മൈഗ്രേൻ ഉണ്ടാകുന്നതിനു പിന്നിലെ ഉത്തേജകഘടകങ്ങൾ അഥവാ ട്രിഗറുകൾ പലതാണ്. ഓരോരുത്തരിലും കൊടിഞ്ഞി ഉണ്ടാകുന്നതിനു പിന്നിലെ സാഹചര്യങ്ങളും കാരണങ്ങളും വിഭിന്നമാണ്. ഒരാളിൽ മൈഗ്രൻ ഉണ്ടാകാനുള്ള അടിസ്ഥാനപരമായ പ്രവണതയുണ്ടെങ്കിൽ അത് പെട്ടെന്ന് തീവ്രമാകുന്നതും സവിശേഷതരം ട്രിഗറുകളുടെ സാന്നിധ്യത്തിലാണ്. ഗ്രിഗറുകളിൽ പ്രധാനപ്പെട്ടത് ആർത്തവം, സ്ട്രെസ്, തളർച്ച, കൂടുതൽ ഉറങ്ങുന്നതും കുറച്ച് ഉറങ്ങുന്നതും, വിശന്നിരിക്കുക, സമുദ്രനിരപ്പിൽനിന്ന് ഉയർന്ന സ്ഥലങ്ങളിൽ പോകുക, ദീർഘയാത്രകൾ, അമിതമായ പ്രകാശകിരണങ്ങൾ, ശബ്ദകോലാഹലങ്ങൾ, അമിതായാസം, ദീർഘനേരം ടിവി കാണുക, വെയിലത്തുനടക്കുക, ചിലതരം ഗന്ധങ്ങൾ, ലൈംഗികബന്ധം(രതിമൂർച്ഛ), ഋതുഭേദങ്ങൾ, പെർഫ്യൂമുകൾ, ചുമയ്ക്കുക തുടങ്ങിയവയാണ്.
ചിലതരം ഭക്ഷണ പദാർഥങ്ങളും മൈഗ്രേനുണ്ടാക്കുന്ന ട്രിഗറുകളാണ്. കൊടിഞ്ഞിയുണ്ടാകുന്നവരിൽ പത്തു ശതമാനം പേർക്കും ഇത്തരം ആഹാരപദാർഥങ്ങൾ വിനയാകുന്നു. ചോക്ലേറ്റുകൾ, ചീസ്, മദ്യം (പ്രത്യേകിച്ച് ചുവന്ന വൈൻ), നാരങ്ങ, കാപ്പിയിലെ കഫീൻ, ചൈനീസ് ഭക്ഷണത്തിൽ അടങ്ങിയിട്ടുള്ള അജിനോമോട്ടോ, നൈട്രേറ്റുകളും അസ്പ്പർട്ടേറ്റും അടങ്ങിയിട്ടുള്ള ഭക്ഷണപദാർഥങ്ങൾ തുടങ്ങിയവയെല്ലാം പല കാഠിന്യത്തിൽ മൈഗ്രേന് ഉത്തേജക ഘടകങ്ങളാകുന്നു.
ഓരോരുത്തർക്കും ഹാനികരമായ ട്രിഗറുകൾ കണ്ടുപിടിച്ച് അവയെ ഒഴിവാക്കുന്നതാണ് മൈഗ്രേനുള്ള ആദ്യ ചികിത്സാ പദ്ധതി. ഓരോ ദിവസവും ചെയ്യുന്ന ദിനചര്യകളുടെയും കഴിക്കുന്ന ഭക്ഷണങ്ങളുടെയും ലിസ്റ്റ് തയാറാക്കുക. പിന്നീട് കൊടിഞ്ഞി ഉണ്ടായ ദിവസങ്ങളിൽ എന്തൊക്കെ ചെയ്തുവെന്ന് കണ്ടുപിടിക്കുക. അങ്ങനെ താങ്കൾക്ക് ഹാനികരമായ ഉത്തേജക ഘടങ്ങളെപ്പറ്റി മനസിലാക്കാനാവും. അവ കൃത്യമായി ഒഴിവാക്കാൻ ഉദ്യമിക്കുക.
*സ്ത്രീകളിലാണോ പുരുഷന്മാരിലാണോ മൈഗ്രേൻ കൂടുതലായി കാണുന്നത്? കാരണം വിശദമാക്കാമോ?
