അടുത്ത വേനലും ആകസ്മികമായിവന്ന കൊറോയുമൊന്നും പഴയന്നൂരിലെ പ്രീതിയെന്ന വീട്ടമ്മയെ അലട്ടുന്നതേയില്ല. വെള്ളരി മാത്രം കൃഷിചെയ്യുന്ന കര്‍ഷകരില്‍ നിന്നു വ്യത്യസ്തയായി പത്തിലധികം പച്ചക്കറികള്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ചു ശ്രദ്ധ നേടുകയാണ് ഈ വീട്ടമ്മ. രണ്ടുവര്‍ഷം മുമ്പു തുടങ്ങിയ തരിശുനില പച്ചക്കറി കൃഷിയിലൂടെയാണ് പ്രീതയുടെ തുടക്കം. കാട്ടുപന്നിയും മാനും മയിലുമൊക്കെ നിരന്തരം ആക്രമിക്കുന്ന പ്രദേശമായതിനാല്‍ നല്ല രീതിയില്‍ വിളവെടുക്കുയെന്നത് സ്വപ്നമായിരുന്നു. ആദ്യവര്‍ഷം രാത്രിപോലും കാവലിരുന്ന് കുറച്ചൊക്കെ വിളവെടുത്തു. രണ്ടാംവര്‍ഷമായപ്പോഴേക്കും ശക്തമായ ആക്രമണമായി. അതോടെ സൗരവേലി എന്ന ആശയം നടപ്പിലാക്കി. തന്റെ രണ്ടര ഏക്കര്‍ സ്ഥലം സോളാര്‍ കമ്പിവേലി കെട്ടി സുരക്ഷിതമാക്കിയതോടെ പന്നിയുടെയും മാനിന്റെയും ആക്രമണം ഇല്ലാതായി എന്നു പറയാം. മയിലിനെതിരേ തിളങ്ങുന്ന റിബണുകള്‍ ഉപയോഗിച്ചു. മാറ്റം പ്രകടമായിരുന്നു.
എല്ലാക്കാലത്തും വിവിധയിനം പച്ചക്കറികള്‍ വില്പനയ്ക്ക് എത്തിച്ചെങ്കില്‍ മാത്രമേ വില ലഭ്യമാകുകയുള്ളൂ എന്ന തത്വം നടപ്പില്‍ വരുത്തിയായിരുന്നു കൃഷിയുടെ പ്ലാനിംഗ്. ആകെയുള്ള സ്ഥലത്തെ പല പ്ലോട്ടുകളായി തിരിച്ച് വിവിധയിനം പച്ചക്കറികള്‍ കൃഷിചെയ്തു. പയര്‍, പാവല്‍, പടവലം, ചുരയ്ക്ക, പീച്ചില്‍, മത്തന്‍, വെള്ളരി, കുമ്പളം, സാലഡ് വെള്ളരി, വെണ്ട, ചീര, തണ്ണിമത്തന് തുടങ്ങിയ ഇനങ്ങളാണ് കൃഷിയിറക്കിയത്. ഒരു കടയിലേക്കു വേണ്ട ഒട്ടുമിക്ക ഇനങ്ങളുമുള്ളതിനാല് വിപണനം ഒരു ഘട്ടത്തിലും പ്രശ്നമായില്ല. വേനല്‍ കടുത്തതോടെ ജലസേചനം പ്രശ്നമായി. ഡ്രിപ്പ് ഫെര്ട്ടിഗേഷന് (തുള്ളിനന) യൂണിറ്റുകള്‍ രണ്ടെണ്ണം പഴയന്നൂര്‍ കൃഷിഭവന്റെ സഹായത്തോടെ സ്ഥാപിച്ചത് നേട്ടമായി. കുറഞ്ഞ സമയത്തിനുള്ളില്‍ കൃത്യമായി ജലവും മൂലകങ്ങളും കൊടക്കുവാന്‍ സാധിച്ചതോടെ വിളവും മികച്ചതായി. ഇലകളില്‍ തളിക്കുന്നതിനായി പച്ചചാണകം, കടല പിണ്ണാക്ക് എന്നിവ പുളിപ്പിച്ച് ഉപയോഗിച്ചു.
സംയോജിത കൃഷിത്തോട്ടമായി മാറ്റുന്നതിന്റെ ഭാഗമായി അത്മയുടെ സഹായത്തോടെ ആട്, പശു, താറാവ് എന്നിവയേയും വളര്‍ത്തി. കടുത്ത വേനലില്‍ ആരും കഴിക്കാനിഷ്ടപ്പെടുന്ന തണ്ണിമത്തന് കൃഷിചെയ്തു. കൊറോണയുടെ വരവോടെ മറ്റുസ്ഥലങ്ങളില്‍ നിന്ന് തണ്ണിമത്തന്റെ വരവു കുറഞ്ഞപ്പോള്‍ പ്രീതയുടെ തോട്ടത്തില്‍ നിന്ന് ഫ്രഷായി തണ്ണിമത്തന് വില്പന നടത്താന്‍ കഴിഞ്ഞു.
വിപണനത്തിനും പ്രീത ഒരു പ്രത്യേക ശൈലി പിന്തുടരുന്നു. എല്ലാ പച്ചക്കറികളും വിളവെടുത്ത് വാരിവലിച്ച് വില്പനയ്ക്കെത്തിച്ചില്ല. ഉത്പന്നങ്ങള്‍ വര്‍ഗീകരിച്ച് ഗ്രേഡ് തിരിച്ചാണ് വിപണനം. പഴയന്നൂര്‍ കൃഷിഭവന്റെ ഇക്കോഷേപ്പുവഴിയും കൃഷിസ്ഥലത്ത് നിന്നു നേരിട്ടുമാണ് വില്പന. കൊറോണയെ നേരിടുന്നതിന്റെ ഭാഗമായി തുടങ്ങിയ കമ്മൂണിറ്റി അടുക്കളയിലേക്ക് പച്ചക്കറികള്‍ നല്‍കിയതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ഈ വീട്ടമ്മ. കൂടാതെ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ജീവനി-സജ്ഞീവനി വിപണികളിലേക്കും പച്ചക്കറികള്‍ എത്തിച്ചു. ഗുണമേന്മയില് ഒട്ടും വിട്ടുവീഴ്ച കാണിക്കാത്തതിനാല്‍ ഉത്പന്നങ്ങള്‍ എ ഗ്രേഡായി വില്ക്കാന് സാധിക്കുന്നു. എന്നതാണ് കൊറോണക്കാലത്ത് ഈ വനിതാകര്‍ഷക നമ്മെ പഠിപ്പിക്കുന്നപാഠം. അടുത്ത സീസണിലേക്കു വേണ്ട പച്ചക്കറികള്‍ നടുന്നതിന്റെ തിരക്കിലാണ് പ്രീത. പ്രീതയുടെ പച്ചക്കറി കലവറകള്‍ സമൃദ്ധമാകുകയാണ്, കാര്‍ഷിക കേരളത്തിന്റെ ഹരിതസമൃദ്ധിക്കായി....ഫോണ്‍: പ്രീത ടി.ആര്. - 9961391545.
ജോസഫ് ജോണ്‍ തേറാട്ടില്‍
കൃഷി ഓഫീസര്‍, പഴയന്നൂര്‍