ആശയമുള്ള വനിതകളാണ് നിങ്ങളെങ്കിൽ സഹായത്തിന് നിരവധി സംവിധാനങ്ങൾ സർക്കാർ തലത്തിലും അല്ലാതെയും നിങ്ങളോടൊപ്പമുണ്ട്. കെഎസ്ഐഡിസി, ജില്ലാ വ്യവസായകേന്ദ്രങ്ങൾ, ഖാദിബോർഡ്, എൻഎസ്ഐസി, കെഎഫ്സി, മുദ്ര യോജന പദ്ധതി, കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ, വനിത വികസന കോർപറേഷൻ, ബാങ്കുകൾ തുടങ്ങിയവ സ്ത്രീ സംരംഭകർക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്. ഇത്തരം സേവനങ്ങൾ ലഭ്യമാക്കുന്ന സ്ഥാപനങ്ങളെ പരിചയപ്പെടുത്തുകയാണ് ചുവടെ.
ജില്ലാ വ്യവസായ കേന്ദ്രം
സംരംഭകർക്കു വായ്പ ലഭ്യമാക്കൽ, പരിശീലനം എന്നിങ്ങനെ നിരവധി സേവനങ്ങൾ ജില്ല വ്യവസായ കേന്ദ്രങ്ങൾ നല്കി വരുന്നുണ്ട്. സംരംഭകർക്കായുള്ള പരിശീലന പരിപാടികൾ ഇതിൽ പ്രധാനമാണ്. സംരംഭകരുടെ ആവശ്യപ്രകാരം സംരംഭകത്വ പരിശീലന പരിപാടികൾ ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിക്കാറുണ്ട്. ഭക്ഷ്യസംസ്കരണം , ഫാഷൻ ടെക്നോളജി തുടങ്ങിയവയൊക്കെ മുൻഗണന നല്കി പരിശീലനം നല്കുന്ന മേഖലകളാണ്.
വനിതാ സംരംഭകർക്ക് സാധാരണ സംരംഭകർക്കു ലഭിക്കുന്നതിനേക്കാൾ വായ്പ സബ്സിഡി ലഭ്യമാക്കുന്നു. പരമാവധി 30 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. വ്യവസായ വകുപ്പിന്റെ സംരംഭക സഹായ പദ്ധതിയിൽ ഉൾപ്പെടുത്തി ധനകാര്യ സ്ഥാപനത്തിൽ നിന്നും വായ്പ ലഭ്യമാക്കി ആരംഭിക്കുന്ന വ്യവസായ യൂണിറ്റുകൾക്ക് നിക്ഷേപ സഹായമായി ലഭിക്കാവുന്ന സാന്പത്തിക ആനുകൂല്യത്തിന്റെ 50 ശതമാനം(പരമാവധി മൂന്നു ലക്ഷം രൂപ) മൂൻകൂറായി ലഭിക്കും.
സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് നവീന സാങ്കേതിക വിദ്യ ലഭ്യമാക്കി പ്രവർത്തനം നടത്തുന്ന സ്ഥാപനങ്ങൾക്കു സ്ഥിരാസ്തികളിലെ നിക്ഷേപത്തിന്റെ 10 ശതമാനം അധികസഹായമായി (പരമാവധി 10 ലക്ഷം രൂപ) നൽകുന്നു.
ഖാദി ബോർഡ്
നൂൽ നൂൽപ്പ്, നെയ്ത്ത് തുടങ്ങിയവയാണ് ഖാദി ബോർഡിന്റെ പ്രധാന പ്രവർത്തന മേഖല. ഈ മേഖലകളിലെല്ലാം സ്ത്രീ പങ്കാളിത്തം വളരെ കൂടുതലാണ്. എല്ലാ സംരംഭകർക്കും ഖാദി ബോർഡ് വായ്പയും സബ്സിഡിയുമൊക്കെ നല്‍കുന്നുണ്ട്. സാധാരണക്കാർക്കുള്ള വായ്പ സബ്സിഡിയേക്കാൾ അഞ്ചു ശതമാനം കൂടുതലാണ് വനിതകൾക്ക് നൽകുന്നത്.
