മധ്യ തായ്വാനിലെ തായ്ചുങ് സിറ്റി. അവിടുത്തെ ജനസംഖ്യ 28 ലക്ഷത്തിലധികമാണ്. അവിടെയാണ് നാന്‍ടുന്‍ ജില്ല. മാവോയുടെ കാലത്ത് ചൈനയില്‍ നിന്ന് പലായനം ചെയ്ത അഭയാര്‍ഥി കുടുംബങ്ങള്‍ ആദ്യം താമസിച്ചിരുന്നത് ഇവിടെയാണ്.
ഇന്ന് നാന്‍ടുന്‍ ഗ്രാമം വളരെ പ്രശസ്തമാണ്. വര്‍ണാഭമായ കെട്ടിടങ്ങളും ഗ്രാമക്കാഴ്ചകളുമാണ് നിറയെ. ആ ഗ്രാമഭംഗി കാണാന്‍ പ്രതിവര്‍ഷം പത്തു ലക്ഷം ടൂറിസ്റ്റുകളെത്തുന്നുവെന്നാണ് കണക്കുകള്‍. ഗ്രാമത്തിന്റേത് സ്വാഭാവികമായ വര്ണഭംഗിയാണെന്നു കരുതരുത്. മറിച്ച് ഗ്രാമത്തിലെ കെട്ടിടങ്ങളും നിരത്തുകളുമൊക്കെ ചിത്രങ്ങളും പെയിന്റിംഗുകളുമൊക്കെയായി മനോഹരമാക്കിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ചായംപൂശിയ ഗ്രാമം (പെയിന്റഡ് ) ഇതാണ്. ഇതിനൊക്കെ പുറമേ, ഇതൊരു ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥ കൂടിയാണ്.
ഇന്ന് ഗ്രാമത്തില്ക്കാണുന്ന വര്‍ണശബളമായ കെട്ടിടങ്ങളും നിരത്തുമെല്ലാം ഒരാള്‍ വരച്ചതാണ്. ഹുവാങ് യുങ് ഫു എന്ന തൊണ്ണൂറ്റാറുകാരന്.
യുങ് ഫുവിന്റെ മനസിലെ വര്‍ണലോകം
യുങ് ഫു തന്റെ എണ്പത്തഞ്ചു വയസിനുശേഷം തുടങ്ങിയ തപസിന്റെ ഫലം നാന്‍ടുനിലെ ഒരു ഭാഗം നിറയെ കാണാം. അവിടെയെത്തുന്ന ആര്‍ക്കും അമ്പരപ്പും ആഹ്ലാദവുമുണ്ടാക്കുന്ന കാഴ്ച. നിറങ്ങളുടെ മഴപ്പെരുമ സൃഷ്ടിച്ചിരിക്കുന്ന തുകൊണ്ട് 'മഴവില്‍ ഗ്രാമം' (Rainbow Village) എന്നാണ് ഈ പ്രദേശം ഇപ്പോള്‍ അറിയപ്പെടുന്നത്. വീടുകളുടെ അകംചുവരുകളും പുറം ചുവരുകളും തറയും മുറ്റവും നിരത്തും എല്ലാം നിറഞ്ഞു കവിഞ്ഞ് ചിത്രങ്ങളൊഴുകുന്നു. യുങ് ഫുവിന്റെ മനസിലെ ചിത്രങ്ങളാണവ.
യുങ് ഫുവിന് ഇപ്പോള്‍ 96 വയസു കഴിഞ്ഞു. ഇന്നും മങ്ങിത്തുടങ്ങിയ ചായക്കൂട്ടുകള്‍ വീണ്ടും മിനുക്കിയും മഴവില്‍ ഗ്രാമം കാണാനെത്തുന്ന ടൂറിസ്റ്റുകളോട് തന്റെയും തന്റെ ചിത്രങ്ങളുടെയും കഥ പറഞ്ഞും യുങ് ഫുവുണ്ട്. ബിബിസിയും മറ്റും മഴവില്‍ ഗ്രാമത്തിന്റ്്െ കഥ ലോകമെമ്പാടു മെത്തിച്ചതോടെ ടൂറിസ്റ്റുകളുടെ പ്രവാഹമായി. മാത്രമല്ല, ഈ മഴവില്‍ ഗ്രാമം നിലനിര്‍ത്താന്‍ ഇപ്പോള്‍ തായ്വാന് സര്‍ക്കാരും ബദ്ധശ്രദ്ധരാണ്.
