പോഷകക്കുറവ്, വ്യായാമക്കുറവ്, മാനസിക സംഘർഷങ്ങൾ, അമിത ഉത്കണ്ഠ തുടങ്ങിയവ പ്രതിരോധശേഷി ദുർബലമാക്കുന്നു. ജീവിതശൈലിയിലും ആഹാരക്രമത്തിലും ശ്രദ്ധിച്ചാൽ പ്രതിരോധ സംവിധാനത്തിന്റെ കരുത്തുകൂട്ടാം.
ജീവിതശൈലി, ആഹാരക്രമം
ജീവിതശൈലിയിലും ആഹാരക്രമത്തിലും ചിലതു ശ്രദ്ധിച്ചാൽ ശരീരത്തിന്റെ പ്രതിരോധ സംവിധാനം ഫലപ്രദവും കാര്യക്ഷമവുമാകും.
* തുമ്മുന്പോഴും ചുമയ്ക്കുന്പോഴും മൂക്കും വായും ടിഷ്യു പേപ്പറോ ടവ്വലോ ഉപയോഗിച്ചു മറയ്ക്കുക. തൂവാല ഇല്ലാത്ത സാഹചര്യത്തിൽ കൈമടക്കുകളിലേക്കോ മറ്റു വസ്ത്രഭാഗങ്ങളോ തുമ്മുക. രോഗാണുക്കൾ വായുവിലെത്തുന്നതു പരമാവധി ഒഴിവാക്കണം.
* പുക വലിക്കരുത്; പരോക്ഷപുകവലിയും
ആരോഗ്യത്തിനു ഹാനികരം.
* മദ്യപിക്കരുത്. വ്യായാമം ശീലമാക്കണം.
* ജൈവരീതിയിൽ വിളയിച്ച പഴങ്ങളും പച്ചക്കറികളും ശീലമാക്കണം
* ശരീരഭാരം അമിതമാകരുത്.
* രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയുടെ തോതും നിയന്ത്രിതമാക്കണം.
* മുട്ട, മാംസം, മീൻ തുടങ്ങിയവ മതിയായ താപനിലയിൽ വേവിച്ചു കഴിക്കണം.
* എണ്ണ, ഉപ്പ്, പഞ്ചസാര എന്നിവ മിതമായി മാത്രം
* കൈകൾ സോപ്പ് തേച്ചുകഴുകണം.
* കൊഴുപ്പു കുറഞ്ഞ വിഭവങ്ങൾ കഴിക്കണം.
ഡയറ്റും പ്രതിരോധശക്തിയും
ആഹാരക്രമത്തിനു(ഡയറ്റ്) പ്രതിരോധ വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിൽ കാര്യമായ പങ്കുണ്ട്.
ബിപി നിയന്ത്രണത്തിനു വെളുത്തുള്ളി
* വെളുത്തുളളിക്കു രോഗപ്രതിരോധശക്തി നല്കുന്നതിൽ മുന്തിയ കഴിവാണുളളത്. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയ്ക്കെതിരേ പോരാടാനുളള ശേഷി വെളുത്തുളളിക്കുണ്ടെന്നു
ലബോറട്ടറി പരീക്ഷണങ്ങളുടെ പിൻബലത്തോടെ ഗവേഷകർ
പറയുന്നു.
* കാൻസർ നിയന്ത്രിതമാക്കുന്നതിനും വെളുത്തുളളി സഹായകമെന്നു പഠനം.
* ജലദോഷം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് തുടങ്ങിയ രോഗങ്ങൾ
തടയുന്നതിനും വെളുത്തുളളി സഹായകം.
* രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിതമാക്കുന്നതിനും വെളുത്തുളളി ഫലപ്രദം.
ജൈവപച്ചക്കറികൾ ആരോഗ്യജീവിതത്തിന്
പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉൾപ്പെടുത്തിയ ആഹാരക്രമം പ്രതിരോധശക്തി മെച്ചപ്പെടുത്തും..
* അവയിലുളള വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡൻറുകളും രോഗാണുക്കളെ തുരത്താനുളള ശേഷി മെച്ചപ്പെടുത്തുന്നു.
