ഐ.ക്യു(വിവേക ബുദ്ധി) പോലെയല്ല ഇ.ക്യൂ (വൈകാ രിക ബുദ്ധി). ഇതേക്കുറിച്ചു നമുക്ക് പഠിക്കാനും വർദ്ധിപ്പിക്കാനും സാധിക്കും.
സ്വയം വിശകലനം ചെയ്യാൻ നിങ്ങൾ തയാറുണ്ടോ,
മാറാൻ നിങ്ങൾ തയാറാണോ എങ്കിൽ വഴിയുണ്ട്. തന്റെ വൈകാരിക സ്വഭാവത്തിലെ ശക്തിയെന്തെന്നും ബലഹീനതയെന്തെന്നും സ്വയം ചോദിക്കുക.
എന്റെ വൈകാരികത എന്റെ തീരുമാനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നറിഞ്ഞിരിക്കുക.
നിങ്ങളുടെ സ്വഭാവ വൈഷമ്യങ്ങൾ ഒരു ബുക്കിൽ എഴുതിവയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
കൂടുതൽ നന്നാകാൻ ആഗ്രഹിക്കുന്നവർക്ക് തന്റെ സ്വഭാവ വിശേഷത്തെക്കുറിച്ച് അഭ്യുദയകാംക്ഷികളോട് ചോദിക്കുകയും ചെയ്യാം. സമ്മർദ്ദഘട്ടങ്ങളിൽ നിങ്ങൾ എങ്ങനെ പെരുമാറുന്നു എന്നത് അവരോട് ചോദിച്ചറിയുക. അവർ ആരോപിക്കുന്ന തകരാറുകൾ ഇനി അവരെക്കൊണ്ട് പറയിപ്പിക്കില്ല എന്നങ്ങു തീരുമാനിക്കൂ. ഇതാണു മറ്റുള്ളവർ കാണുന്ന ഞാൻ എന്ന യാഥാർഥ്യം അംഗീകരിക്കുക.
ജോലിസ്ഥലങ്ങളിലും മറ്റും നിങ്ങൾക്ക് പ്രശ്നം അനുഭവപ്പെടുന്നുണ്ടോ? പലരും നിങ്ങളെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിൽ മിക്കവാറും പ്രശ്നം നിങ്ങളുടേത് തന്നെയാണ് എന്ന യാഥാർഥ്യം എത്രയും പെട്ടെന്ന് അംഗീകരിക്കുന്നുവോ അത്രയും പെട്ടെന്ന് നിങ്ങൾക്കു നല്ലവനാകാം.
സ്വയം എല്ലാ അഭിനന്ദനങ്ങളും ഏറ്റുവാങ്ങണം എന്ന് ചിന്തിക്കാതെ മറ്റുള്ളവർക്കു കൂടി അതിനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുക.
ചിലർ ഒരു ജോലിയിലും സ്ഥിരമായി തുടരില്ല. ചെല്ലുന്നിടത്തെല്ലാം പ്രശ്നങ്ങളുണ്ടാക്കി അല്ലെങ്കിൽ ഉണ്ടായി , അവിടെനിന്നെല്ലാം ജോലിയിൽ നിന്ന് ഒഴിവാക്കപ്പെടുന്നു. ഇങ്ങനെ സംഭവിക്കുന്നവരെ വലിയ വലിയ സ്ഥാനങ്ങളിലും കാണാം. ഐ.ക്യൂ വളരെ കൂടിയവരായിരിക്കാം. വലിയ വിദ്യാഭ്യാസവും ഉണ്ടായിരിക്കാം. പക്ഷെ ഇ ക്യൂ കുറവാണെങ്കിൽ പിന്നെ ഒരു കാര്യവുമില്ല. തനിക്ക് ഭവിക്കുന്ന തകരാറുകൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതും വിധിയെ പഴിക്കുന്നതുപോലും ശരിയല്ലെന്നറിയുക.