ചിത്രരചനയില്‍ അഭിരുചിയുമായി
ചൈനയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് യുങ് ഫു ജനിച്ചത്. കൃഷി ഉപജീവനമായ കുടുബം. അച്ഛനും അമ്മയും പിന്നെ നാലു സഹോദരങ്ങളും രണ്ട് സഹോദരിമാരുമായിരുന്നു യുങ് ഫുവിന്റെ ലോകം. തിരിച്ചറിവിന്റെ പ്രായമായപ്പോള്‍ യുങ് ഫുവിനെ അത്ഭുതപ്പെടുത്തിയത് പ്രകൃതിയുടെ വര്‍ണവൈവിധ്യമാണ്. ചൈനയിലെ ഗ്രാമത്തിന്റെ വരണ്ട പശ്ചാത്തലത്തില്‍ പുറത്തെ ലോകത്തിന്റെ പച്ചയും മഞ്ഞയും ചുവപ്പും പിന്നെ പേരറിയാത്ത അനേകമനേകം നിറങ്ങളും ആ കുഞ്ഞു മനസില്‍ കയറിപ്പറ്റി.
ആദ്യം കരി കൊണ്ട് യുങ് ഫു അവിടെയുമിവിടെയും കുത്തിവരയ്ക്കുമായിരുന്നു. അഞ്ചു വയസായപ്പോഴേക്കും മകന് ചിത്രരചനയിലുള്ള അഭിരുചി പിതാവ് തിരിച്ചറിഞ്ഞു. അദ്ദേഹം അവനെ ചിത്രം വരയ്ക്കാന്‍ പഠിപ്പിച്ചു. അങ്ങനെ സ്വന്തം വീടിന്റെ ഭിത്തിയിലും മരങ്ങളുടെ തടിയിലും കൈയില്‍ക്കിട്ടുന്ന കടലാസുകഷണങ്ങളി ലുമൊക്കെ യുങ് ഫു ചിത്രങ്ങള്‍ വരച്ചു തുടങ്ങി. കിളികളും മൃഗങ്ങളും .... അങ്ങനെ ഭാവനയില്‍ കാണുന്നതൊക്കെ ചിത്രങ്ങളായി.
എന്നാല്‍ വളര്‍ന്നു വലുതായതോടെ മൂത്ത മകന് എന്ന നിലയില്‍ മാതാപിതാക്കളെ സഹായിക്കേണ്ട ഉത്തരവാദിത്തം യുങ് ഫുവിന്റേതായി. അതോടെ മെല്ലെ മെല്ലെ നിറങ്ങളും ചിത്രങ്ങളും ചായക്കൂട്ടുകളുമൊക്കെ അവന്റെ ലോകത്ത് നിന്ന് എങ്ങോ പോയി.
തായ്വാനിലേക്ക് രക്ഷപെടുന്നു
ചൈനയിലെ അപ്പോഴത്തെ ആഭ്യന്തരാവസ്ഥ സംഘര്‍ഷഭരിതമായിരുന്നു. നാഷണലിസ്റ്റ് കൂമിന്താങ് പാര്‍ട്ടിയുടെ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായി മാവോയുടെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കാന്‍ യുങ്ഫുവും തയാറായി. ഒടുവില്‍ 1946-ല്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരകലാപത്തില്‍ സജീവമായി പങ്കെടുത്ത് യുങ് ഫുവിന്റെ പിതാവും കുടുംബവും കമ്യൂണിസ്റ്റ് ട്രൂപ്പിനെതിരെ പോരാടി. പക്ഷേ ഒടുവില്‍ കലാപത്തിനു നേതൃത്വം നല്കിയ ചിയാങ് കയ്ഷെക്കിനും രണ്ടുലക്ഷത്തോളം ചൈനക്കാര്ക്കുമൊപ്പം ആ കുടുംബത്തിനും തായ്വാനിലേക്ക് രക്ഷപെടേണ്ടി വന്നു.
