കേരള ടി.ബി എലിമിനേഷൻ മിഷൻ 2015 ൽ ഐക്യരാഷ്ട്രസഭ പാസാക്കിയ സുസ്ഥിര വികസനലക്ഷ്യങ്ങളുടെ (എസ്ഡിജി) ഭാഗമായിട്ടാണു കേരളം ക്ഷയരോഗമുക്ത കേരളത്തിനായി ഒരു കർമ പദ്ധതി - കേരള ക്ഷയരോഗ നിർമാർജന ദൗത്യം - കൊണ്ടുവന്നത്. കുറഞ്ഞ ചെലവിലും ഏറ്റവും വേഗത്തിലും മാതൃകാപരമായാണ് ഈ ദൗത്യം മുന്നോട്ടു പോകുന്നത്. ഇതിന്റെ ഒന്നാംഘട്ടമായ ക്ഷയരോഗ സാധ്യതയുള്ളവരെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായിവരുന്നു. സംസ്ഥാനത്തെ 75 ലക്ഷത്തിൽപരം വീടുകളിൽ സന്നദ്ധ ആരോഗ്യ പ്രവർത്തകർ സന്ദർശനം നടത്തി ക്ഷയരോഗ സാധ്യതയുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും കോർപറേഷനുകളുടെയും സഹകരണത്തോടെ നടക്കുന്ന ഈ പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ തുടങ്ങാൻ പോവുകയാണ്.
അത്യാധുനിക കഫ പരിശോധനയായ സിബിഎൻഎഎടി എന്ന പരിശോധനാ സംവിധാനവും ക്ഷയരോഗം ഏറ്റവും എളുപ്പത്തിൽ കണ്ടെത്തുന്നതിനും മരുന്നിന്റെ പ്രതിരോധശേഷി അറിയുന്നതിനും എല്ലാ ജില്ലാ ടിബി സെന്ററുകളിലും മെഡിക്കൽ കോളജുകളിലും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇതിന്റെ ഒരു മൊബൈൽ യൂണിറ്റും കേരളത്തിലുടനീളം എല്ലാ ജില്ലകളിലും ക്ഷയരോഗസാധ്യതയുള്ള മേഖലകളിൽ ക്യാന്പുകൾ നടത്തിവരുന്നു.
സിബിഎൻഎഎടി കേന്ദ്രങ്ങളിൽ എത്തിപ്പെടാൻ പറ്റാത്തവർക്ക് എല്ലാ സ്വകാര്യ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും കഫ സാന്പിളുകൾ ജില്ലാ ടി.ബി സെന്ററിലേക്കും മെഡിക്കൽ കോളജുകളിലേക്കും എത്തിക്കുന്നതിന് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 3000 രൂപയോളം ചെലവു വരുന്ന ഈ ടെസ്റ്റ് സൗജന്യമാണ്.
കൂടാതെ എല്ലാ ക്ഷയരോഗികളിലും സിബിഎൻഎഎടി പരിശോധന നടത്തി പ്രധാന മരുന്നിനെതിരേ പ്രതിരോധശേഷി അണുക്കൾക്ക് ഇല്ലെന്ന് ഉറപ്പുവരുത്തുന്നതും സൗജന്യമായി ചെയ്യുന്നുണ്ട് (യൂണിവേഴ്സൽ ഡ്രഗ് സെൻസിറ്റിവിറ്റി ടെസ്റ്റ്).
വായുജന്യ രോഗനിയന്ത്രണം
ക്ഷയരോഗം, എച്ച് 1 എൻ 1, നിപ്പ തുടങ്ങിയ വായുവിലൂടെ പകരുന്ന രോഗങ്ങൾ നിയന്ത്രിക്കുന്നതിൽ വളരെ അത്യാവശ്യമാണ് ഇൻഫക്ഷൻ കൺട്രോൾ സംവിധാനങ്ങൾ. ഇത് ആശുപത്രികളിലും സമൂഹത്തിലും നടപ്പിലാക്കണം.
സമൂഹത്തിൽ വായുജന്യരോഗ നിയന്ത്രണത്തിന് ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് ചുമയ്ക്കുന്പോഴും തുമ്മുന്പോഴും വായ് തുണി കൊണ്ടോ ടിഷ്യു കൊണ്ടോ മൂടുക എന്നതാണ്. ചുമയ്ക്കുന്പോൾ പുറത്തുവരുന്ന കഫ കണികകളിലാണു ക്ഷയരോഗാണുക്കളും ഒളിഞ്ഞിരിക്കുന്നത്. കണ്ടിടത്തെല്ലാം ചുമച്ചു തുപ്പുന്ന ശീലവും ഒഴിവാക്കണം. വായുജന്യ രോഗങ്ങൾ ഉള്ളവർ മാസ്ക് ധരിക്കുന്നതും രോഗപ്പകർച്ച തടയാനാകും. ഇതിനു രോഗിയുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണ ആവശ്യമാണ്. മരുന്നുകൾ മുടങ്ങാതെ കഴിച്ചിരിക്കണം.
