സ്വന്തം ലേഖകൻ
ന്യൂഡൽഹി: കോവിഡ് ലോക്ക് ഡൗണ്‍ കാലത്ത് ഇ-കൊമേഴ്സ് വിപണിക്ക് വീണ്ടും കടിഞ്ഞാണിട്ട് കേന്ദ്ര സർക്കാർ. അവശ്യസാധനങ്ങൾ മാത്രം ഓണ്‍ലൈൻ വഴി വിപണനം ചെയ്താൽ മതിയെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഞായറാഴ്ച നൽകിയ നിർദേശം. മൊബൈൽ ഫോണ്‍, റഫ്രിജറേറ്റർ, തുണികൾ, ടെലിവിഷൻ, ലാപ്ടോപ്പ് അടക്കമുള്ള വസ്തുക്കളുടെ വിപണനത്തിന് എതാനും ദിവസങ്ങൾക്ക് മുൻപ് അനുമതി നൽകിയിരുന്നു. ഇതാണ് ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത്. ഇ-കൊമേഴ്സ് കന്പനികളുടെ വിതരണക്കാർ അവശ്യ സാധനങ്ങൾ മാത്രം വിതരണം ചെയ്താൽ മതിയെന്നു കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ ഉത്തരവിൽ പറയുന്നു. ഇ-കൊമേഴ്സ് വിപണിയിൽ കൂടുതൽ ഇളവുകൾ നൽകുന്നത് മറ്റു മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറി പുണ്യ സലിലയും പറഞ്ഞു.
ഏപ്രിൽ 20 മുതൽ അതിവ്യാപന മേഖലകൾ അല്ലാത്ത സ്ഥലങ്ങളിൽ ഇളവുകൾ ആകാമെന്നു വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇ-കൊമേഴ്സ് വിപണികൾക്കും കേന്ദ്രം അവശ്യേതര വസ്തുക്കൾ കൂടി വിൽക്കാൻ അനുമതി ആദ്യം നൽകിയത്. എന്നാൽ, കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡേഴ്സ് (സിഎഐടി) ഈ തീരുമാനത്തിനെതിരേ ശക്തമായി രംഗത്തെത്തിയതാണ് ഇപ്പോൾ തീരുമാനം മാറ്റാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചത്.
നാൽപതു ലക്ഷത്തോളം വ്യാപാരികൾ ലോക്ക് ഡൗണ്‍ കാലത്ത് രാജ്യത്ത് അവശ്യ വസ്തുക്കൾ വിൽപന നടത്തിയിരുന്നു. ഇവരെ പാടേ അവഗണിച്ച് കൊണ്ടാണ് ഇ-കൊമേഴ്സ് കന്പനികൾക്ക് ഏപ്രിൽ 20 മുതൽ അവശ്യേതര വസ്തുക്കൾ കൂടി വിൽപന നടത്താൻ അനുമതി നൽകിയതെന്നാണ് കോണ്‍ഫഡറേഷൻ സെക്രട്ടറി ജനറൽ പ്രവീണ്‍ ഖണ്ഡേവാൾ പറഞ്ഞത്.