അങ്ങനെ ചൈനയില്‍ നിന്ന് അഭയാര്‍ഥികളായി വന്നവര്‍ക്കു വേണ്ടി തായ്വാനില് പെട്ടെന്ന് തല്ലിക്കൂട്ടിയെടുത്ത സെറ്റില്‍മെന്റ് കോളനിയിലായി യുങ് ഫുവിന്റെയും കുടുംബത്തിന്റെയും ജീവിതം. ചെളിക്കട്ട പോലുള്ള മണ്ണില്‍, സെറ്റില്‍മെന്റില്‍ താമസത്തിനു ചെന്ന അഭയാര്‍ഥികള്‍ കൃഷി തുടങ്ങി. ക്രമേണ അത് ചെറിയൊരു ഗ്രാമമായി മാറി. യുങ് ഫുവും കുടുംബവും ചെല്ലുമ്പോള്‍ ആയിരത്തിയിരുനൂറോളം കുടുംബങ്ങളുടെ അഭയകേന്ദ്രമായിരുന്നു നാന്‍ടുന്‍.
മനസിന്റെ പ്രതിഷേധം
പത്തു പന്ത്രണ്ടു കൊല്ലം മുമ്പ് നാന്ടുവിന്റെ കഥ മറ്റൊന്നായി മാറാന്‍ തുടങ്ങി. തായ്ചുങ് സിറ്റിയും കൗണ്ടിയും ലയിപ്പിച്ച് തായ്ചുങ് സ്പെഷല്‍ മുനിസിപ്പാലിറ്റിയായത് 2010-ലാണ്. അതോടെ വികസനപ്രവര്‍ത്തനങ്ങളായി. നാന്ടുനിന്റെ വിസ്തൃതി 31 ചതുരശ്ര കിലോമീറ്ററണ്. ജനസംഖ്യ ഒന്നേമുക്കാല്‍ ലക്ഷത്തോളം വരും. നഗരവികസനത്തിന്റെ ഭാഗമായി സര്‍ക്കാരിന് വിവിധ ഭാഗങ്ങളില്‍ ഭൂമിയെടുക്കേണ്ടി വന്നു. സ്വാഭാവികമായും സെറ്റില്‍മെന്റ് കോളനിയും ഏറ്റെടുത്തു. അവിടെ പുതിയൊരു അപാര്‍ട്ട്മെന്റ് കോംപ്ളെക്സാണ് പ്രോജക്ട്. അതുകൊണ്ട് അവിടെയുള്ള കുടിയേറ്റക്കാരോട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടു. ഓരോ കുടുംബത്തിനും 61000 ഡോളര്‍ കോമ്പന്‍സേഷന്‍ പാക്കേജായി ഓഫര്‍ ചെയ്തു. കിട്ടിയ പണവുമായി പുതിയ സ്ഥലത്തേക്ക് ഒന്നൊന്നായി കുടുംബങ്ങള്‍ ഒഴിഞ്ഞു പോകാന്‍ തുടങ്ങി. യുങ് ഫുവിന്റെ കുടുംബാംഗങ്ങളുള്‍പ്പടെ എല്ലാവരും അവിടെ നിന്നു പോയി.
പക്ഷേ യുങ് ഫുവിന് സര്‍ക്കാരിന്റെ ഓഫര്‍ സ്വീകാര്യമായില്ല, എന്തു വന്നാലും തന്റെ പ്രാണവായുവായ ഈ പ്രദേശം വിട്ടുപോകില്ലെന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു.
യുങ് ഫുവിന്റെ ആ വാശിയാണ് മഴവില്‍ ഗ്രാമത്തി്്റെ പിറവിക്കു കാരണമായത്.
വരയുടെ ലോകത്തേക്ക് വീണ്ടും
കോളനി പ്രദേശത്തു നിന്ന് എല്ലാവരും ഒഴിഞ്ഞു പോയപ്പോള്‍ യുങ് ഫു ഒറ്റയ്ക്കായി. മുഷിവു മാറ്റാന്‍ എന്തു ചെയ്യുമെന്ന് ആലോചിച്ചപ്പോള്‍ പഴയ ചിത്രരചനാ വാസന മനസില്‍ പൊന്തി വന്നു. പിന്നെ രണ്ടാമതൊന്ന് ആലോചിച്ചില്ല. യുങ് ഫു പെയിന്റും ബ്രഷും കൈയിലെടുത്തു.