പ്രധാനമന്ത്രി തൊഴിൽ ദായക പദ്ധതി
പുതിയ തൊഴിൽ പദ്ധതികൾ, സ്വയം തൊഴിൽ, ചെറുകിട സംരംഭങ്ങൾ എന്നിവയ്ക്ക് സബ്സിഡിയോടുകൂടിയ സഹായങ്ങളാണ് പിഎംഇജിപി നൽകുന്നത്. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിലുള്ള ടാസ്ക് ഫോഴ്സ് കമ്മിറ്റി അപേക്ഷകരുമായി നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് ഉപയോക്താക്കളെ തെരഞ്ഞെടുക്കുന്നത്. പദ്ധതിയെക്കുറിച്ച് പത്രങ്ങൾ, റേഡിയോ, ടി.വി തുടങ്ങിയ മാധ്യമങ്ങളിലൂടെ പരസ്യങ്ങൾ നൽകും. ഓണ്‍ ലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പിഎംഇജിപിയുടെ ഓണ്‍ലൈൻ സൈറ്റുവഴി അപേക്ഷ നൽകാം
മുദ്ര
ചെറുകിട സംരംഭകർക്ക് സംരംഭം തുടങ്ങുന്നതിനും നിലവിലുള്ള സംരംഭം വിപുലീകരിക്കുന്നതിനും പ്രധാനമന്ത്രിയുടെ മുദ്ര യോജന പദ്ധതിയുടെ ഭാഗമായി വായ്പകൾ ലഭ്യമാക്കുന്നുണ്ട്.
ബാങ്കുവഴിയാണ് വായ്പകൾ ലഭ്യമാക്കുന്നത്. പൊതുമേഖല ബാങ്കുകൾ വഴിയും സ്വകാര്യ മേഖല ബാങ്കുകൾ വഴിയും ഈ സേവനം ലഭ്യമാക്കുന്നുണ്ട്. ഇതു കൂടാതെ 25 ചെറുകിട ധനകാര്യ സ്ഥാപനങ്ങൾ വഴിയും മുദ്ര വായ്പ ലഭിക്കും. മൂന്ന് ആഴ്ചക്കുള്ളിൽ വായ്പ ലഭ്യമാകും.
ചെറുകിട സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന ആർക്കും ലിംഗ, പ്രായ വ്യത്യാസമില്ലാതെ ഈ പദ്ധതി പ്രകാരം വായ്പ ലഭിക്കും. പ്രവർത്തന മൂലധനത്തിനു പ്രത്യേകം വായ്പയുണ്ട്.
നേരിട്ടുള്ള കാർഷിക പ്രവർത്തനങ്ങൾക്ക് മുദ്ര പദ്ധതി പ്രകാരം വായ്പ ലഭിക്കില്ല. പത്തു ലക്ഷം രൂപവരെ ചെറുകിട സംരംഭകർക്ക് ധന സഹായം നൽകുന്ന പദ്ധതിയാണ് മുദ്ര ലോണുകൾ. മുദ്ര വായ്പകൾക്കും ഈട് ആവശ്യമില്ല.
കെഎസ്ബിസിഡിസി
പിന്നോക്ക വിഭാഗക്കാർ, മത ന്യൂനപക്ഷവിഭാഗങ്ങൾ എന്നിവർക്കായി നിരവധി പദ്ധതികൾ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും നടപ്പിലാക്കുന്നുണ്ട്. പിന്നോക്ക വിഭാഗങ്ങളിലെ വനിതകൾക്ക് സാന്പത്തികമായി പിന്തുണ നൽകുന്ന സ്ഥാപനമാണ് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ. നാഷണൽ ബാക്ക്വേർഡ് ക്ലാസസ് ഫിനാൻഷ്യൽ ആൻഡ് ഡെവലപ്മെന്റ് കോർപറേഷനു (എൻബിസിഎഫ്ഡിസി) മായി ചേർന്നാണ് കേരള സ്റ്റേറ്റ് ബാക്ക്വേർഡ് ക്ലാസ്സ് വികസന കോർപറേഷൻ(കെഎസ്ബിസിഡിസി) പദ്ധതികൾ നടപ്പിൽ വരുത്തുന്നത്.