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്കു തന്നെയാണ് കൊടിഞ്ഞി കൂടുതലായുണ്ടാകുന്നത്. ഏഴു ശതമാനം പുരുഷന്മാർക്ക് മൈഗ്രേൻ ഉണ്ടാകുന്നതായി കാണുന്പോൾ ഇതു സ്ത്രീകളിൽ 27 ശതമാനം പേർക്കും ഉണ്ടാകുന്നു. ഏകദേശ കണക്കുപറഞ്ഞാൽ 3:1 എന്നതാണ് സ്ത്രീ പുരുഷ അനുപാതം. കൗമാരമെത്തുന്നതിന് മുന്പ് ആണ്കുട്ടികൾക്കാണ് മൈഗ്രേൻ കൂടുതലായുണ്ടാകുന്നത്. എന്നാൽ ആ പ്രായം കഴിഞ്ഞാൽ പെണ്കുട്ടികൾ തന്നെ മുന്നിൽ. നാല്പതു വയസുവരെ മൈഗ്രേനുണ്ടാകാനുള്ള സാധ്യത വർധിച്ചുകൊണ്ടിരിക്കുന്നു. ആ പ്രായം കഴിഞ്ഞ് സാധ്യത കുറഞ്ഞുവരും.
ആർത്തവവുമായി ബന്ധപ്പെട്ട സ്ത്രൈണ ഹോർമോണുകളുടെ ഏറ്റക്കുറച്ചിലാണ് സ്ത്രീകളിൽ പുരുഷന്മാരെക്കാൾ കൂടുതലായി മൈഗ്രേനുണ്ടാകാനുള്ള പ്രധാനകാരണം. സ്ട്രെസ്, ഉത്കണ്ഠ, വിഷാദാവസ്ഥ, ദാന്പത്യപ്രശ്നങ്ങൾ ഇവയൊക്കെ തരണം ചെയ്യാനുള്ള സ്ത്രീകളുടെ കഴിവുകുറവുതന്നെ മറ്റൊരു കാരണം. ഏതു നിസാര സംഘർഷാവസ്ഥയുണ്ടാകുന്പോൾ പോലും അവ മൈഗ്രേനിൽ കലാശിക്കുന്ന സ്ത്രീകളുണ്ട്.
*മൈഗ്രേൻ കണ്ണിനെ എങ്ങനെ ബാധിക്കുന്നു? കാഴ്ചയ്ക്ക് എന്തു വ്യതിയാനമാണു വരുന്നതെന്നു വിശദമാക്കാമോ?
ഒഫ്താൽമോപ്ലോജിക് മൈഗ്രേൻ മൂലം നേത്രങ്ങളിൽ വേദനയും ഒപ്പം ഛർദിയുമുണ്ടാകുന്നു. കൊടിഞ്ഞി കൂടിയാൽ കണ്ണുകൾ തുറക്കാൻ പറ്റാത്തവിധം അടഞ്ഞുപോകും. കണ്ണുകൾക്കു ചുറ്റുമുള്ള പേശികൾക്ക് തളർച്ചയും വീക്കവുമുണ്ടാകുന്നു. ഒന്നോ രണ്ടോ ദിവസങ്ങൾ തലവേദന ദീർഘിക്കാം. മൈഗ്രേൻ കണ്ണുകളെ ബാധിക്കുന്നതോടൊപ്പം വിവിധ നേത്രരോഗങ്ങളും കൊടിഞ്ഞിയുണ്ടാകുന്നതിന് കാരണമാകുന്നു. ഇഡിയോപതിക് ഇൻട്രാക്രേനിയൻ ഹൈപ്പർടെൻഷൻ എന്ന അവസ്ഥയിൽ കഠിനമായ കണ്ണുവേദനയുണ്ടാകാം. ഒപ്പം തലവേദനയും.
