സമൂഹത്തിലെ നല്ലൊരുഭാഗം മധ്യവയസ്കരിലും വൃദ്ധരിലും കണ്ടുവരുന്നൊരു പ്രശ്നമാണ് വൃഷണസഞ്ചിയിലെ ചൊറിച്ചിലും അനുബന്ധ പ്രശ്നങ്ങളും. സമൂഹമധ്യത്തിൽ പലപ്പോഴും അപഹാസ്യരാകുന്നുവെന്ന് മാത്രമല്ല മിക്കവരിലും ഉറക്കം നഷ്ടപ്പെടുകയും ചെയ്യും. അസുഖംമൂലം വിഷാദരോഗത്തിന് അടിമപ്പെടുന്നവരും കുറവല്ല. സ്ക്രോട്ടൽ ഡെർമറ്റൈറ്റിസ് എന്നാണ് ചർമരോഗ വിദഗ്ധന്മാർ ഇതിനെ വിളിക്കുന്നത്. നമ്മുടെ ശരീരത്തിൽ എവിടെയും സംഭവിക്കാവുന്ന സന്പർക്കം മൂലമുള്ള കോശജ്വലനം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.
കാരണങ്ങൾ എന്തൊക്കെ?
വൃഷണസഞ്ചിയിലോ ഇടുക്കുകളിലോ ചൊറിച്ചിലും തടിപ്പും അനുഭവപ്പെടുന്പോൾ മിക്കവരും അതിനെ പൂപ്പൽബാധയായി തെറ്റിദ്ധരിച്ച് അതിനെതിരേയുള്ള ലേപനങ്ങൾ സ്വയമേവ മരുന്നുകടകളിൽ നിന്ന് വാങ്ങിപ്പുരട്ടാറാണ് പതിവ്. ചില ഡോക്ടർമാരും പൂപ്പൽബാധയുടെ ഭാഗമായി ഈ അസുഖത്തെ തെറ്റിദ്ധരിക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്പോൾ പുരട്ടുന്ന ലേപനങ്ങൾകൊണ്ടുതന്നെ സന്പർക്കംമൂലമുള്ള കോശജ്വലനം സംഭവിക്കാനും രോഗം മൂർച്ഛിക്കാനും സാധ്യതയുണ്ടെന്ന് ഓർക്കുക. ഇന്ന് നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതലായി ദുരുപയോഗം ചെയ്യപ്പെടുന്ന ലേപനങ്ങളാണ് പൂപ്പൽ ബാധയ്ക്കെതിരേയുള്ളവയും അവയടങ്ങിയ ട്രിപ്പിൾ കോന്പിനേഷനുകളും. പ്രധാന കാരണങ്ങൾ താഴെപ്പറയുന്നവയാണ്.
1. മാനസിക സമ്മർദം.
2. സന്പർക്കം മൂലമുള്ള കോശജ്വലനം.
3. ആന്റി സെപ്റ്റിക്കുകളുടെ വ്യാപകമായ ദുരുപയോഗം.
4. ആന്റിബാക്ടീരിയൽ സോപ്പുകൾ ദീർഘകാലം ഉപയോഗിക്കുന്നതുകൊണ്ട്.
5. ഇറുകിയ അടിവസ്ത്രങ്ങളുടെ ഉപയോഗം.
6. അമിത വിയർപ്പ്.
7. ഉയർന്ന ചൂട്.
8. വ്യവസായശാലകളിൽ ജോലിചെയ്യുന്നവരുടെ ശരീരത്തിൽ എണ്ണ, ഗ്രീസ്, കോൾട്ടാർ എന്നിവ പതിക്കുന്നത് മൂലം.
9. ഗർഭനിരോധനത്തിനുപയോഗിക്കുന്ന ക്രീമുകളിൽ അടങ്ങിയിരിക്കുന്ന നോനോക്സിനോൾ - 9.
10. ഗർഭനിരോധന ഉറകളുടെ ഉപയോഗം.
11. ക്ലോറോക്സൈലിനോൾ, 4-ക്ലോറോ 3, 5 ഡൈമീതൈൽ ഫിനോൾ അടങ്ങിയ സോപ്പുകളുടെ ഉപയോഗം.
12. ബെൻസാൽക്കോണിയം, ട്രൈക്ലോസാൻ എന്നിവയടങ്ങിയ ലേപനങ്ങൾ.
13. റിബോഫ്ളാവിൻ, സിങ്ക്, നിക്കോട്ടിനിക് ആസിഡ് എന്നിവയുടെ അഭാവം.
