കേരള പോലീസിനു പുതിയ വെബ് പോർട്ടൽ
Tuesday, May 19, 2020 3:41 PM IST
തിരുവനന്തപുരം: കേരള പോലീസിന്റെ നവീകരിച്ച വെബ്സൈറ്റ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. നിലവിലുള്ള keralapolice.gov.in എന്ന വിലാസത്തിൽത്തന്നെ ലഭിക്കുന്ന വെബ്സൈറ്റ് സ്റ്റേറ്റ് ക്രൈം റിക്കാർഡ്സ് ബ്യൂറോയിലെ സാങ്കേതിക വിദഗ്ധരാണു തയാറാക്കിയത്.
നവീകരിച്ച വെബ്സൈറ്റിൽ പൊതുജനങ്ങൾക്കും പോലീസ് ഉദ്യോഗസ്ഥർക്കും പ്രത്യേക വിഭാഗങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥർ മാത്രം അറിഞ്ഞിരിക്കേണ്ട വകുപ്പുതല ഉത്തരവുകളും സർക്കുലറുകളും ലോഗിൻ ചെയ്തു മാത്രമേ കാണാൻ കഴിയൂ. പോലീസ് ഉദ്യോഗസ്ഥർക്കു നിലവിൽ ഉള്ള അയാപ്സ് യൂസർനെയിമും പാസ്വേഡും നൽകി ലോഗിൻ ചെയ്യാം.
നിലവിലുള്ള വെബ്സൈറ്റിലെ വിവരങ്ങൾ പുതിയ വെബ്സൈറ്റിലേക്കു പൂർണമായി മാറ്റുന്നതുവരെ പഴയ വെബ്സൈറ്റ് old.keralapolice. gov.in എന്ന വിലാസത്തിൽ ലഭിക്കും. നവീകരിച്ച വെബ്സൈറ്റിൽ വിവരങ്ങൾ ഇനിമുതൽ ഇംഗ്ലീഷിലും മലയാളത്തിലും ലഭിക്കും.