വിപണി മാന്ദ്യത്തിലൂടെ കടന്നുപോകുമ്പോഴും ഫോണ്‍ നിര്‍മാതാക്കളുടെ റേഞ്ചിനു കാര്യമായ കുറവൊന്നും വന്നിട്ടില്ല. പുത്തന്‍ മോഡലുകള്‍ പതിവുപോലെ ഭാഗ്യം പരീക്ഷിക്കാന്‍ എത്തുന്നു. വില കൂടിയതോ കുറഞ്ഞതോ എന്ന വ്യത്യാസമില്ലാതെ ഓരോന്നിലും കൊള്ളാവുന്ന ഫീച്ചറുകളുണ്ട്. ഷവോമിയും റിയല്‍മിയും മാര്‍ക്കറ്റില്‍ കരുത്തോടെ മുന്നേറുമ്പോള്‍ പിന്തള്ളപ്പെടാതെ ഒപ്പമുണ്ട് മറ്റു നിര്‍മാതാക്കളും.
ഇന്ത്യന്‍ കമ്പനിയായ ലാവ ലോഎന്‍ഡ് സെഗ്മെന്റിലാണ് പുതിയ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം എന്ന ടാഗ് ലൈനില്‍ പുറത്തിറക്കിയ ഇസെഡ്71 എന്ന മോഡലിന് 6,299 രൂപയാണ് വിപണിവില. ഈ ഫോണിന്റെ സവിശേഷതകള്‍ നോക്കാം.
അല്പം പഴയതായ മീഡിയാടെക് ഹീലിയോ എ22 ചിപ്സെറ്റ് ആണ് ലാവ ഈ മോഡലില്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഇത് പവര്‍ എഫിഷ്യന്റ് ആണെന്നത് ഗുണപരമാണ്. 5.7 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയില്‍ വാര് ഡ്രോപ് നോച്ച് ഉണ്ട്. മുന്നില്‍ അഞ്ച് എംപി സെല്‍ഫീ കാമറയാണുള്ളത്. പിന്‍വശത്തേക്കു വന്നാല്‍ ഡ്യുവല്‍ കാമറാ സെറ്റപ്പ് കാണാം. 13 എംപി മെയിന്‍ കാമറയും 2 എംപി ഡെപ്ത് ഹെല്പറുമാണിത്. എല്‍ഇഡി ഫ്ളാഷും ഫിംഗര്‍പ്രിന്റ് സ്കാനറുമുണ്ട്.
മെമ്മറിയിലേക്കു വന്നാല്‍ 2 ജിബി റാം, 32 ജിബി സ്റ്റോറേജ് എന്നിവയുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് വഴി മെമ്മറി കൂട്ടാം. 3200 എംഎഎച്ച് ആണ് ബാറ്ററി ശേഷി. ആന്‍ഡ്രോയ്ഡ് 9 പൈ ഒഎസിനൊപ്പം ലാവയുടെ സ്വന്തം സ്റ്റാര്‍ ഒഎസ് 5.1 ഉണ്ടാകും. ഡ്യുവല്‍ സിം സപ്പോര്‍ട്ട് ചെയ്യും. സ്റ്റീല്‍ ബ്ലൂ, റെഡ് നിറങ്ങളില്‍ എത്തുന്ന ഫോണ്‍ ഓണ്‍ലൈനിലും പ്രധാന ഷോപ്പുകളിലും ലഭ്യമാണ്. ആറായിരം രൂപയ്ക്കടുപ്പിച്ച് അത്ര മോശമല്ലാത്ത പാക്കേജ് ആണ് ഈ ഫോണിലൂടെ ലാവ നല്‍കുന്നത് എന്നുറപ്പ്. സാധാരണ ഫീച്ചര്‍ ഫോണില്‍നിന്ന് സ്മാര്‍ട്ട് ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നവര്‍ക്ക് എന്തായാലും പരീക്ഷിക്കാവുന്ന ഒന്നാണ് ഇത്.