വീഡിയോ ചാറ്റിൽ 32 പേരെ ഉൾപ്പെടുത്താൻ ഗൂഗിൾ ഡ്യോ
Wednesday, May 13, 2020 4:31 PM IST
മുംബൈ: ഓണ്‍ലൈൻ വീഡിയോ കോണ്‍ഫറൻസിംഗ് പ്ലാറ്റ്ഫോമുകൾക്ക് ആവശ്യക്കാരേറുന്നതു പരിഗണിച്ച് തങ്ങളുടെ വീഡിയോ കോളിംഗ് ആപ്പായ ഡ്യോയുടെ പ്രവർത്തനം വിപുലമാക്കാനൊരുങ്ങി ഗൂഗിൾ. ഒരേസമയം 32 പേർക്കു പങ്കെടുക്കാവുന്ന തരത്തിൽ ഡ്യോ അപ്ഡേറ്റ് ചെയ്യാനാണ് കന്പനിയുടെ പദ്ധതി. നിലവിൽ 12 പേർക്ക് ഡ്യോയിൽ ഒരേസമയം വീഡിയോ കോളിംഗ് നടത്താൻ സംവിധാനമുണ്ട്.
അംഗസംഖ്യ കൂട്ടുന്നതോടൊപ്പം വീഡിയോ കോളിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്നും കന്പനി അറിയിച്ചു.എട്ടു പേർക്ക് വീഡിയോ കോളിംഗ് നടത്താൻ സംവിധാനമുണ്ടായിരുന്ന ഡ്യോ മാർച്ചിലാണ് 12 പേരെ ഉൾപ്പെടുത്തി വീഡിയോ കോളിംഗ് വിപുലമാക്കിയത്.
കോവിഡ്-19 വ്യാപനത്തിൽ കുറവൊന്നും കാണാത്ത സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം രീതി തുടരുന്ന കന്പനികൾ ഉൾപ്പെടെയുള്ളവ ദൈനംദിന പ്രവർത്തനങ്ങൾക്കായി നിരവധിയാളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വീഡിയോ കോളിംഗ് പ്ലാറ്റ്ഫോമുകളെ കൂടുതലായി ആശ്രയിക്കേണ്ട സാഹചര്യത്തിലാണ്. ചൈനീസ് ആപ്പായ സൂം രംഗത്തുണ്ടെങ്കിലും സുരക്ഷാപ്രശ്നങ്ങൾ സംബന്ധിച്ച ആരോപണങ്ങൾ ആപ്പിനേതിരേ സജീവമാണ്. 50 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വീഡിയോ കോളിംഗിന് സംവിധാനമുള്ള ഫേസ്ബുക്ക് മെസഞ്ചർ റൂം പ്ലാറ്റ്ഫോമും വൈകാതെ പ്രവർത്തനമാരംഭിക്കും.