കൂടാതെ മൈഗ്രേനു മുന്നോടിയായി ഉണ്ടാകുന്ന ഒരു അനുഭവമുണ്ടാകുന്പോൾ കാഴ്ചയ്ക്ക് തകരാർ അനുഭവപ്പെടുന്നു. കാഴ്ച കുറയുക, കണ്ണിൽ ഇരുട്ട് പടരുക, പലതരം വിസ്മയകരമായ കാഴ്ചകൾ കാണുക ഇവയൊക്കെ വിഷ്വൽ ഓറയുടെ സവിശേഷതകളാണ്. കൂടാതെ ട്രൈജെമിനൽ ഓട്ടേടെമിക് റ്റെഫാൻജിയ എന്ന തലവേദനയോടൊപ്പം ഉണ്ടാകുന്ന രോഗാവസ്ഥയിൽ ഒരു വശത്തെ കണ്ണിന്ചുവപ്പുനിറമുണ്ടാകുകയും കണ്ണുനീർ ധാരധാരയായി ഒഴുകുകയും ശക്തമായ വേദനയുണ്ടാകുകയും ചെയ്യുന്നു.
*ചിലർക്ക് മൈഗ്രേൻ ഉണ്ടാകുന്ന സമയത്ത്, കൂടുതൽ വെളിച്ചം, ഉച്ചത്തിലുള്ള ശബ്ദം കേൾക്കുന്നത് തുടങ്ങിയ കാര്യങ്ങൾ അരോചകമായി അനുഭവപ്പെടാറുണ്ട് എന്നു പറയുന്നതിന്റെ കാരണം വിശദമാക്കാമോ?
മൈഗ്രേൻരോഗികളുടെ നാഡിവ്യൂഹത്തിന്റെ സൂക്ഷ്മ സംവേദനശക്തി സാധാരണക്കാരേക്കാൾ വളരെ കൂടുതലാണ്. തന്മൂലം കടുത്ത പ്രകാശരശ്മികളും ശബ്ദകോലാഹലങ്ങളും മൈഗ്രേൻ ഉണ്ടാക്കുന്ന ഉദ്ദീപന ഘടകങ്ങളാകുന്നു. അതുപോലെ കൊടിഞ്ഞിയുള്ള സമയത്തും പ്രകാശമധികമുള്ള സ്ഥലങ്ങളിലും ശബ്ദായമാനമായ അന്തരീക്ഷത്തിലും പോയാൽ അതിന്റെ കാഠിന്യം വർധിക്കുന്നു. പ്രകാശരശ്മികൾ മസ്തിഷ്കത്തിന്റെ പുറകുവശത്തുള്ള വിഷ്വൽ കോർട്ടക്സിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു. തലച്ചോറിനുള്ളിൽ വേദനയോടു സംവേദനമുള്ള സവിശേഷഭാഗങ്ങളുണ്ട്. ക്രേനായ്ൽ നാഡിയും തലയോട്ടിയുടെ പുറംകവചവും ഡ്യൂറാമാറ്ററും ഒക്കെ അധികരിച്ച് വേദനയുണ്ടാക്കുന്ന ഭാഗങ്ങളാണ്. 90 ശതമാനം രോഗികളിലും വെട്ടിത്തിളങ്ങുന്ന പ്രകാശ രശ്മികൾ മൈഗ്രേൻ ട്രിഗറാകുന്നു. പെട്ടെന്നു മാറിവരുന്ന കടുത്ത നിറങ്ങൾ കാണുന്പോൾ (സിനിമ കാണുന്പോൾ) മാംസപേശികൾ വരിഞ്ഞുമുറുകുന്നു. ഇത് രക്തക്കുഴലുകൾ വീങ്ങുന്നതിനും തലവേദനയുണ്ടാകുന്നതിനും കാരണമാകുന്നു.
*ചിലർ മൈഗ്രേൻ ഉള്ള സമയം ഛർദിക്കുന്നതായി കാണുന്നു. എന്താണ് ഇതിനു കാരണം?
മൈഗ്രേനുണ്ടാകുന്ന സമയത്ത് ബ്രെയിൻ സ്റ്റെമിലെ സവിശേഷഭാഗങ്ങൾ അസാധരണമായി ഉത്തേജിപ്പിക്കപ്പെടുന്നു. തന്മൂലം ഓക്കാനവും ഛർദിയും ഉണ്ടാകുന്നു. ചിലർക്ക് ഛർദിക്കുശേഷം തലവേദനയ്ക്ക് ആശ്വാസം ലഭിക്കുന്നു. പ്രത്യേകിച്ച് കുട്ടികളിൽ മ്രൈഗേൻ ശമിപ്പിക്കാനുള്ള ഒരു സഹായ ഘടകമായിട്ടാണ് ഛർദി ഉണ്ടാകുന്നത്.