ഇലക്ട്രിക് സ്കൂട്ടറുകളുടെ വിപണനത്തില്‍ പ്രമുഖരായ ഹീറോ ഇലക്ട്രിക് ആദ്യമായി ഒരു ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനെ ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ചത്.
വിദേശകമ്പനികളുമായി സഹകരിച്ചാണ് ഹീറോ ഇലക്ട്രിക് ഈ മോട്ടോര്‍സൈക്കിള്‍ രൂപകല്‍പ്പന ചെയ്തത്. 4000 വാട്ട് ശേഷിയുള്ള ഇലക്ട്രിക് മോട്ടോര്‍ ഉപയോഗിക്കുന്ന എഇ 47 ന് മണിക്കൂറില്‍ 85 കിലോമീറ്റര്‍ വരെ വേഗമെടുക്കാനാവും.
മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗമെടുക്കാന്‍ വേണ്ടത് ഒമ്പത് സെക്കന്‍ഡ്. പവര്‍,ഇക്കോ മോഡുകളുണ്ട്. ഒറ്റ ചാര്‍ജിങ്ങില്‍ ഓടാനാവുന്ന ദൂരം 85 കിലോ മീറ്റര്‍ ( പവര്‍ മോഡ്), 160 കിലോ മീറ്റര്‍ ( ഇക്കോ മോഡ്).മോട്ടോറിനു വേണ്ട ഊര്‍ജം സംഭരിച്ചിരിക്കുന്നത് 3.5 കിലോവാട്ട് ലിതിയം അയോണ്‍ ബാറ്ററിയിലാണ്.
ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ നാലു മണിക്കൂര്‍ മതി. മുന്നില്‍ ടെലിസ്കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും അടങ്ങുന്നതാണ് സസ്പെന്ഷന് സംവിധാനം. ഏതാനും മാസങ്ങള്‍ക്കകം വിപണിയിലെത്തും. പ്രതീക്ഷിക്കുന്ന വില 1.25 ലക്ഷം രൂപ മുതല്‍ 1.50 ലക്ഷം രൂപവരെ.