റ്റി.സി. മാത്യു
ഫേസ് ബുക്ക് റിലയൻസ് സഖ്യം രാജ്യത്തെ ജനജീവിതത്തെ മാറ്റിമറിക്കാൻ പോകുന്നു ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. സ്വകാര്യത സാങ്കേതിക വാണിജ്യശക്തിക്കുമുന്പിൽ ഇല്ലാതാകുന്നു. തെരഞ്ഞെടുക്കാനുള്ള നമ്മുടെ സ്വാതന്ത്ര്യം വന്പൻ വ്യവസായ കൂട്ടുകെട്ട് അനുവദിക്കുന്നിടത്തോളം മാത്രമായി ചുരുങ്ങും.
കുത്തകകൾ ഉണ്ടാകാതെ നോക്കാൻ രാജ്യത്ത് കോംപറ്റീഷൻ കമ്മീഷൻ (സിസിഐ) ഉണ്ട്. അവർ പരിശോധിച്ച് അനുവദിച്ചാൽ മാത്രമേ ഈ ഇടപാട് നടക്കൂ. പക്ഷേ, അതൊരു സാങ്കേതികവശം മാത്രം.
ഈ സഖ്യം എന്താണു ചെയ്യാൻ പോകുന്നത്?
വലിയ പൊളിച്ചെഴുത്ത്
ഇന്ത്യയിലെ കച്ചവടമേഖലയാകെ പൊളിച്ചെഴുതാൻ പോകുന്നു. അതിന് സമൂഹമാധ്യമരംഗത്തെ കുത്തകപ്രസ്ഥാനം (ഫേസ്ബുക്ക്, വാട്സാപ്പ്) കൂട്ടുകൂടുന്നു. രാജ്യത്തെ ഏറ്റവും വലിയ ടെലികോം നെറ്റ് വർക്ക് (റിലയൻസ് ജിയോ) ഇനി ഇന്ത്യയിലെ ചില്ലറ വ്യാപാരത്തിന്റെ സിംഹഭാഗവും നടക്കുന്ന നെറ്റ് വർക്ക് ആയി മാറുന്നു.അപ്പോൾ ആരൊക്കെ ഭയപ്പെടണം? ആമസോൺ, വാൾമാർട്ട് (ഫ്ളിപ് കാർട്ട്), പിന്നെ രാജ്യത്തെ റീട്ടെയിൽ ശൃംഖലകൾ. അവയും കുത്തകകളാണല്ലോ എന്നു പറയാം.
റീട്ടെയിലിൽ സർവാധിപത്യം
പക്ഷേ, അവ മാത്രമല്ല വിഷമിക്കേണ്ടത്. രാജ്യത്തെ ചെറിയ പെട്ടിക്കട വരെയുള്ള റീട്ടെയിൽ രംഗത്തു സർവാധിപത്യത്തിനാണു മുകേഷ് അംബാനി ഒരു ഡിജിറ്റൽ വിപ്ലവം ഒരുക്കുന്നത്. വഴിവക്കിലെ ചെറിയ കടക്കാരനും വാട്സാപ് വഴി റിലയൻസിൽനിന്നും സാധനങ്ങൾ വാങ്ങാം. പച്ചക്കറി മുതൽ ടിവി വരെ അവരുടെ പക്കലുണ്ടല്ലോ. ഇങ്ങനെയൊരു നെറ്റ്വർക്കിൽ ചേരുന്നതിലെ ധാരാളം ഗുണങ്ങൾ അവർക്കുണ്ടാകുമെന്നു ബോധ്യപ്പെടുത്തും. യൂബറിനുവേണ്ടി കാറോടിക്കുന്നവർക്കും ഓയോയ്ക്കു ഹോട്ടൽ മുറി നല്കുന്നവർക്കും സൊമാറ്റോയ്ക്ക് ഭക്ഷണ പാഴ്സൽ നല്കുന്നവർക്കുമെല്ലാം ലഭിച്ചതുപോലെ ആകർഷകമായ ഓഫറും വരും.
ക്രമേണ ചെറുകിട കച്ചവടക്കാർ റിലയൻസിനെ മാത്രം ആശ്രയിക്കുന്ന നില വരുന്നു. സമൂഹമാധ്യമങ്ങളും ടെലിഫോൺ നെറ്റ് വർക്കും എല്ലാം അങ്ങനെയൊരവസ്ഥ സൃഷ്ടിക്കുന്നുവെന്നും പറയാം. അതിനിടെ രാജ്യത്തെ വ്യാപാരമേഖലയിലെ പല തലങ്ങളിലുള്ളവരും ഇല്ലാതാകും.
