വിറ്റാമിനുകളായ എ, സി, ഇ, ധാതുക്കളായ പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പർ, ഫോസ്ഫറസ്, നാരുകൾ എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് മാന്പഴം. പ്രീ ബയോട്ടിക് ഡയറ്ററി നാരുകൾ, പോളി ഫീനോളിക് ഫ്ളേവനോയ്ഡ് ആന്റി ഓക്സിഡൻറ് സംയുക്തങ്ങൾ എന്നിവയും മാന്പഴത്തിലുണ്ട്. 1000ൽപ്പരം മാന്പഴ ഇനങ്ങളുണ്ട്. ഒരു കപ്പ് മാന്പഴത്തിൽ (225 ഗ്രാം) വിറ്റാമിൻ സി 76 ഉം വിറ്റാമിൻ എ 25 ഉം പ്രോബയോട്ടിക് ഫൈബർ 9 ഉം പൊട്ടാസ്യം 7 ഉം ശതമാനം വീതം അടങ്ങിയിരിക്കുന്നു.
ചർമാരോഗ്യത്തിന് മാന്പഴം
മാന്പഴത്തിൽ ധാരാളമുളള വിറ്റാമിൻ സിയും മറ്റ് ആന്റി ഓക്സിഡൻറുകളും ചർമത്തിന്റെ സ്വാഭാവിക തിളക്കവും ആരോഗ്യവും മെച്ചപ്പെടുത്തുന്നു. ഒപ്പം വിറ്റാമിൻ എയും ബീറ്റാ കരോട്ടിനും ചർമത്തിനു ഭംഗിയും മൃദുത്വവും നല്കി യൗവനം നിലനിർത്തുന്നു. മുഖക്കുരു, കറുത്ത പാടുകൾ, കുരുക്കൾ തുടങ്ങിയവ കുറയ്ക്കുന്നു. ചർമത്തിൽ സ്വാഭാവിക ഈർപ്പം നിലനിർത്തുന്നതിനും സഹായകം. മാന്പഴത്തിലുളള ആന്റി ഓക്സിഡന്റുകൾ ചർമകോശങ്ങളിൽ അടിയുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കി കാൻസർ സാധ്യത കുറയ്ക്കുന്നു. മുടിയുടെ ആരോഗ്യത്തിനും മാന്പഴം സഹായകം. അതിലുള്ള വിറ്റാമിൻ എ താരനെതിരേ പൊരുതുന്നു. അതിലുളള വിറ്റാമിൻ ഇ തലയോട്ടിയിലെ രക്തസഞ്ചാരം മെച്ചപ്പെടുത്തുന്നു, മുടിവളർച്ച കൂട്ടുന്നു.
ആന്റിഓക്സിഡന്റുകൾ കാൻസറുകൾ തടയുന്നതിന് മാന്പഴത്തിലുളള ആന്റി ഓക്സിഡന്റ് സംയുക്തങ്ങൾ വിവിധതരം കാൻസർ സാധ്യത കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്. കുടൽ, സ്തനങ്ങൾ, പ്രോസ്റ്റേറ്റ്, ചർമം, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന കാൻസർ, ലുക്കേമിയ എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നതിനു മാന്പഴം ഗുണപ്രദമെന്നു ഗവേഷണം. ഒപ്പം അതിലുളള നാരുകൾക്കും വിറ്റാമിൻ സിയ്ക്കും കാൻസറിനെതിരേ പോരാടാനുളള കരുത്തുണ്ട്. മാന്പഴത്തിലുളള കാൻസർ വിരുദ്ധ സംയുക്തങ്ങൾ ആരോഗ്യമുളള സാധാരണ കോശങ്ങളെ ഒഴിവാക്കി ദോഷകരമായ കാൻസർ കോശങ്ങളെ മാത്രം നശിപ്പിക്കുന്നതായി പഠനങ്ങളുണ്ട്.
രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിന്
മാന്പഴത്തിലുളള വിറ്റാമിൻ എ പ്രതിരോധശക്തിക്കു പ്രധാനം. ചർമം, മ്യൂകോസൽ സ്തരങ്ങൾ എന്നിവയുടെ ആരോഗ്യത്തിനും ബാക്ടീരിയ, ഫംഗസ് എന്നിവയെ തടയുന്നതിനും സഹായകം. വിറ്റാമിൻ സിയും ചർമാരോഗ്യം സംരക്ഷിക്കുന്നു. രോഗാണുക്കളുടെ നുഴഞ്ഞുകയറ്റം തടയുന്നു. രക്തകോശങ്ങളുടെ ഉത്പാദനം വർധിപ്പിച്ച് രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. കൂടാതെ മാന്പഴത്തിലുളള 25ൽപ്പരം കരോട്ടിനോയ്ഡുകളും പ്രതിരോധത്തിനു ഗുണകരം. പ്രതിരോധശക്തി മെച്ചപ്പൊൽ പനി, ജലദോഷം, അണുബാധ എന്നിവയെ അകറ്റിനിർത്താം.
