മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉപകന്പനിയായ റിലയൻസ് ജിയോ പ്ലാറ്റ്ഫോംസിൽ അമേരിക്കൻ പ്രൈവറ്റ് ഇക്വിറ്റി (പിഇ) കന്പനിയായ സിൽവർ ലേക്ക് 5656 കോടി രൂപ നിക്ഷേപിക്കും. ജിയോ പ്ലാറ്റ്ഫോംസിന് 4.9 ലക്ഷം കോടി രൂപ മൂല്യം കണക്കാക്കിയാണു നിക്ഷേപം.
രണ്ടാഴ്ച മുന്പ് ഫേസ്ബുക്ക് ഓഹരിക്കുവേണ്ടി മുടക്കിയതിനേക്കാൾ 12.5 ശതമാനം ഉയർന്ന നിരക്കിലാണ് സിൽവർ ലേക്ക് 1.15 ശതമാനം ഓഹരി വാങ്ങുന്നത്. ഫേസ്ബുക്ക് 43,320 കോടി രൂപ നിക്ഷേപിച്ച് 9.99 ശതമാനം ഓഹരി വാങ്ങി.
റിലയൻസിന്റെ ടെലികോം, ഡിജിറ്റൽ ബിസിനസുകൾ എല്ലാം ജിയോ പ്ലാറ്റ്ഫോംസിന്റെ കീഴിൽ വരും. രാജ്യത്തെ കോടിക്കണക്കായ ചെറുകിട വ്യാപാരികൾക്ക് ഉത്പന്നങ്ങൾ എത്തിച്ചുകൊടുക്കുന്ന ഒന്നായി ജിയോ പ്ലാറ്റ്ഫോംസിനെ മാറ്റാനാണു മുകേഷ് അംബാനി ഉദ്ദേശിക്കുന്നത്.
4000 കോടി ഡോളറിന്റെ ആസ്തി കൈകാര്യം ചെയ്യുന്ന സിൽവർ ലേക്ക് ടെക്നോളജി, ഫിനാൻസ് മേഖലകളിലാണു മുഖ്യമായും പണം നിക്ഷേപിക്കുന്നത്.