‘സോറി’പറയാൻ മടിക്കേണ്ട
അബദ്ധം പറ്റിയാൽ എത്രയും പെട്ടെന്നു കുറ്റം ഏറ്റെടുക്കുക എന്നത് ഇനിയെങ്കിലും ശീലിക്കുക. തനിക്ക് തെറ്റ് പറ്റിയെന്നു തോന്നിയാൽ. ‘സോറി’പറയാൻ മടിക്കേണ്ട. സോറി എന്നാൽ നിങ്ങൾക്കു തെറ്റ് പറ്റിയെന്നല്ല. അതു മാപ്പുമല്ല. ഞാൻ പിൻവലിയുന്നു എന്നു മാത്രം കരുതിയാൽ മതി. താത്കാലിക തർക്കങ്ങളെക്കാൾ ബന്ധങ്ങൾക്ക് കൂടുതൽ പ്രാധാന്യം നിങ്ങൾ കൊടുക്കുന്നുവെന്നു മാത്രമേ അതിനർഥമുള്ളു.
അവരുടെ സ്ഥാനത്ത് നിങ്ങളായിരുന്നുവെങ്കിൽ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാതിരിക്കുക. നേതൃത്വങ്ങൾ ഏറ്റെടുക്കാൻ കിട്ടുന്ന അവസരങ്ങൾ നഷ്ടപ്പെടുത്താതിരുന്നാൽ ഏറെ താമസിയാതെ നിങ്ങൾ നേതാവായി മാറും.
‘മറക്കാൻ പറയാനെന്തെളുപ്പം മണ്ണിൽ ജനിക്കാതിരിക്കലാണതിലെളുപ്പം’ എന്ന് കവിപാടിയതുപോലായാൽ ജീവിതം കുഴഞ്ഞതു തന്നെ. മറക്കാനല്ല പൊറുക്കാനാണു നാം പഠിക്കേണ്ടത്. എല്ലാം മറക്കുകയൊന്നും വേണ്ട. വീണ്ടും അബദ്ധങ്ങളിൽ ചെന്നു ചാടാതിരിക്കാൻ ഓർമകൾ ഉണ്ടായിരിക്കുന്നതാണു നല്ലത്.
നിങ്ങളുടെ തീരുമാനങ്ങൾ മറ്റുള്ളവരെ ഏതൊക്കെ രീതിയിൽ ബാധിക്കുമെന്ന് അവരുടെ അവസ്ഥയിൽ നിന്ന് നിങ്ങൾ ഒന്നാലോചിക്കുക.
അവരുടെ സ്ഥാനത്ത് നിങ്ങളായിരുന്നുവെങ്കിൽ എങ്ങനെ പ്രതിപ്രവർത്തിക്കുമെന്നും ചിന്തിച്ചുനോക്കുക.
അവരുടെ ചെരിപ്പൊന്ന് ഇട്ടുനോക്കുന്പോഴാണ് അവരുടെ അവസ്ഥ മനസിലാക്കാൻ കുറച്ചെങ്കിലും പറ്റൂന്നത്.
കടുത്ത തീരുമാനങ്ങൾക്കു മുന്പ്...
കടുത്ത തീരുമാനങ്ങളെടുക്കും മുന്പ് ഒന്നു നിൽക്കൂ. ആ തീരുമാനം നാളെ എടുക്കാമെന്നു ചിന്തിക്കൂ. നാളെയും മറ്റന്നാളും അതു തന്നെയാണു ശരിയെന്നു തോന്നുന്നെങ്കിൽ പിന്നെ അതാണു ശരി. താനെടുക്കുന്ന തീരുമാനങ്ങൾ കൊണ്ടുണ്ടാകുന്ന എല്ലാ അനന്തര ഫലങ്ങൾക്കും താൻ തന്നെ ഉത്തരവാദിത്തം ഏറ്റെടുക്കുക. വികാരങ്ങൾ തീരുമാനമെടുക്കാതെ വിവേകം തീരുമാനമെടുക്കട്ടെ. താനടിമപ്പെട്ട് പോകുമെന്നു തോന്നുന്ന സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു നില്ക്കുക. സ്ഥിരം തെന്നി വീഴുന്ന വഴിയിൽ ഇത്തിരികൂടി ശ്രദ്ധിച്ചു നടക്കുക. എന്നാൽ എല്ലാവരെയും തൃപ്തിപ്പെടുത്തി ജീവിക്കാൻ ആവില്ല എന്നകാര്യം ഓർക്കുക. അമ്മയെ തല്ലിയാലും രണ്ടു പക്ഷമുണ്ടാകും. നിങ്ങളുടെ മനസ്സിലെ ശരിയാണു നിങ്ങളുടെ ശരി. അത് കൂടുതൽ പേർ സ്വീകരിക്കുന്നതാണെങ്കിൽ മാത്രമേ നിങ്ങളുടെ ഇ ക്യൂ നല്ലതാണെന്നു പറയാൻ കഴിയൂ.