സ്വകാര്യത ഇല്ലാതായി
ഇതു മാത്രമല്ല ഈ ഡിജിറ്റൽ നെറ്റ്വർക്കും റീട്ടെയിലും ഒന്നിക്കുന്നതിലെ ഭീഷണി. നിങ്ങളുടെ സ്വകാര്യത സന്പൂർണമായി ഇല്ലാതാകുന്നു. അല്ലെങ്കിൽ ഒരു വലിയ സാങ്കേതികവ്യവസായ സഖ്യം നിങ്ങളുടെ സ്വകാര്യത മുഴുവനായി മനസിലാക്കുന്നു.
ഫേസ്ബുക്കിലെ നിങ്ങളും വാട്സാപ്പിലെ നിങ്ങളും പച്ചക്കറിക്കടയിലെ നിങ്ങളും ഒന്നാണല്ലോ? നിങ്ങളുടെ അഭിരുചികളും ഇഷ്ടാനിഷ്ടങ്ങളുമെല്ലാം ഈ നെറ്റ് വർക്കിന് അറിയാം. നിങ്ങളുടെ ഇടപാടുകൾ ഓൺലൈനാകുന്പോൾ ഈ ഇഷ്ടത്തിനനുസരിച്ചുള്ള ഓപ്ഷനുകളാണ് ആദ്യം മുന്നിലെത്തുക. നിങ്ങൾ ഓർഡർ ചെയ്യുംമുന്പുതന്നെ നിങ്ങൾക്കു വേണ്ടത് കന്പനി അറിയിക്കുന്നു.
ഇഷ്ടങ്ങൾ മറവില്ലാതെ
സ്ഥിരം കടയിൽ ചെല്ലുന്പോഴേ “സാറിനുവേണ്ട മീൻ ഉണ്ട്, രണ്ടു കിലോ എടുക്കട്ടെ’’ എന്നു ചോദിക്കുന്പോൾ ഉണ്ടാകുന്ന അടുപ്പമാണോ സ്ക്രീനിൽ നിങ്ങൾക്കു വേണ്ട മീൻ ഏതെന്നു തെളിഞ്ഞുവരുന്പോൾ മനസിലുണ്ടാവുന്നത്? നിങ്ങൾ ഫേസ്ബുക്കിലും വാട്സാപ്പിലുമൊക്കെ രേഖപ്പെടുത്തിയ അഭിപ്രായങ്ങളുംകൂടി കണക്കിലെടുത്താണ് നെറ്റ് വർക്ക് നിങ്ങൾക്കു വേണ്ടതു തെരഞ്ഞുപിടിച്ചതെന്നുകൂടി ഓർക്കുക.
ജോർജ് ഓർവെല്ലിന്റെ “ബിഗ് ബ്രദർ’’പോലെ എല്ലാമറിയുന്ന ഒന്നായിരിക്കും ജിയോ പ്ലാറ്റ് ഫോംസ് റിലയൻസ് റീട്ടെയിൽ വാട്സാപ്പ് സഖ്യം.
നഷ്ടപ്പെടുന്ന തെരഞ്ഞെടുപ്പ്
വ്യക്തികൾക്ക് ഇഷ്ടമുള്ള നെറ്റ്വർക്ക് എടുക്കാനും ഇഷ്ടപ്പെട്ട ചാനൽ കാണാനും ഇഷ്ടപ്പെട്ട ആപ്പ് ഉപയോഗിക്കാനുമൊക്കെയുള്ള അവകാശങ്ങൾ ആരും നിഷേധിക്കില്ല. പക്ഷേ, ആ അവകാശങ്ങൾ സാവധാനം നഷ്ടമാകുന്ന വിധത്തിലാകും കാര്യങ്ങൾ.
അതും ഇതുംകൂടി എടുത്താൽ ഇത്ര ലാഭം, അതില്ലെങ്കിൽ ഇത്രയേറെ ചെലവ് എന്ന ഓഫർ (അഥവാ ഭീഷണി ) വരുന്പോൾ എന്തുചെയ്യും? ലാഭകരമായതു തെരഞ്ഞെടുക്കും.
അതിനു നമുക്കു ന്യായവുമുണ്ടാകും. പലരെ സമീപിക്കേണ്ടല്ലോ. പലർക്കു പണം കൊടുക്കേണ്ടല്ലോ. പല യൂസർ നെയിമും പാസ് വേഡും ഓർക്കേണ്ടല്ലോ.
എല്ലാം ഒരിടത്ത്, ഒരു നെറ്റ്വർക്കിൽ കിട്ടും. ആ നെറ്റ്വർക്ക് തരുന്നതേ കിട്ടൂ എന്നുകൂടിയാണ് അതിനർഥം. കുത്തകകൾ വാഴുന്പോൾ അതാണുണ്ടാവുക.