സ്വയം തൊഴിൽ പദ്ധതികൾ, ലഘുവായ്പാ പദ്ധതികൾ, സ്ത്രീകൾക്കായുള്ള മഹിള സമൃദ്ധി യോജന തുടങ്ങിയ വായ്പാ പദ്ധതികൾ, വിവാഹ വായ്പ,വിദ്യാഭ്യാസ വായ്പ എന്നിങ്ങനെ നിരവധി വായ്പകൾ കോർപറേഷൻ ലഭ്യമാക്കുന്നുണ്ട്
കുടുംബശ്രീ മുഖേനയാണ് വായ്പകൾ ലഭ്യമാക്കുന്നത്. എൻജിഒകൾ, സ്വയം സഹായ സംഘങ്ങൾ എന്നിവ വഴിയും വായ്പകൾ ലഭ്യമാക്കാറുണ്ട്.
സ്ത്രീശാക്തീകരണത്തിന് മുൻതൂക്കം നൽകിയാണ് കോർപറേഷന്റെ പ്രവർത്തനം. വിവിധ സിഡിഎസുകളിലെ വ്യക്തിഗത,ഗ്രൂപ്പ് സംരംഭങ്ങൾക്കാണ് സിഡിഎസുകൾ വഴി വായ്പ ലഭ്യമാക്കുന്നുണ്ട്.
വായ്പ എടുക്കുന്ന അയൽക്കൂട്ടങ്ങളിലെ 75 ശതമാനം പേരെങ്കിലും ഒബിസി അല്ലെങ്കിൽ മതന്യൂനപക്ഷ (ക്രിസ്ത്യൻ, പാഴ്സി, ബുദ്ധ,ജൈന മതവിഭാഗങ്ങൾക്ക്) വിഭാഗത്തിൽപെട്ടവരായിരിക്കണം.
കെഎസ്ഐഡിസി
തുടക്കക്കാരായ സംരംഭകർക്കും വനിതാ സംരംഭകർക്കും കൃത്യമായ മാർഗനിർദേശങ്ങളും സാന്പത്തിക സഹായവുമെല്ലാം ചെയത് നൽകുന്നുണ്ട്. കെഎസ്ഐഡിസി സംരംഭകരെ കണ്ടെത്തി ആവശ്യമായവർക്ക് മെന്ററിംഗ് സപ്പോർട്ടു നല്കി വരുന്നുണ്ട്.
അതോടൊപ്പം മാനേജ്മെൻറ് സ്ഥാപനങ്ങളുമായി ചേർന്ന് എല്ലാ ജില്ലകളിലും മാനേജ്മെൻറ് ട്രെയിനിംഗ് പരിപാടികൾ വനിതാ സംരംഭകർക്കായി സംഘടിപ്പിക്കാറുണ്ട്.
കുടുംബശ്രീയുടെ ജില്ലാ കോഓർഡിനേറ്റർമാർ, പാർട്ണർ സ്ഥാപനങ്ങൾ, ജില്ലാ വ്യാവസായിക കേന്ദ്രങ്ങൾ എന്നിവരെയെല്ലാം എംഡിപി പരിപാടികളിൽ പങ്കെടുപ്പിക്കാറുണ്ട്.
എൻഎസ്ഐസി
എൻഎസ്ഐസിയുടെ ഏകജാലക രജിസ്ട്രേഷൻ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന വനിതാ സംരംഭകർക്ക് സൗജന്യമായി ടെൻഡർ ഫോമുകൾ ലഭ്യമാക്കുന്നു.
ടെൻഡറിൽ പങ്കെടുക്കുന്നതിന് വനിതാ സംരംഭകർ നിരതദ്രവ്യം കെട്ടിവയ്ക്കേണ്ട ആവശ്യമില്ല. സെക്യൂരിറ്റി ഡിപ്പോസിറ്റും നൽകേണ്ട. തുടക്കകാരായ വനിതാ സംരംഭകർക്ക് സാന്പത്തിക സഹായം ആവശ്യമാണെങ്കിൽ ദേശസാത്കൃത ബാങ്കുകളിൽ നിന്നും സ്വകാര്യ ബാങ്കുകളിൽ നിന്നും വായ്പ എടുക്കാനുള്ള സഹായം എൻഎസ്ഐസി നൽകുന്നുണ്ട്.
