ന്യൂഡൽഹി: ആൻഡ്രോയിഡ് ബാങ്കിംഗ് ആപ്പുകളെ ലക്ഷ്യമിട്ടുള്ള ട്രോജൻ വൈറസ് വിദേശ രാജ്യങ്ങളിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ഇന്ത്യൻ ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സൈബർ സെക്യൂരിറ്റി ഏജൻസിയായ സേർട്ട് ഇൻ(കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം ഓഫ് ഇന്ത്യ).
ഈവന്റ് ബോട്ട് എന്ന പേരിലറിയപ്പെടുന്ന വൈറസ് അമേരിക്കയിലെയും വിവിധ യൂറോപ്യൻ രാജ്യങ്ങളിലെയും 200ഓളം ധനകാര്യ ആപ്ലിക്കേഷനുകളെ ബാധിച്ചതായാണ് വിവരം. പെയ്പാൽ ബിസിനസ്, റിവോലറ്റ്, ബാർ ക്ലെയ്സ്, യുണി ക്രെഡിറ്റ്, കാപിറ്റൽ വൺ യുകെ, എച്ച്എസ്ബിസി യുകെ എന്നീ ആപ്പുകളെയാണ് ഈവന്റ് ബോട്ട് പ്രധാനമായും ലക്ഷ്യമിടുന്നതെന്നും സെർട്ട് ഇൻ അറിയിച്ചു. മൈക്രോസോഫ്റ്റ് വേർഡ് , ആഡോബി ഫ്ലാഷ് തുടങ്ങിയ ജനപ്രിയ ആപ്പുകളുടെ പേരിലും രൂപത്തിലും പ്രത്യക്ഷപ്പെടുന്ന ഈവന്റ് ബോട്ട് ഉപയോക്താവിന്റെ വിവരങ്ങൾ ചോർത്തിയെടുക്കുന്ന മാൽവേർ ആയാണ് പ്രവർത്തിക്കുന്നത്. നിർദോഷ ആപ്പാണെന്നു കരുതി ഈവന്റ് ബോട്ട് ഇൻസ്റ്റാൾ ചെയ്യുന്നവർ ഫോണിലെ എസ്ഡി കാർഡും എസ്എംഎസുകളും മറ്റു വിവര കേന്ദ്രങ്ങളും ആക്സസ് ചെയ്യുന്നതിനുള്ള അനുമതി കൊടുക്കുന്നു.
ക്രമേണ ലോക്ക് മാറ്റുന്നിനുള്ള പാറ്റേണും വിവിധ ആപ്പുകൾ ലോക്ക് ചെയ്യുന്നതിനുള്ള പാസ്വേഡും വൈറസ് കൈക്കലാക്കുന്നു. ഇതിലൂടെയെല്ലാം ഉപയോക്താവിന്റെ ധനകാര്യ വിവരങ്ങൾ കൈക്കലാക്കുന്ന വൈറസ് നിശ്ചിത കേന്ദ്രങ്ങളിലേക്ക് ഈ വിവരങ്ങൾ അയച്ചുകൊടുക്കുകയോ വിദൂരകേന്ദ്രത്തിലിരിക്കുന്ന ഹാക്കറിന് ഈ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ക്രമീകരണമൊരുക്കുകയോ ആണ് ചെയ്യാറ്. ധനകാര്യ- ബാങ്കിംഗ് ആപ്പുകൾ ഇന്ത്യയിൽ വ്യാപകമായി വരുന്ന സാഹചര്യത്തിൽ രാജ്യത്ത് മാൽവേർ ആക്രമണ സാധ്യത തള്ളിക്കളയാനാവില്ലെന്നും സേർട്ട് ഇൻ അറിയിച്ചു.
പ്രതിരോധ മാർഗങ്ങൾ
വിശ്വസനീയമല്ലാത്ത സൈറ്റുകളിൽനിന്നും ആപ് സ്റ്റോറുകളിൽനിന്നും ആപ്ലിക്കേഷനുകൾ ഡൗൺ ലോഡ് ചെയ്യുന്നത് ഒഴിവാക്കുകയാണ് പ്രധാന പ്രതിരോധ നടപടിയെന്ന് സെർട്ട് ഇൻ പറയുന്നു.
എതെങ്കിലും ആപ് ഡൗൺ ലോഡ് ചെയ്യുന്നതിനുമുന്പ് അതിനേക്കുറിച്ചുള്ള വിവരണങ്ങളും യൂസർ കമന്റ്സും ശ്രദ്ധയോടെ പരിശോധിക്കണം. ഫോൺ സമയാസമയങ്ങളിൽ അപ്ഡേറ്റ് ചെയ്യുക. വിശ്വാസ്യത ആർജിച്ച ആന്റിവൈറസുകൾ ഉപയോഗിക്കുന്നതും ഒരു പരിധി വരെ ഗുണം ചെയ്യും. പരിചിതമല്ലാത്ത വൈഫൈ നെറ്റ് വർക്ക് ഉപയോഗിക്കാതിരിക്കുക. അപരിചിത സ്രോതസുകളിൽനിന്നു ലഭിക്കുന്ന ലിങ്കുകൾ ഉപയോഗിക്കുന്നതും ഒഴിവാക്കുക.