*മുലയൂട്ടുന്ന അമ്മമാർ മൈഗ്രേനുള്ള മരുന്നുകഴിക്കുന്നതു ദോഷമാണോ? ഇതു കുഞ്ഞിനെ ബാധിക്കുമോ? ദോഷമാണെങ്കിൽ മൈഗ്രേയ്ൻ വരുന്പോൾ ഗുളിക കഴിക്കാമോ?
കൊഴുപ്പും മാംസ്യവും അന്നജവും പ്രത്യേക അനുപാതത്തിൽ അടങ്ങിയിട്ടുള്ള ഒരു സമ്മിശ്രമാണ് മുലപ്പാല്.
മുലയൂട്ടുന്ന അമ്മ ഒരുദിവസം 600 മില്ലി ലിറ്റർ പാല് ഉത്പാദിപ്പിക്കുന്നു. ഈ അളവ് കുട്ടിക്ക് ആറുമാസം പ്രായമാകുന്പോൾ 800 മില്ലിലിറ്ററായി വർധിക്കുന്നു. ഒരു കുട്ടിയുടെ പോഷണത്തിന് അനിവാര്യമായ വിധത്തിൽ തന്നെയാണ് ഉത്പാദിപ്പിക്കുന്നത്.
ഒരു ഒൗഷധം പാലിലൂടെ സഞ്ചരിക്കുന്നത്, അതു കൊഴുപ്പിലലിയുന്നതാണോ, മാംസ്യത്തോട് പറ്റിപ്പിടിക്കുമോ, ആ തന്മാത്രയുടെ ഭാരമെത്രയാണ് തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ്. അമ്മ കഴിക്കുന്ന പല മരുന്നുകളുടെ അംശങ്ങൾ മുലപ്പാലിൽ കാണാനാവും.
സാധാരണയായി ആ അളവ് കുട്ടിക്കു ഹാനികരമല്ലാത്ത വിധത്തിലായിരിക്കും. മാതാവ് കഴിക്കുന്ന മരുന്നിന്റെ അളവിന്റെ 1-2 ശതമാനം മാത്രമാണ് കുട്ടിക്കും അനുവദിച്ചിട്ടുള്ളത്. അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് നിർദേശിക്കുന്ന പ്രകാരം മുലയൂട്ടുന്ന അമ്മമാർക്കു കൊടുക്കുന്ന മരുന്നുകളുടെ കാര്യത്തിൽ പ്രത്യേക നിബന്ധനകൾ നിഷ്കർഷിക്കുന്നുണ്ട്.
മുലയൂട്ടുന്ന അമ്മാമാരിലെ ഒൗഷധ വിനിയോഗം
* ഒട്ടും അനുവദിച്ചിട്ടില്ലാത്തവ
* അത്യാവശ്യമെങ്കിൽ താത്കാലികമായി മുലയൂട്ട് നിർത്തണം
* പ്രത്യാഘാതങ്ങളുടെ രൂക്ഷത കൊണ്ടും അതീവ ശ്രദ്ധയോടെ ഉപയോഗിക്കേണ്ട മരുന്നുകൾ
* കുട്ടികൾക്ക് ഹാനികരമല്ലാത്തവ
മുലയൂട്ടുന്ന അമ്മമാർക്ക് മരുന്നുകൊടുക്കുന്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത്
1. മരുന്ന് അത്യാവശ്യമാണോ?
2. അത്യാവശ്യമെങ്കിൽ ഹാനികരമല്ലാത്ത ഒൗഷധം ഉപയോഗിക്കുക (ഉദാ. ആസ്പിരിന് പകരം പാരസെറ്റാമോൾ)
3. കുട്ടിക്കു ഹാനികരമാകാവുന്ന ഒൗഷധമാണ് അമ്മയ്ക്കു കൊടുക്കുന്നതെന്നു തെളിഞ്ഞാൽ (ഉദാ. ഫെനിറ്റോയിൻ, ഫെനോബാർബിറ്റോൾ) കുട്ടിയുടെ രക്തത്തിലെ മരുന്നിന്റെ അളവ് തിട്ടപ്പെടുത്തണം.
4. കുട്ടിക്കുണ്ടാകുന്ന അപകടാവസ്ഥയുടെ വെളിച്ചത്തിൽ അത്യാവശ്യമില്ലാത്ത മരുന്നുകൾ മുലയൂട്ട് നിർത്തിയശേഷം മാത്രം തുടരുക.
