ഭക്ഷണശീലങ്ങളുമായി വളരെ ബന്ധപ്പെട്ട രോഗാവസ്ഥകളിലൊന്നാണ് ദന്തക്ഷയം. ആധുനിക ഭക്ഷണരീതികളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ആഹാരാംശങ്ങൾ കൂടുതലായതിനാൽ ദന്തക്ഷയസാധ്യത കൂടുന്നു. ഇതോടൊപ്പം കൃത്യമായ ദന്തശുചീകരണ രീതികളും ഉപാധികളും ഇല്ലാതാകുന്പോൾ പോടുകൾ കൂടുന്നു.
രണ്ടുതരത്തിലാണ് പോടുകൾ.
1. ഉപരിതലത്തിൽ (പല്ലുകളുടെ മുകളിൽ) 2. ഇടഭാഗത്ത് (രണ്ടു പല്ലുകളുടെ ഇടയിൽ)
പല്ലിന്റെ ഉപരിതലത്തിൽ ചെറിയ കുഴികൾ സ്വാഭാവികമായും ഉള്ളതാണ്. കുട്ടികളുടെ പല്ലുകളിൽ ഈ കുഴികൾ ആഴംകൂടിയതായതിനാൽ ഭക്ഷണം പറ്റിപ്പിടിച്ചിരിക്കാൻ സാധ്യത കൂടുതലാണ്. ഇക്കാരണത്താലാണ് കുട്ടികളിൽ ദന്തക്ഷയം അധികമായി കാണുന്നത്. ഈ പ്രശ്നത്തിന് ഫലപ്രദമായ പ്രതിരോധചികിത്സകൾ ആവശ്യാനുസരണം ലഭ്യമാണ്.
1. പിറ്റ് ആൻഡ് ഫിഷർ സീലിംഗ്: കുഴികൾ ഒരു ലാമിനേറ്റിംഗ് മെറ്റീരിയൽ ഉപയോഗിച്ചു സീൽ ചെയ്യുന്നതുവഴി പോടിനുള്ള സാധ്യത ഗണ്യമായി കുറയുന്നു. പാൽപ്പല്ലുകൾ മുതൽ ഇത് ചെയ്യാവുന്നതാണ്. എന്നാൽ നിർബന്ധമായും സ്ഥിരദന്തങ്ങളിൽ ആറാമത്തെ വയസിലുണ്ടാകുന്ന അണപ്പല്ലുകൾക്കും പതിമൂന്നാമത്തെ വയസിൽ ഉണ്ടാകുന്ന അണപ്പല്ലുകൾക്കും ഈ ചികിത്സ ചെയ്തിരിക്കണം.
2. ഫ്ളൂറൈഡ് ആപ്ലിക്കേഷൻ:
ഫ്ളൂറൈഡ് ജെൽ ഒരു പ്രത്യേക ട്രേയിൽ നിശ്ചിത സമയത്തേക്ക് ഉപയോഗിച്ചു നടത്തുന്ന ചികിത്സയാണ്. പോട് വരാതിരിക്കാൻ എന്തുചെയ്യണം എന്ന ചോദ്യത്തിന് ഈ ചികിത്സ ഉത്തരമാണ്.
പോട് പാരന്പര്യമായി വരാനുള്ള സാധ്യത കുറവാണ്. കാരണം ഇതൊരു ജീവിതശൈലി രോഗമാണ്.
പോട് വന്ന പല്ലുകൾ എടുത്തുകളഞ്ഞാൽ പോരേ? ഇത് മറ്റൊരു സംശയമാണ്. ഒരുകാരണവശാലും മതിയായ കാരണങ്ങളില്ലാതെ പല്ല് എടുത്തുകളയാൻ പാടില്ല. പ്രാരംഭഘത്തിൽതന്നെ കണ്ടുപിടിച്ചാൽ നൂറുശതമാനം ഫലവത്തായ ചികിത്സവഴി ചെറിയ ചെലവിൽ ജീവിതകാലം മുഴുവൻ സ്വന്തം പല്ലുകളെ നിലനിർത്താൻ സാധിക്കും. പോടുകൾ ആഴത്തിലെത്തി രക്തക്കുഴലുകളെയും ഞരന്പുകളെയും ബാധിക്കുന്പോഴാണ് റൂട്ട്കനാൽ ചികിത്സപോലുള്ള ചികിത്സ നടത്തേണ്ടതായി വരുന്നത്.
ശ്രദ്ധിക്കുക:
1. പോടുകൾ വരാതിരിക്കാൻ ജീവിതശൈലി മാറ്റുകയും ഭക്ഷണശൈലി, ശുചീകരണശൈലി എന്നിവ കൃത്യമായ രീതിയിൽ ശീലിക്കാനും ശ്രദ്ധിക്കുക.
2. പല്ല് തേയ്ക്കുന്ന രീതി ശരിയായി
പഠിക്കുക. കൃത്യമായി ചെയ്യുക. ശുചീകരണ ഉപാധികൾ ഡോക്ടറുടെ നിർദേശാനുസരണം ഉപയോഗിക്കുക.
3. വർഷത്തിൽ രണ്ടുതവണ ദന്തഡോക്ടറെ കണ്ട് പരിശോധിപ്പിക്കുക. ആവശ്യമെങ്കിൽ എക്സ്റേ പരിശോധന നടത്തി പ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തുക.
4. ചെറിയ പ്രശ്നങ്ങൾപോലും ഉദാ: പുളിപ്പ്, പല്ലിനിടയിൽ ഭക്ഷണം കയറുക എന്നിവ കാര്യമായി പരിഗണിച്ചു ഡോക്ടറെ കാണിക്കുക..
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) ഫോണ് 9447219903