വൃഷണസഞ്ചിയിലെ കോശജ്വലനം മുകളിൽ പറഞ്ഞ ഏതെങ്കിലുമൊരു കാരണം മൂലമാവാം. കോശജ്വലനംമൂലം നിരവധി രാസപദാർഥങ്ങൾ ചർമത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നു. അത് ചൊറിച്ചിലിന് കാരണമാകുന്നു. തത്ഫലമായി രോഗി വൃഷണസഞ്ചിയിൽ ശക്തമായി ചൊറിയുകയും ചെയ്യുന്നു. ചൊറിച്ചിലിനേക്കാൾ മനുഷ്യന് കൂടുതലായി സഹിക്കാൻ കഴിയുക വേദനയെയാണ്.
ആയതുകൊണ്ട് ചർമം ചൊറിഞ്ഞ് മുറിവുകൾ ഉണ്ടാക്കാനുള്ള മനോഭാവം രോഗിക്കുണ്ടാവുന്നു. മുറിവ് വീണ്ടും കോശജ്വലനത്തിനു കാരണമാകുന്നു. ഇത് ചാക്രികമായി പലതവണ ആവർത്തിക്കപ്പെടുന്നു. മുറിവുകളിൽനിന്ന് നീരൊലിപ്പുണ്ടാകാം. തുടർച്ചയായുള്ള ചൊറിച്ചിൽ ചർമം കട്ടിയാകുന്നതിനു കാരണമാകുന്നു. അതോടൊപ്പം ചർമത്തിൽ നീർക്കെട്ടുണ്ടാകുകയും വൃഷണസഞ്ചിയുടെ വലിപ്പം വർധിക്കുന്നതിനും കാരണമാകുന്നു.
വൃഷണസഞ്ചിയിലെ ചർമവും അതിനു താഴെയുള്ള കൊഴുപ്പുപടലവും വളരെ അയഞ്ഞ രീതിയിലാണ് സ്ഥിതിചെയ്യുന്നത്. ഇതു മൂലമാണ് നീർക്കെട്ട് ഉണ്ടാകുന്നത്.
രോഗലക്ഷണങ്ങൾ
പ്രധാന രോഗലക്ഷണങ്ങൾ താഴെപ്പറയുന്നവയാണ്.
1. അസഹനീയമായ ചൊറിച്ചിൽ
2. ചർമത്തിലെ നിറവ്യത്യാസം.
3. ചർമത്തിൽ ചെതുന്പലുകൾ പ്രത്യക്ഷപ്പെടുക.
4. ചർമത്തിലെ ചെറിയ വ്രണങ്ങളും നീരൊലിപ്പും.
5. ചർമത്തിലെ തടിപ്പ്.
6. രോമം കൊഴിഞ്ഞുപോകൽ.
7. വൃഷണസഞ്ചിയിലെ നീർക്കെട്ട് മൂലം വലിപ്പം വർധിക്കൽ.
സമാനരീതിയിൽ കാണപ്പെടുന്ന മറ്റ് ചർമരോഗങ്ങൾ
1. പേജറ്റ്സ് രോഗം.
2. ഓയിഡ്-ഓയിഡ് രോഗം.
3. ലൈക്കൻ സിംപ്ലക്സ് ക്രോണിക്കസ്.
4. സിഫിലിസ്
5. എറിത്രാസ്മ
6. എച്ച്ഐവി അണുബാധ
വൃഷണസഞ്ചിയിലെ കാൻസറിനെ കരുതിയിരിക്കണം
ദീർഘകാലമായുള്ള അസുഖം വൃഷണസഞ്ചിയിലെ കാൻസറിനു കാരണമാകാം. രോഗത്തെ അർഹിക്കുന്ന ഗൗരവത്തോടെ കാണാത്തവരിലും സ്വയംചികിത്സ നടത്തുന്നവരിലുമാണ് ഇത്തരം അവസ്ഥ സംജാതമാവുന്നത്. ഒരിക്കൽ ഡോക്ടറെ കാണിച്ചാൽ ആ മരുന്ന് കുറിപ്പടി ഉപയോഗിച്ച് ആജീവനാന്തകാലം സ്വയംചികിത്സ നടത്തുന്നവരും നമ്മുടെ നാട്ടിൽ സുലഭമാണ്. മുറിവൈദ്യന്മാർക്ക് തലവച്ചുകൊടുക്കുന്നവരും വിരളമല്ല.
ചികിത്സ
രോഗത്തിന്റെ കാരണമറിഞ്ഞ് ചികിത്സിക്കുക എന്നതാണ് പ്രധാനം. സ്വയംചികിത്സയ്ക്ക് മുതിരരുത്. ഒരു ചർമരോഗ വിദഗ്ധനെ സമീപിക്കുക. വീട്ടിലെ ഇലക്ട്രിക് ജോലികളും നിർമാണജോലികളും നാം അതിന്േറതായ വിദഗ്ധനെ ഏൽപിക്കുന്നതുപോലെയാണ് ചികിത്സയും.
വിവരങ്ങൾ -
ഡോ. ജയേഷ് പി.
സ്കിൻ സ്പെഷലിസ്റ്റ്, പന്തക്കൽ
ഫോൺ - 8714373299