സൗജന്യ വൈഫൈ: സേവനം തുടരുമെന്നു റെയിൽടെൽ
Wednesday, February 19, 2020 3:57 PM IST
ന്യൂഡൽഹി: രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ സേവനം അവസാനിപ്പിക്കാനുള്ള ഗൂഗിളിന്റെ തീരുമാനത്തിനെതിരേ പൊതുമേഖലാ സ്ഥാപനമായ റെയിൽടെൽ. ഗൂഗിൾ പിന്മാറിയാലും തങ്ങൾ സേവനം തുടരുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന റെയിൽടെൽ അറിയിച്ചു. റെയിൽടെലുമായി ചേർന്നാണ് 415 റെയിൽവെ സ്റ്റേഷനുകളിൽ ഗൂഗിൾ സൗജന്യ വൈഫൈ സേവനം നൽകിയിരുന്നത്.
എ, സി കാറ്റഗറികളിലുള്ള 415 സ്റ്റേഷനുകളിൽ അഞ്ചു വർഷത്തേക്ക് സൗജന്യ വൈഫൈ സേവനം നൽകാനാണ് റെയിൽടെലുമായി ഗൂഗിൾ കരാറുണ്ടാക്കിയിരുന്നത്. റെയിൽടെൽ സാങ്കേതിക സംവിധാനങ്ങൾ ഒരുക്കുന്പോൾ റാൻ (റേഡിയോ അക്സസ് നെറ്റ്വർക്ക്) പ്രകാരം ഗൂഗിളായിരുന്നു സേവനം നൽകിയിരുന്നത്. മറ്റുള്ള 5190 സ്റ്റേഷനുകളിൽ മറ്റ് സേവനദാതാക്കളുമായി ചേർന്ന് വൈഫൈ സംവിധാനം റെയിൽടെൽ ഒരുക്കുന്നുണ്ട്.
ഉപഭോക്താക്കൾ കൂടുതൽ മൊബൈൽ ഡേറ്റ ഉപയോഗിക്കുന്നതിനാൽ സൗജന്യ വൈഫൈ സേവനം നൽകുന്നത് ഗുണം ചെയ്യുന്നില്ലെന്നാണ് ഗൂഗിളിന്റെ വിശദീകരണം. മൊബൈൽ ദാതാക്കളുടെ ഡാറ്റാ പ്ലാനുകൾ ആളുകൾക്ക് താങ്ങാവുന്ന നിലയിലായതിനാലാണ് സൗജന്യ സേവനം അവസാനിപ്പിക്കുന്നതെന്നും ഗൂഗിൾ വ്യക്തമാക്കിയിരുന്നു.