1. ആശുപത്രികളിലെ വായുജന്യ രോഗപ്പകർച്ച നിയന്ത്രണത്തിനു നിയമങ്ങൾ നിലവിലുണ്ട്. എന്നാൽ അതുപ്രകാരമല്ല നമ്മുടെ പല ആശുപത്രികളും ഉണ്ടാക്കിയിരിക്കുന്നത് എന്നത് വസ്തുതയാണ്. തിരിച്ചറിഞ്ഞ രോഗികളേക്കാൾ കൂടുതൽ രോഗം കണ്ടുപിടിക്കാത്തവരാണ് രോഗം പകർത്തുന്നത്. ഇവരെ കണ്ടെത്തുകയാണ് ആദ്യഘട്ടം. ഇവർ ഒ.പികളിലും വാർഡുകളിലും മറ്റും ഉണ്ടാകും. ലക്ഷണങ്ങൾ ഉള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കണം. റിസപ്ഷൻ കൗണ്ടറിൽ തന്ന ഇതു തുടങ്ങണം.
2. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ സ്ക്രീൻ ചെയ്യുന്നതിന് ആശുപത്രികളിൽ പ്രത്യേക സംവിധാനങ്ങൾ വേണം. ഇവരുടെ ചുമ കവർ ചെയ്യുന്നതിനും ആരോഗ്യവിദ്യാഭ്യാസം നൽകി വായുസഞ്ചാരമുള്ള സ്ഥലത്തേക്ക് മാറ്റുന്നതിനും ശ്രദ്ധ വേണം. ഇതിനുള്ള പൊതുജനങ്ങൾക്ക് വായിക്കാവുന്ന സന്ദേശങ്ങൾ പ്രദർശിപ്പിക്കണം.
3. ആശുപത്രി വെയിറ്റിംഗ് ഏരിയകളിൽ ആവശ്യമായ പ്രകൃതിദത്തമായ വായുസഞ്ചാരം ഉണ്ടായിരിക്കണം. വായുസഞ്ചാരമില്ലാത്ത ഇടുങ്ങിയ വരാന്തകളിൽ രോഗികളെയും കൂടെയുള്ളവരെയും ഇരുത്തരുത്.
4. ശ്വാസകോശ സംബന്ധമായി വരുന്നവരെയും ചുമയ്ക്കുന്നവരെയും എത്രയും പെട്ടെന്ന് അവരുടെ ആവശ്യങ്ങൾ നിറവേറ്റി പറഞ്ഞുവിടുക എന്നതും വളരെ പ്രധാനമാണ്. ഇതിന് ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകണം. ഇവരെ ക്യൂനിൽക്കാൻ അനുവദിക്കാതെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കണം.
5. ആശുപത്രികളിലെ രോഗികൾ കയറിയിറങ്ങുന്ന മുറികളും വാർഡുകളും ആവശ്യമായ പ്രകൃതിദത്തമായ വായുസഞ്ചാരം ഉള്ളതായിരിക്കണം. ഈ രീതിയിൽ ആശുപത്രി പണിതെടുക്കണം. ഒരുവശത്ത് നിന്നും വരുന്ന കാറ്റ് അകത്തുള്ള മലിനമായ വായുവിനെ മറുവശത്തു കൂടി പുറത്തേക്ക് തള്ളുന്ന രീതിയിൽ വായുസഞ്ചാരം ലഭ്യമാക്കണം.
6. വാർഡുകളിലുള്ള ചുമയ്ക്കുന്ന രോഗികളുടെയും ലക്ഷണങ്ങൾ പരിശോധിക്കുകയും മാസ്കുകൾ നൽകുകയും വേണം.
7. ആശുപത്രി ജീവനക്കാർക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കണം. തുടർവിദ്യാഭ്യാസ പരിപാടികളും.
ഇതുവഴി നമ്മുടെ എല്ലാ ആശുപത്രികളും വായുജന്യ രോഗങ്ങളിൽ നിന്നും സുരക്ഷിതമാണെന്നും രോഗികളും കൂടെവരുന്നവരും സന്ദർശകരും ജീവനക്കാരും അന്തരീക്ഷവും സുരക്ഷിതമാണെന്നും നമുക്ക് ഉറപ്പിക്കാനാകണം. ഇതിനു സമയമായി - ഒട്ടും താമസിക്കരുത്.
തയാറാക്കിയത്:
എം.കെ. ഉമേഷ് RNTCP
കണ്ണൂർ ജില്ലാ IEC കോർഡിനേറ്റർ