മുലയൂട്ടുന്പോൾ കുട്ടികൾക്ക് കൊടുക്കാവുന്നതും അല്ലാത്തതുമായ മരുന്നുകൾ
മരുന്നുകൾ - മൂലയൂട്ടിനെ ബാധിക്കുന്ന രീതി
ആസ്പിരിൻ - ഹാനികരം
പാരസെറ്റാമോൾ - അപകടകരമല്ല
എൻഎസ്എഐസി (ഉദാ. ബ്രൂഫേൻ) -അപകടകരമല്ല
നാർക്കോട്ടിക് മരുന്നുകൾ - അപകടകരമല്ല
ബാർബിറ്ററേറ്റുകൾ - സൂക്ഷിക്കുക
ആന്റിഹിസ്റ്റമിനുകൾ - ഹാനികരം
ക്ലോർ പ്രോമാസിൻ -സൂക്ഷിക്കുക
എർഗോട്ടമിൻ -ഹാനികരം
സുമിസ്ട്രിപ്റ്റാൻ -സൂക്ഷിക്കുക
ബീറ്റാബ്ലോക്കർ - അപകടകരമല്ല
സ്റ്റിറോയിഡുകൾ -സൂക്ഷിക്കുക
കാർബമാസെപ്പിൻ -അപകടകരമല്ല
കാൽസ്യം ംബ്ലോക്കർ - അപകടകരമല്ല
മൈഗ്രേന്റെ ശാരീരിക സംവിധാനം എങ്ങനെ? വേദനയുടെ രീതി, സിരാതന്തുക്കളുമായുള്ള ബന്ധം തുടങ്ങിയവ വിശദമാക്കാമോ?
തലച്ചോറിൽ വേദന അനുഭവിച്ചറിയാനുള്ള സംവിധാനങ്ങളുണ്ടെങ്കിലും മസ്തിഷ്കത്തിന് സ്വയം വേദനാനുഭവമില്ല. അതിന്റെ പുറത്ത് തൊട്ടാലും മുറിച്ചാലും മസ്തിഷ്കം വേദനയ്ക്കതീതമായി സ്ഥിതി ചെയ്യുന്നു. എന്നാൽ ശരീരത്തിന്റെ ഇതര അവയവങ്ങളിലുണ്ടാകുന്ന സ്പർശം, വേദന തുടങ്ങിയവ അറിയാനുള്ള സിദ്ധി തലച്ചോറിനുണ്ട്. തലച്ചോറിനെ ആവരണം ചെയ്തിരിക്കുന്ന ഡ്യൂറാമേറ്റർ വേദന അറിയുന്ന തന്തുക്കളാൽ നിറഞ്ഞിരിക്കുന്നു. ഈ ഡ്യൂറാമേറ്ററിലുണ്ടാകുന്ന വീക്കമോ വലിച്ചിലോ വേദനയുണ്ടാക്കുന്നു. തലച്ചോറിന്റെ അടിഭാഗത്തുള്ള രക്തധമനികൾക്കുചുറ്റും വേദന അറിയുന്ന ധാരാളം തന്തുക്കളുണ്ട്.
ഈ രക്തധമനികൾക്കുണ്ടാകുന്ന വികാസ പരിവർത്തനങ്ങൾ തലവേദനയ്ക്കു കാരണമാകുന്നു. കഴുത്തിന്റെ പിൻഭാഗത്തും തലയുടെ പിറകിലും വേദന അനുഭവിച്ചറിയുന്ന നിരവധി തന്തുക്കൾ സുലഭമായുണ്ട്. ഇവയിൽനിന്നും തലവേദന ഉത്ഭവിക്കാം. തലയോട്ടിയുടെ പുറത്തുള്ള മാംസവ്യൂഹങ്ങൾ അസാധാരണമായി ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്പോൾ തലവേദന അനുഭവപ്പെടാം.
തലയോട്ടിക്കു ചർമത്തിൽ നിരവധി ധമനികൾ ഉണ്ട്. ഇവയെ പൊതിഞ്ഞ് വേദന അറിയുന്ന തന്തുക്കളുണ്ട്. ഈ ധമനികൾക്കും അതുവഴി തന്തുക്കൾക്കും ഏൽക്കുന്ന ആഘാതങ്ങൾ തലവേദനയിൽ കലാശിക്കാം.
ഡോ. ശുഭ ജോർജ് തയ്യിൽ MBBS, MIHS, MNHF(USA)
ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, വെണ്ണല, കൊച്ചി.