്ടിവന്ന ആ സാധു പെൺകുട്ടിയുടെ വൈകാരികലോകം സംഘർഷ ഭൂമിയായി മാറിയതെങ്ങനെയെന്നു മനഃശാസ്ത്ര പരിശോധനയിലൂടെ അറിയാൻ കഴിഞ്ഞു.
സമുദ്രത്തിലെ തിരമാലകൾ പോലെ അവളുടെ മനസിൽ അലയടിയ്ക്കുന്ന ഉത്കണ്ഠകളെ അടക്കി വിശ്രാന്തിയുടെ ശാന്തിതീരങ്ങളിലേക്ക് ആനയിക്കുന്നതിനു ക്ലിനിക്കൽ സൈക്കോളജിയിലെ വിപ്ലവാത്മക ചികിത്സയായ ബിഹേവിയർ തെറാപ്പിയും കംപ്യൂട്ടറൈസ്ഡ് ബയോ ഫീഡ് ബാക്ക് ടെക്നോളജിയും സമന്വയിപ്പിച്ച് ചികിത്സ നൽകി. പ്രോഗ്രസീവ് മസിൽ റിലാക്സേഷൻ തെറാപ്പി അവൾ നിരന്തരം പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയപ്പോൾ സ്വച്ഛന്ദനാഡീവ്യൂഹത്തിന്റെ അമിത പ്രതികരണങ്ങളായ നെഞ്ചിടിപ്പും വിറയലുമെല്ലാം പടിപടിയായി കുറയ്ക്കാൻ കഴിഞ്ഞു. ടെന്പറേച്ചർ സെൻസർ (തെർമിസ്റ്റർ) കൈവിലുകളിൽ ഘടിപ്പിച്ചുകൊണ്ട് കംപ്യൂട്ടർ സ്ക്രീനുകളിൽ തെളിഞ്ഞു വരുന്ന വൈകാരിക ഫീഡ് ബാക്കിനെ വേർതിരിച്ചു മനസിലാക്കി. ടെൻഷൻ കുറയ്ക്കാൻ പരിശീലനം നൽകുന്ന ക്ലിനിക്കൽ സൈക്കോളജിയിലെ ടെന്പറേച്ചർ ബയോഫീഡ് ബാക്ക് ഉപകരണത്തിന്റെ സഹായത്തോടെ അവളുടെ തണുത്ത കൈകളിൽ ചൂട് ഉയർത്താൻ കഴിഞ്ഞപ്പോൾ വിസ്മയം കലർന്ന സന്തോഷത്താൽ അവളുടെ കണ്ണുകൾ വിടരുന്നത് ഈ മനഃശാസ്ത്രജ്ഞനും കൗതുക പൂർവം വീക്ഷിക്കാനായി.
നോക്കൂ! മനുഷ്യമനസിന്റെ ചിന്തകൾ മനുഷ്യരുടെ ജൈവഘടനയിൽ വരെ വരുത്തുന്ന ന്യൂറോപ്ലാസ്റ്റിക് വ്യതിയാനത്തിന്റെ മാസ്മരിക ശക്തി എത്ര അദ്ഭുതകരമാണെന്ന്. അടിസ്ഥാന ഭയത്തിന്റെ തീവ്രതയും സങ്കീർണതയും നിർവീര്യമാക്കിയ ശേഷം സിസ്റ്റമാറ്റിക് ഡിസെൻസൈറ്റേഷൻ ചികിത്സയിലൂടെ അവളുടെ പരീക്ഷാഭയം പടിപടിയായി കുറയ്ക്കാൻ അനായാസം കഴിഞ്ഞു. ഇന്ന് അവൾ ഉത്കണ്ഠയോടു വിട പറഞ്ഞു. പരീക്ഷയെ നേരിട്ടു വിജയകരമായി ജീവിതത്തെ അഭിമുഖീകരിക്കുന്നു. പരീക്ഷ ഒരു പേടിസ്വപ്നമായി ഉത്കണ്ഠയുടെ ലോകത്ത് സകല ഊർജവും നശിപ്പിച്ചു നിരാശരായി കഴിയുന്ന അനേകം യുവതീ യുവാക്കൾ പ്രശ്ന പരിഹാരത്തിന്റെ ശാസ്ത്രീയ വഴികൾ അറിയാതെ നമുക്കുചുറ്റം നട്ടം തിരിയുന്നവരാണ്. അങ്ങനെയുള്ളവർ മനഃശാസ്ത്രത്തിൽ വേണ്ടത്ര ബിരുദമില്ലാത്ത വ്യാജകൗൺസലർമാരെ സമീപിച്ചു നിരാശയിൽ നിപതിക്കുന്നതായി അറിയുന്നു. ആധുനിക മനഃശാസ്ത്രത്തിന്റെ മഹത്തായ സംഭാവനയായ ബിഹേവിയർ തെറാപ്പിയിലൂടെ പരീക്ഷാഭയങ്ങളെല്ലാം പരിഹരിക്കാൻ അനായാസം സാധിക്കുമെന്ന് അങ്ങനെയുള്ളവർ അറിഞ്ഞിരിക്കണം.
ഡോ.ജോസഫ് ഐസക്,
(റി. അസിസ്റ്റൻറ് പ്രഫസർ ഓഫ് ക്ലിനിക്കൽ സൈക്കോളജി, മെഡിക്കൽ കോളജ്) കാളിമഠത്തിൽ, അടിച്ചിറ റെയിൽവേ ക്രോസിനു
സമീപം, തെളളകം പി.ഒ.കോട്ടയം 686 016
ഫോണ് നന്പർ 9847054817
www.drjosephisaac.com