മറ്റൊരാളുമായി ഇടപെടുന്പോൾ നിങ്ങളിൽ പൊതുവായി താല്പര്യമുള്ള മേഖലകളിൽ മാത്രം സംസാരിച്ചാൽ മതി. എല്ലാ മേഖലകളിലും ചേരുന്ന ഒരു പങ്കാളിയെ കിട്ടുകയില്ലന്നറിയുക. എങ്ങനെയൊക്കെ ഒരാളെ സഹായിക്കാൻ പറ്റുമെന്നു ചിന്തിച്ചുനോക്കുക. മറ്റൊരാളെ സഹായിക്കാൻ കിട്ടുന്ന ഒരവസരവും നഷ്ടപ്പെടുത്താതിരിക്കുക. ഒന്നു ചെയ്തു നോക്കുക. നിങ്ങൾക്കുവരുന്ന മാറ്റം അത്ഭുതാവഹമായിരിക്കും. ധ്യാനം...
പ്രത്യേകിച്ച് സെൻ ധ്യാനം ഇ ക്യൂ കൂട്ടും.
ഹോമിയോപ്പതി നിങ്ങളെ സഹായിക്കും
ചിലർക്ക് ഇതൊക്കെ വായിച്ചാലും സംഗതി പ്രാബല്യത്തിൽ വരുത്താൻ കഴിവുണ്ടാവണമെന്നില്ല. അതിനുള്ള മനോബലം ഉണ്ടാകില്ല. അങ്ങനെയുള്ളവരെ സഹായിക്കാൻ ഹോമിയോപ്പതിക്കു കഴിയും. നിങ്ങളുടെ വികാരപ്രകടനത്തിന്റെ സൂക്ഷ്മരൂപം അപഗ്രഥിച്ചാണു മരുന്നു കണ്ടെത്തുന്നത്. ഉദാഹരണത്തിനു ദേഷ്യം പിടിച്ചാൽ ചിലർ മിണ്ടാതെയിരിക്കും, ചിലർ ദേഷ്യം കൊണ്ട് വിറയ്ക്കും, ചിലർക്കു ശബ്ദം പുറത്തുവരില്ല. തൊണ്ടയിൽ തടഞ്ഞിരിക്കും. മറ്റു ചിലർ മോശം രീതിയിൽ സംസാരിക്കും. ചിലർ കയ്യിൽ കിട്ടിയ സാധനം നിലത്ത് എറിഞ്ഞു പൊട്ടിക്കും. എതിരാളിയുടെ നേരെ എറിയുന്നവരുമുണ്ട്. പിണക്കം ദീർഘകാലത്തേക്ക് മനസ്സിൽ സൂക്ഷിക്കുന്നവരും തക്കം കിട്ടുന്പോൾ തിരിച്ച് പണി കൊടുക്കുന്നവരുമില്ലേ. ഇവർക്കെല്ലാം ഹോമിയോപ്പതിയിൽ മരുന്നു വ്യത്യസ്തമാണ്. നല്ല ഒരു ഹോമിയോപ്പതി ഡോക്ടർക്ക് നിങ്ങളെ ഇക്കാര്യത്തിൽ സഹായിക്കാൻ കഴിയും. പക്ഷേ, നിങ്ങൾ കൂടി മനസു വയ്ക്കണം.