പരിശീലനവും ഇൻകുബേഷനും നൽകാൻ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. പരിശീലനം നേടുന്ന സംരംഭകർക്ക് പരിശീലന കേന്ദ്രത്തിൽ തന്നെ കുറച്ചു നാൾ ജോലി ചെയ്യാനുള്ള സൗകര്യവും എൻഎസ്ഐസി നൽകുന്നുണ്ട്.
കേരള ഫിനാൻഷ്യൽ കോർപറേഷൻ
ചെറുകിട വ്യവസായ മേഖലയിലുള്ള സരംഭകർക്ക് അവരുടെ പ്രൊജക്ടുകളെ അടിസ്ഥാനമാക്കി കെഎഫ്സി ലോണുകൾ നൽകുന്നുണ്ട്. ചെറുകിട വ്യവസായികൾക്കു വേണ്ടി ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട്, പട്ടികജാതി പട്ടിക വർഗക്കാർക്കും സ്ത്രീകൾക്കും വേണ്ടിയുള്ള പ്രത്യേക സ്കീമുകൾ, കണ്‍സൾട്ടൻസി സർവീസുകൾ എന്നിവയും കെഎഫ്സിയിൽ നിന്നും ലഭ്യമാണ്.
സ്റ്റാൻഡപ് ഇന്ത്യ
സ്ത്രീകൾ, എസ് സി, എസ്ടി വിഭാഗക്കാർ എന്നിവർക്കായി സംരംഭക സഹായം നൽകുന്നതിനായി തയ്യാറാക്കിയിരിക്കുന്ന പദ്ധതിയാണ് സ്റ്റാൻഡ് അപ് ഇന്ത്യ. രാജ്യത്ത് രണ്ടര ലക്ഷം പേർക്ക് നിർബന്ധമായും ഈ ലോണ്‍ നൽകണം എന്ന് നിഷ്കർഷിക്കുന്നു. അതായത് ഒരു ബാങ്ക് നിർബന്ധമായും ഒരു വനിതയ്ക്കും ഒരു എസ് സി, എസ് ടി സംരംഭകനുമെങ്കിലും ലോണ്‍ നൽകണം. നിർമ്മാണ യൂണിറ്റുകൾ സേവന മേഖല, വ്യാപര മേഖല എന്നിങ്ങനെ ഏതു മേഖലയിലുമുള്ള സംരംഭങ്ങൾക്കും ധനസഹായം ലഭിക്കും. വ്യക്തി ഗത സംരംഭമല്ലെങ്കിൽക്കൂടി സംരംഭത്തിൽ 51 ശതമാനമെങ്കിലും ഓഹരി പങ്കാളിത്തം എസ് സി, എസ്ടി അല്ലെങ്കിൽ സ്ത്രീകൾക്ക് ഉണ്ടായാൽ മതി. പത്തു ലക്ഷം രൂപ മുതൽ 1 കോടി രൂപവരെയാണ് വായ്പയായി ലഭിക്കുക.
വനിതാ വികസന കോർപറേഷൻ
വനിതകളുടെ സമഗ്ര ശാക്തീകരണം എന്ന ലക്ഷ്യത്തോടെ കേരള സർക്കാരിന്റെ സാമൂഹ്യ നീതി വകുപ്പിന്റെ കീഴിൽ 1985 മുതൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കേരള വനിത വികസന കോർപറേഷൻ. സ്വയം തൊഴിൽ വായ്പകളും ലഘു വായ്പാ പദ്ധതികളും വഴി സ്ത്രീകളുടെ സാന്പത്തിക ഉയർച്ചയാണ് കോർപറേഷന്റെ ലക്ഷ്യം. അതിനായി കുറഞ്ഞ പലിശ നിരക്കിലാണ് വായ്പകൾ ലഭ്യമാക്കുന്നത്.