വാഹന ഉത്പാദനം ഇക്കൊല്ലവും കുറയുമെന്നു ഫിച്ച്
Thursday, February 13, 2020 3:51 PM IST
മുംബൈ: 2020-ലും ഇന്ത്യയിലെ വാഹന ഉത്പാദനം കുറയുമെന്നു ഫിച്ച് സൊലൂഷൻസ്. 8.3 ശതമാനം കുറവാണു പ്രതീക്ഷ. 2019-ൽ 13.2 ശതമാനം കുറവുണ്ടായിരുന്നു.
ഫിച്ച് റേറ്റിംഗ്സ് എന്ന റേറ്റിംഗ് സ്ഥാപനത്തിന്റെ അനുബന്ധ വിഭാഗമാണു ഫിച്ച് സൊലൂഷൻസ്.
ഇന്ത്യയിലെ ഡിമാൻഡ് കുറയുന്നതിനൊപ്പം ചൈനയിൽനിന്നു ഘടകപദാർഥങ്ങൾ കിട്ടുന്നതിനുള്ള തടസവും ഉത്പാദനം കുറയാൻ കാരണമാകും. ചൈനയിൽ കൊറോണ വൈറസ് മൂലം ഫാക്ടറികൾ ആഴ്ചകളായി അടച്ചിട്ടിരിക്കുകയാണ്. ചൈനയാണു 30 ശതമാനത്തോളം വാഹനഘടകങ്ങൾ നല്കുന്നത്. ഇലക്ട്രിക് വാഹനങ്ങളിൽ ചൈനീസ് ഘടകങ്ങൾ കൂടുതൽ ഉണ്ട്.
കൊറോണ ഇന്ത്യയിൽ വ്യാപിച്ചാലും ഫാക്ടറികൾ അടച്ചിടേണ്ടിവരുമെന്നു ഫിച്ച് വിലയിരുത്തുന്നു. ആഭ്യന്തര ഡിമാൻഡ് ഇക്കൊല്ലം കാര്യമായി കൂടുമെന്നും ഫിച്ച് കരുതുന്നില്ല.