മുംബൈ: റിലയൻസ് ജിയോ പ്ലാറ്റ്ഫോംസിൽ വീണ്ടും വലിയ വിദേശ നിക്ഷേപം. അമേരിക്കൻ പ്രൈവറ്റ് ഇക്വിറ്റി (പിഇ) സ്ഥാപനമായ വിസ്റ്റ ഇക്വിറ്റി 11,637 കോടി രൂപ റിലയൻസ് ജിയോ പ്ലാറ്റ്ഫോംസിൽ നിക്ഷേപിച്ചു.
മൂന്നാഴ്ചയ്ക്കുള്ളിൽ റിലയൻസിന്റെ ഉപകന്പനിക്കു ലഭിക്കുന്ന മൂന്നാമത്തെ വിദേശ നിക്ഷേപമാണിത്. ഫേസ്ബുക്ക് 9.9 ശതമാനം ഒാഹരി 43,534 കോടി രൂപയ്ക്കു വാങ്ങി. പിന്നീട് സിൽവർ ലേക്ക് എന്ന പിഇ 5655 കോടി രൂപയ്ക്ക് 1.5 ശതമാനം ഓഹരി വാങ്ങി. പുതിയ ഇടപാടോടെ മൊത്തം 60596 കോടി രൂപ ആയി വിദേശ നിക്ഷേപം.
അടുത്ത മാർച്ചോടെ റിലയൻസ് ഇൻസ്ട്രീസിനെ കടമില്ലാത്ത കന്പനിയാക്കാനുള്ള മുകേഷ് അംബാനിയുടെ ആഗ്രഹം നിറവേറ്റാൻ ഈ നിക്ഷേപങ്ങൾ സഹായിക്കും.
റോബർട്ട് സ്മിത്ത് എന്നയാൾ സ്ഥാപിച്ച വിസ്റ്റ ഇക്വിറ്റി 4.3 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്ന പ്രൈവറ്റ് ഇക്വിറ്റിയാണ്.