* എന്നാൽ, ജൈവരീതിയിൽ വിളയിച്ച പച്ചക്കറികളാണ് ആരോഗ്യജീവിതത്തിനു വേണ്ടത്. പച്ചയ്ക്കും ജ്യൂസാക്കി കഴിക്കാനും സുരക്ഷിതം ജൈവരീതിയിൽ വിളയിച്ചവതന്നെ. കാരറ്റ് ജ്യൂസാക്കി കഴിക്കാം.
* കാരറ്റിലുളള ബീറ്റ കരോട്ടിനെ ശരീരം വിറ്റാമിൻ എ ആയി മാറ്റുന്നു. വിറ്റാമിൻ എ രോഗപ്രതിരോധ വ്യവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്.
* അന്യപദാർഥങ്ങളിൽ നിന്നു ശരീരത്തെ സംരക്ഷിക്കുന്ന വെളുത്ത രക്തകോശങ്ങളുടെ പ്രവർത്തനമികവിനും വിറ്റാമിൻ എ സഹായകം.
* ഓറഞ്ച്, മുന്തിര, നാരങ്ങ തുടങ്ങിയവയിലുളള വിറ്റാമിൻ സി എന്ന ആന്റിഓക്സിഡൻറ് ഫ്രീ റാഡിക്കലുകളിൽ നിന്നു ശരീരകോശങ്ങളെസംരക്ഷിക്കുന്നു.
ശരീരത്തിൽ കടന്നുകൂടുന്ന രോഗകാരികളായ അന്യപദാർഥങ്ങളാണ് ആന്റിജനുകൾ. അവയെ നശിപ്പിക്കുന്ന ആൻറിബോഡികളുടെ ഉത്പാദനത്തിന് വിറ്റാമിൻ സി സഹായകം. വിറ്റാമിൻ എയും സിയും അടങ്ങിയ പച്ചക്കറികളും രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു.
തേൻ ആന്റിഓക്സിഡന്റാണ്
* തേൻ കഴിക്കുന്നതു പ്രതിരോധശക്തി മെച്ചപ്പെടുത്തും.
തേൻ ആന്റിഓക്സിഡറാണ്. * മൈക്രോബുകൾ, ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയെ തടയുന്നു. ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. * തൊണ്ടപഴുപ്പ്, ചുമ, മുറിവുകൾ, പൊളളൽ തുടങ്ങിയവ സുഖപ്പെടുത്തുന്നു. * തേനിനൊപ്പം ഇഞ്ചിനീരു ചേർത്തു കഴിക്കുന്നതും ഗുണപ്രദം.
ഇഞ്ചി കൊളസ്ട്രോൾ വരുതിയിലാക്കാൻ
ഫ്രീ റാഡിക്കലുകളെ തുരത്തി കോശങ്ങളെ സംരക്ഷിക്കുന്ന ആൻറിഓക്സിഡൻറ്ഗുണം ഇഞ്ചിക്കുണ്ട്. അണുബാധ തടയുന്നു. മൈക്രോബുകൾ, ബാക്ടീരിയ എന്നിവയെ തടയുന്നതിനും ഇഞ്ചി ഫലപ്രദം. ആമാശയ ആരോഗ്യം നിലനിർത്തുന്നതിനും ഇഞ്ചി സഹായകം.
തൊണ്ടവേദനയകറ്റുന്നതിനു ഫലപ്രദം. കൊളസ്ട്രോൾ കുറയ്ക്കുന്നു. ഇഞ്ചിനീരും തേനും ചേർത്തു കഴിക്കുന്നതു പ്രതിരോധശക്തി മെച്ചപ്പെടുത്തും. ചായ തയാറാക്കുന്പോൾ അല്പം ഇഞ്ചി കൂടി ചതച്ചുചേർക്കുന്നത് ഉത്തമം. ഇഞ്ചി ചേർത്ത ചായ രോഗപ്രതിരോധസംവിധാനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തും.
