ന്യൂഡൽഹി: വാഹനവിപണിയിൽ ഉണർവിന്റെ സൂചനയില്ല. ഫെബ്രുവരിയിലും കാർ, ടൂവീലർ വില്പന താഴോട്ടുപോയി. കാർ വിപണിയിലേക്കാൾ മോശമാണു ടൂവീലർ വിപണിയുടെ നില.
കാർ വിപണിയിൽ ഏറ്റവും വലിയ കന്പനിയായ മാരുതി സുസുകിക്കു ഫെബ്രുവരിയിൽ വില്പന 2.3 ശതമാനം കുറഞ്ഞു. തലേ ഫെബ്രുവരിയിലെ 1,36,912 ന്റെ സ്ഥാനത്ത് ഇത്തവണ 1,33,702 മാത്രം.
രണ്ടാംസ്ഥാനത്തുള്ള ഹ്യുണ്ടായിയുടെ വില്പന 7.2 ശതമാനം താണ് 40,010 ആയി. ടാറ്റാ മോട്ടോഴ്സിനു വില്പന 31.4 ശതമാനം കുറഞ്ഞ് 12.430 ആയി. ടാറ്റായെ നാലാം സ്ഥാനത്തേക്കു തള്ളി കിയാമോട്ടോഴ്സ് മൂന്നാമതെത്തി. 15,644 എണ്ണമാണു കിയാ വിറ്റത്.
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ വില്പനയിൽ 55.4 ശതമാനം ഇടിവുണ്ടായി. 10,938 എണ്ണമേ അവർ വിറ്റുള്ളു. ടൊയോട്ട (10,352 എണ്ണം) 12 ശതമാനം കുറവ് കാണിച്ചു. റെനോ (8784 എണ്ണം) 40.7 ശതമനം വർധന നേടിയപ്പോൾ ഹോണ്ട (7200 എണ്ണം)46.8 ശതമാനം താഴോട്ടു പോയി. ഫോർഡ് (7019 എണ്ണം) 5.2 ശതമാനം വർധന കാണിച്ചു.മൊത്തം കാർ വില്പന 2,68,843ൽ നിന്ന് 6.7 ശതമാനം കുറഞ്ഞ് 2,50,698 ആയി.
ടൂവീലർ വിപണിയിലെ വന്പന്മാർക്കെല്ലാം വില്പനയിൽ 20 ശതമാനത്തിലേറെ ഇടിവു സംഭവിച്ചു. ഹീറോ മോട്ടോകോർപിന് തലേ ഫെബ്രുവരിയിലെ 6,00,616-ൽനിന്ന് 20 ശതമാനം കുറഞ്ഞ് 4,80,196 എണ്ണമേ വില്ക്കാനായുള്ളൂ. ടിവിഎസ് മോട്ടോറിന്റെ വില്പന 2,31,582-ൽ നിന്ന് 26.7 ശതമാനം കുറഞ്ഞ് 1,69,684 ആയി. ബജാജ് ഓട്ടോയ്ക്ക് 21 ശതമാനമാണ് ഇടിവ്. 1,86,523-ൽനിന്ന് 1,57,796ലേക്ക്.
റോയൽ എൻഫീൽഡിനും സുസുകി മോട്ടോർ സൈക്കിളിനും വില്പന ചെറിയ തോതിൽ കൂടി. എൻഫീൽഡ് രണ്ടു ശതമാനം വർധനയോടെ 61,188 ടൂവീലർ വിറ്റു. സുസുകി 2.6 ശതമാനം വർധനയോടെ 58,644 എണ്ണം വിറ്റു.
ഫെബ്രുവരിയിലെ വാണിജ്യ വാഹനവില്പന 35 ശതമാനം ഇടിഞ്ഞു. തലേ ഫെബ്രുവരിയിലെ വില്പന തന്നെ കുറവായിരുന്നു. ഒന്നര വർഷം മുന്പ് വാണിജ്യ വാഹന വില്പനയിലാരംഭിച്ച ഇടിവ് ഇപ്പോഴും തുടരുകയാണ്.
ടാറ്റാ മോട്ടോഴ്സിനു 35 ശതമാനം ഇടിവുണ്ട്. 39,111 വിറ്റ സ്ഥാനത്ത് ഇത്തവണ 25,572 എണ്ണം മാത്രം വിറ്റു. മീഡിയം-ഹെവി വാഹനങ്ങളുടെ വില്പന 46 ശതമാനം ഇടിഞ്ഞ് 6739 ആയി.
അശോക് ലെയ്ലൻഡിനു 39 ശതമാനമാണു വില്പനയിലെ ഇടിവ് 17,352ൽനിന്നു 10,612 ലേക്ക് വില്പന താണു.
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ വാണിജ്യ വാഹന വില്പന 25 ശതമാനം താണ് 15,856 ആയി. ബജാജിന്റെ വാണിജ്യ വാഹന വില്പന 38 ശതമാനം താണ് 21,871 ആയി. ഐഷറിന് 27.4 ശതമാനമാണു വില്പന ഇടിവ്. വിറ്റത് 3875 എണ്ണം വോൾവോ ട്രക്ക് വില്പന എട്ടു ശതമാനം കുറഞ്ഞ് 147 ആയി.