തണുപ്പകറ്റാൻ നേപ്പാളിലെ റിസോർട്ട് മുറിയിൽ ഹീറ്റർ പ്രവർത്തിപ്പിച്ച് മയങ്ങുന്പോൾ എട്ടു മലയാളികൾ ശ്വാസംമുട്ടി മരിച്ചുവെന്ന വാർത്ത ഭയപ്പെടുത്തുന്നതാണ്. റിസോർട്ടുകളിലെയും മറ്റും ഹീറ്ററുകളുടെ കാലപ്പഴക്കവും ശുചീകരണത്തിലുണ്ടായ പാളിച്ചയുമാകാം ഇത്തരമൊരു ദുരന്തത്തിലേക്കു വഴിവച്ചതെന്നാണ് പ്രാഥമിക നിഗമനം. നേപ്പാളിലെ റിസോർട്ടിൽ നിശബ്ദ കൊലയാളിയായി മാറിയ കാർബൺ മോണോക്സൈഡ് എന്ന വിഷവാതകത്തെ പരിചയപ്പെടാം.
കാർബണും ഓക്സിജനും ചേർന്ന, നിറവും മണവും രുചിയുമില്ലാത്ത ഈ വാതകം ചെറിയതോതിൽപ്പോലും ശ്വസിച്ചാൽ കടുത്ത തലവേദന, ക്ഷീണം, ശരീരഭാരം കുറയുന്നതുപോലെ തോന്നൽ, ഛർദി, ശ്വാസതടസം, കാഴ്ച മങ്ങൽ, ബോധക്ഷയം എന്നിങ്ങനെയുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാകും. പ്രാരംഭ ലക്ഷണങ്ങള്‍ പകര്ച്ചപ്പനിയുടേതിനോ ഭക്ഷ്യവിഷബാധയുടേതിനോ തുല്യമായിരിക്കും. അഞ്ചുമുതല്‍ 20വരെ മിനിറ്റിനുള്ളില്‍ തലചുറ്റലോ മന്ദതയോ അനുഭവപ്പെടും.
ഉത്ഭവം
ഖര-ദ്രാവക-വാതക ഇന്ധനങ്ങൾ കത്തുന്പോഴുണ്ടാകുന്ന ഉൗർജത്തിൽ വ്യതിയാനം സംഭവിക്കുന്പോഴാണ് കാർബണ്‍ മോണോക്സൈഡ് ഉത്ഭവിക്കുന്നത്. പാചകവാതകവും ഫോസിൽ ഇന്ധനവും കത്തുന്ന പ്രക്രിയ പൂർണമല്ലാതെ വരുന്പോൾ കാർബണ്‍ ഡൈ ഓക്സൈഡും കാർബണ്‍ മോണോക്സൈഡും ബഹിർഗമിക്കും. കാലപ്പഴക്കമുള്ള ഉപകരണങ്ങളിൽനിന്നോ ചുറ്റും അടച്ചുമൂടിയ അന്തരീക്ഷത്തിൽ തീ കത്തിക്കുന്പോഴോ ഈ വിഷവാതകത്തിന്റെ സാന്നിധ്യമുണ്ടാകും.
ശരീരത്തിനുള്ളിൽ ചെന്നാൽ
അരുണ രക്താണുക്കൾ ജീവവായുവായ ഓക്സിജനൊപ്പം ശരീരത്തിനുള്ളിലെത്തുന്ന ഈ വാതകത്തെ വഹിച്ചുകൊണ്ടുപോകുന്നതോടെ നാഡീവ്യൂഹങ്ങളുടെ പ്രവർത്തനം തകരാറിലാകും. കണ്ണുപുകച്ചിലോ ചുമയോ ഉണ്ടാവില്ല. തലച്ചോറിലേക്കും ഹൃദയത്തിലേക്കുമുള്ള ഓക്സിജന്റെ തോത് കുറയുന്നതോടെ ബോധക്ഷയമുണ്ടാകും. മരണകാരണമാകുന്നു. ഉറക്കത്തിനിടയിലാണ് പലരുടെയും മരണം സംഭവിച്ചിട്ടുള്ളത്.
അപകടസാധ്യത
വീടിനുള്ളിൽ വായുസഞ്ചാരം പ്രധാനമാണ്. വീട്ടുപകരണങ്ങൾ പ്രവർത്തിക്കുന്പോൾ ജനാലകളും മറ്റും തുറന്നിടുക. എക്സോസ്റ്റ് ഫാൻ പ്രവർത്തിപ്പിക്കുക, ഗ്യാസ് അടുപ്പ്, ചൂടിനുവേണ്ടി മുറികളിൽ ഉപയോഗിക്കുന്ന ഹീറ്റർ, കുക്കർ എന്നിവ ഉപയോഗിക്കുന്പോഴും ശ്രദ്ധിക്കുക. മണമില്ലാത്ത വാതകമായതിനാൽ പാചകവാതകം പോലെ രൂക്ഷഗന്ധമുണ്ടാകില്ല. വീട്ടുപകരണങ്ങളിൽ ബ്രൗണ്‍, മഞ്ഞ നിറത്തിലുള്ള ചെളി അടിഞ്ഞുകൂടുന്നുണ്ടെങ്കിൽ കാർബണ്‍ മോണോക്സൈഡ് വായുവിൽ കലർന്നതായി അനുമാനിക്കാം.
പുക വലിക്കുന്നതും പുക ശ്വസിക്കുന്നതും ഒരേ പോലെ അപകടകരമാണ്. വിറകു കത്തുന്പോഴും ഗ്യാസ് സ്റ്റൗ പ്രവർത്തിപ്പിക്കുന്പോഴും തുണി ഉണക്കുന്ന ഉപകരണങ്ങൾ, വെള്ളം ചൂടാക്കാനുപയോഗിക്കുന്ന ഹീറ്റർ, തീ കായുന്ന ഇടങ്ങൾ, മോട്ടോർ വാഹനങ്ങൾ, ജനറേറ്ററുകൾ, ഗ്രില്ലിംഗ് മെഷീൻ, വിറക് ഉപയോഗിക്കുന്ന സ്റ്റൗ എന്നിവിടങ്ങളിലൊക്കെ കാർബണ്‍ മോണോക്സൈഡിന്റെ സാന്നിധ്യമുണ്ടാകും.
കാർബണ്‍ മോണോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തി അപായ സൂചന നല്കുന്ന ഗൃഹോപകരണങ്ങളുണ്ട്. ട്രാഫിക് കുരുക്കിൽപെട്ടാൽ വാഹനങ്ങളുടെ എക്സോസ്റ്റ് വിൻഡോ തുറന്ന് എസി പ്രവർത്തിപ്പിച്ചാലും അപടകമുണ്ടാകാം.