ജീവിതശൈലീരോഗങ്ങളിൽ നിന്നു രക്ഷ
കൊളസ്ട്രോൾ ആരോഗ്യകരമായ തോതിൽ നിലനിർത്താം; മാന്പഴം ശീലമാക്കിയാൽ. അതിൽ ധാരാളമുളള വിറ്റാമിൻ സി, പെക്റ്റിൻ, നാരുകൾ എന്നിവ രക്തത്തിലെ ചീത്ത കൊളസ്ട്രോളായ എൽഡിഎൽ, ട്രൈ ഗ്ലിസറൈഡുകൾ എന്നിവയുടെ തോതു കുറയ്ക്കുന്നു. മാന്പഴത്തിൽ പൊട്ടാസ്യവും ഇഷ്ടംപോലെ. നാഡീവ്യവസ്ഥകളിലേക്കുളള രക്തപ്രവാഹം വർധിപ്പിക്കുന്നതിനും അതുവഴി ഹൃദയമിടിപ്പിന്റെയും രക്തസമ്മർദത്തിന്റെയും നിരക്ക് നിയന്ത്രിക്കുന്നതിനും പൊട്ടാസ്യം മുഖ്യപങ്കുവഹിക്കുന്നു. ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നതിനും സഹായകം.
കണ്ണുകളുടെ ആരോഗ്യത്തിന്
മാന്പഴം മാത്രമല്ല വിറ്റാമിൻ എ അടങ്ങിയ എല്ലാ ഫലങ്ങളും കണ്ണുകളുടെ ആരോഗ്യത്തിനു മുതൽക്കൂട്ടാണ്. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും കണ്ണുകളെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങളായ നിശാന്ധത, തിമിരം, മാകുലാർ ഡീജനറേഷൻ, കണ്ണുകളിലെ ജലാംശം നഷ്ടമാകൽ തുടങ്ങിയവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും വിറ്റാമിൻ എ അവശ്യം.
മാന്പഴത്തിലുളള ഫ്ളേവനോയ്ഡുകളായ ബീറ്റാ കരോട്ടിൻ, ആൽഫ കരോട്ടിൻ, ബീറ്റ ക്രിപ്റ്റോസാന്തിൻ എന്നിവ മികച്ച കാഴ്ചയ്ക്കു സഹായകം. ഒരു ദിവസം ശരീരത്തിന് ആവശ്യമായ വിറ്റാമിൻ സിയുടെ 25 ശതമാനം ഒരു കപ്പ് നുറുക്കിയ മാന്പഴത്തിലുണ്ടെന്നു വിദ്ഗ്ധർ പറയുന്നു. തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ നിലനിർത്തുന്നതിനും ഏകാഗ്രതയ്ക്കും മാങ്ങയിലെ ഗ്ലൂട്ടാമൈൻ ആസിഡ്, വിറ്റാമിൻ ബി6 എന്നിവ സഹായകമെന്നു ഗവേഷണഫലം.
നാരുകൾ സമൃദ്ധം
മാന്പഴത്തിൽ ധാരാളം നാരുകളുണ്ട്. ദഹനം സുഗമമാക്കുന്നതിനും മാലിന്യങ്ങൾ പുറന്തള്ളുന്നതിനും കുടലിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിനും നാരുകൾ സഹായകം. ക്രോണ്സ് രോഗം പോലെ ദഹനേന്ദ്രിയ വ്യവസ്ഥയിലെ രോഗങ്ങൾ തടയുന്നതിനും നാരുകൾ സഹായകമെന്നു ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
ആമാശയ അൾസർ, മലബന്ധം എന്നിവ തടയുന്നതിനും മാന്പഴം ഫലപ്രദം. ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റുകൾ പ്രോട്ടീൻ എന്നിവയെ വിഘടിപ്പിച്ച് ഉൗർജമാക്കുന്ന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനു മാന്പഴത്തിലുളള ചിലതരം എൻസൈമുകൾ സഹായകം. മാന്പഴത്തിലുളള ടാർടാറിക് ആസിഡ്, മാലിക് ആസിഡ്, ചെറിയ തോതിലുളള സിട്രിക് ആസിഡ് എന്നിവ ശരീരത്തിലെ ആൽക്കൈലൈൻ തോത് ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിനു സഹായകം. മെറ്റബോളിക് അസിഡോസിസ്, വൃക്കരോഗങ്ങൾ, അസ്ഥികൾ ദുർബലമാകൽ എന്നിവ തടയുന്നതിനും അതു സഹായകം.
കാർബൈഡ് മാന്പഴം വേണ്ട
ശുദ്ധമായ നാടൻ മാങ്ങ കഴിക്കണമെങ്കിൽ മുറ്റത്തു മാവിൻ തൈ നട്ടു നനയ്ക്കണം. രാസവസ്തുക്കൾ പ്രയോഗിച്ചു മൂപ്പെത്തും മുന്പേ പഴുപ്പിച്ച് വിപണിയിലെത്തിക്കുന്ന മാന്പഴം ആരോഗ്യത്തിനു ഗുണകരമല്ല. അത്തരം മാന്പഴം വില്ക്കുന്നതു നിരോധിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. കാൽസ്യം കാർബൈഡ് ഉപയോഗിച്ചു പഴുപ്പിച്ച മാങ്ങ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാകുന്നതായി പഠനങ്ങളുണ്ട്.
അതിർത്തി കടന്നെത്തുന്ന വാഹനങ്ങൾ പരിശോധിച്ച് കാൽസ്യം കാർബൈഡ് ഉപയോഗിച്ചു പഴുപ്പിച്ച മാന്പഴം കടത്തുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഗവൺമെന്റ് ഡിപ്പാർട്മെന്റുകൾ ശ്രദ്ധിക്കുന്നുണ്ട്. ഒപ്പം നമ്മളും ജാഗ്രത പുലർത്തണം. കീടനാശിനി ഉൾപ്പെടെയുള്ള രാസമാലിന്യ സാന്നിധ്യമുള്ള മാന്പഴം വിപണിയിലുണ്ടെന്നു ശ്രദ്ധയിൽപ്പെട്ടാൽ ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കണം.