വാട്സ്ആപ് ഉപയോക്താക്കളുടെ ഏറെ നാളായുള്ള കാത്തിരിപ്പിനു വിരാമമിട്ട് വാട്സ്ആപ്പ് ഡാർക്ക് മോഡ് വരവായി. പല ഘട്ടമായാണ് ഡാർക്ക് മോഡ് ആളുകളിലേക്കെത്തുകയെന്നും ആപ് അപ്ഡേറ്റ് ചെയ്ത് ഇതു സ്വന്തമാക്കാമെന്നും കന്പനി അറിയിച്ചു. അതേസമയം, അപ്ഡേറ്റ് ചെയ്തിട്ടും ഡാർക്ക് മോഡ് ലഭിക്കുന്നില്ലെങ്കിൽ നിരാശരാകേണ്ടെന്നും വൈകാതെ ലഭിക്കുമെന്നും കന്പനി കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ഡാർക്ക് മോഡ് വ്യാപകമായി വരുന്നതേയുള്ളുവെന്നാണ് വിവരം. ആൻഡ്രോയിഡ് വേർഷനിലുമുള്ള എല്ലാ ഫോണുകളിലും ഡാർക്മോഡ് ലഭ്യമാണെങ്കിലും എെഫോണ് നിരയിൽ എെഒഎസ് 13 സോഫ്റ്റ്വേർ വേർഷനിലുള്ളവയിൽ മാത്രമേ ഡാർക്ക് മോഡ് ഉപയോഗിക്കാൻ കഴിയൂ എന്നാണ് റിപ്പോർട്ടുകൾ.
ആൻഡ്രോയിഡ് 10 വേർഷനിലുള്ളവർ ഫോണ് സെറ്റിംഗ്സ്- ഡിസ്പ്ലെ ബ്രൈറ്റ്നെസ് ഓപ്ഷൻ- ഡാർക്ക് മോഡ് എന്ന രീതിയിലാണ് പ്രവർത്തിപ്പിക്കേണ്ടത്. ഈ ഫോണുകളിൽതന്നെ ഡാർക്ക് മോഡ് സംവിധാനം ഉള്ളതിനാൽ വാട്സ്ആപ് തനിയെ ഡാർക്ക് മോഡിലേക്കു മാറുകയാണ് ചെയ്യുന്നത്. എന്നാൽ, ആൻഡ്രോയിഡ് 9 വേർഷനും അതിനു താഴെയുള്ള വേർഷനും ഉപയോഗിക്കുന്നവർ ആപ് അപ്ഡേറ്റ് ചെയ്തശേഷം വാട്സ്ആപ്പ് സെറ്റിംഗ്സിൽ -ചാറ്റ്സ്- തീം- ഡാർക്ക് ഓപ്ഷൻ എന്ന രീതിയിലാണ് ഡാർക് മോഡ് പ്രവർത്തിപ്പിക്കേണ്ടത്.
ഇരുട്ടിൽ വാട്സ് ആപ് ഉപയോഗിക്കേണ്ടിവരുന്പോൾ കണ്ണിലേക്കു ശക്തമായ പ്രകാശമടിക്കുന്നതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടിനു പരിഹാരമായാണു കന്പനി ഡാർക് മോഡ് അവതരിപ്പിച്ചിരിക്കുന്നത്. ഇരുണ്ട പശ്ചാത്തലത്തിലും നിറത്തിലുമുള്ള ഡാർക് മോഡ് വാട്സ്ആപ് ആയാസരഹിതമായ കാഴ്ചയൊരുക്കും. മാത്രമല്ല, ബാറ്ററി ചാർജ് കൂടുതൽ ലാഭിക്കാനും ഡാർക് മോഡ് സഹായകമാണ്.