തൈര് ആമാശയത്തിന്റെ ആരോഗ്യത്തിന്
* തൈരിലുളള ബൈഫിഡോ ബാക്ടീരിയം ലാക്റ്റിസ് എന്ന മിത്ര ബാക്ടീരിയ പ്രതിരോധ വ്യവസ്ഥയിലെ കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. വൈറസ്, ഉപദ്രവകാരികളായ ബാക്ടീരിയ എന്നിവയ്ക്കെതിരേയുളള പോരാട്ടങ്ങൾക്കു കരുത്തുപകരുന്നു. അവശ്യംവേണ്ട പോഷകങ്ങൾ വലിച്ചെടുക്കുന്നതിനും മിത്ര ബാക്ടീരിയം ശരീരത്തിനു സഹായകം.
* തൈര് ശീലമാക്കിയാൽ കുടലിൽ അണുബാധയ്ക്കുളള സാധ്യത കുറയ്ക്കാം. വിവിധതരം വൈറസ് അണുബാധ തടയാം. ദഹനം മെച്ചപ്പെടുത്താം.
ഗ്രീൻ ടീ യുവത്വം നിലനിർത്താൻ
ഗ്രീൻ ടീ ശീലമാക്കുന്നതും രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തും. പോളിഫീനോൾസ് എന്നറിയപ്പെടുന്ന ആൻറി ഓക്സിഡൻറുകൾ ഗ്രീൻടീയിൽ സമൃദ്ധം. പ്രത്യേകിച്ചും എപി ഗാലോ കേയ്റ്റ് ചിൻ 3 ഗാലേറ്റ് - ഇജിസിജി- എന്ന ആൻറി ഓക്സിഡൻറ്. ഗ്രീൻ ടീയുടെ ആരോഗ്യഗുണങ്ങൾക്കു പിന്നിൽ അതിനുളള പങ്ക് ചില്ലറയല്ല. ഗ്രീൻ ടീ ശരീരത്തിനു കൂടുതൽ ഉൗർജം നല്കുന്നു. രക്തസഞ്ചാരം മെച്ചപ്പെടുത്തുന്നു. ക്ഷീണമകറ്റുന്നു. ശരീരത്തിലെ അമിത കൊഴുപ്പ്, അമിതഭാരം, കുടവയർ എന്നിവ കുറയ്ക്കുന്നതിനും സഹായകം.
* ഗ്രീൻ ടീ ശീലമാക്കിയാൽ രക്തസമ്മർദം നിയന്ത്രിതമാക്കാം. സ്ട്രോക് സാധ്യത കുറയ്ക്കാം. ഹൃദയാരോഗ്യം മെച്ചപ്പെടുത്താം.
* ശ്വാസത്തിലെ ദുർഗന്ധം, അതിസാരം, ദഹനക്കേട്, പനി, ചുമ തുടങ്ങിയവ തടയുന്നു. ഫംഗസ് രോഗങ്ങളിൽ നിന്നു സംരക്ഷണം നല്കുന്നു.
* പതിവായി ഗ്രീൻ ടീ കഴിക്കുന്നത് യുവത്വം നിലനിർത്തുന്നതിനും സഹായകം. ഗ്രീൻ ടീയിൽ വിറ്റാമിൻ എ, ബി1, ബി2, ബി3, സി, ഇ തുടങ്ങിയ പോഷകങ്ങളുമുണ്ട്.
* കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ ഗ്രീൻ ടീയ്ക്കു കഴിവുളളതായി പഠനറിപ്പോട്ട്. കുടൽ, പാൻക്രിയാസ്, ആമാശയം, മൂത്രാശയം, ശ്വാസകോശം, സ്തനം, പ്രോസ്റ്റേറ്റ് എന്നിവിടങ്ങളിലെ കാൻസർസാധ്യത കുറയ്ക്കുന്നു.
ആരോഗ്യമുളള കോശങ്ങൾക്കു കേടുപാടു വരുത്താതെ കാൻസർ കോശങ്ങളെ മാത്രം നശിപ്പിക്കാനുളള ശേഷി ഇവയ്ക്കുണ്ട്. ഗ്രീൻ ടീയിലെ ആൻറി ഓക്സിഡൻറുകളാണ് ഇവിടെ തുണയാകുന്നത്. പക്ഷേ, ഗ്രീൻ ടീയിൽ പാലൊഴിച്ചു കഴിച്ചാൽ ഫലം കുറയും.