സ്വന്തം വീടിന്റെ പുറത്തെ ചുവരില്‍ ആദ്യം ഒരു ചെറിയ പക്ഷിയെ വരച്ചു. പിന്നീട് പൂച്ച, കിളികള്‍, ആളുകള്‍ എന്നിങ്ങനെ വര്‍ണചിത്രങ്ങള്‍ കൊണ്ട് ഭിത്തികള്‍ നിറച്ചു. അദ്ദേഹം രാവിലെ എഴുനേല്ക്കും. നാലു മണിക്കൂറോളം പെയിന്റിംഗിനായി ഉപയോഗിക്കും. ബ്രൂസ് ലീ, വിമാനം, ആകാശം, മേഘം ....... സ്വന്തം വീട്ടിലെ ഭിത്തികളും തറയും ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞപ്പോള്‍ ഒഴിഞ്ഞു കിടക്കുന്ന അടുത്ത വീട്ടിലേക്കു തിരിഞ്ഞു. ഒന്നല്ല രണ്ടല്ല ഇരുപതോളം വീടുകളും അവയുടെ മുന്നിലുള്ള വഴികളും.
മെല്ലെ മെല്ലെ ഒരു കാമ്പുംഗ് പെലാംഗി (മഴവില്‍ ഗ്രാമം) പിറവിയെടുക്കുകയായിരുന്നു.
മഴവില്‍ മുത്തശ്ശന്
2020ലാണ് യുങ് ഫുവും അദ്ദേഹത്തിന്റെ ചിത്രങ്ങളും പുറം ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഒരു യൂണിവേഴ്സിറ്റിയില്‍ നിന്ന് അവിടെയെത്തിയ കുട്ടികളില്‍ ഒരാളെ, ചിത്രങ്ങള്‍ പെയിന്റ് ചെയ്ത വീടുകളുടെ ഭംഗി ആകര്‍ഷിച്ചു. ആ യുവാവ് വീടുകളുടെയും ഗ്രാമത്തിന്റെയും ചിത്രങ്ങളെടുത്തു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. അതോടെ പെട്ടെന്ന് വൈറലായി. യുവാക്കള്‍ ഒരു ഫണ്ട് റെയ്സിംഗ് കാമ്പെയിന് തുടങ്ങുകയും ചെയ്തു.
ഇതോടെ ഗവണ്മെന്റ് യുങ് ഫുവിന്റെ സേവനങ്ങളെ അംഗീകരിച്ചു. നാന്‍ടുനിലെ കെട്ടിടങ്ങളും നിരത്തുമൊക്കെ സംരക്ഷിക്കാനായി 22000 ഡോളര്‍ മുടക്കി ഗ്രാമം റീബ്രാന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു.
ഇന്ന് നാന്‍ടുനിലെ പ്രധാന ടൂറിസ്റ്റ് ആകര്ഷണകേന്ദ്രങ്ങള് ഫെംങില് സ്കള്‍പ്ചര്‍ പാര്‍ക്ക്, ഫുള്‍ഫില്‍മെന്റ് ആംഫി തിയേറ്റര്‍, ലിങ് തുങ് നാണയ മ്യൂസിയം എന്നിവയാണ്. പിന്നെ റെയിന്‍ബോ വില്ലേജും.
എല്ലാത്തിനും സാക്ഷിയായി നാന്‍ടുനിലെ മഴവില്‍ മുത്തശ്ശന് യുങ് ഫു ടൂറിസ്റ്റുകളെ കാത്തിരിക്കുന്നു. തന്റെ കഷ്ടപ്പാടുകളുടെ കഥ പറഞ്ഞു കൊടുക്കാന്‍.
യുങ് ഫുവിന്റെ കഥ കേള്‍ക്കുന്നവരുടെ മനസില്‍ പ്രചോദനത്തിന്റെ ഒരായിരം മഴവില്ലുകള്‍ വിരിയാതിരിക്കുന്നതെങ്ങനെ?
ഡോ. രാജൻ പെരുന്ന