ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തില്‍ ഭരണ സുതാര്യത ഉറപ്പുവരുത്തുന്നതിനുള്ള പരിശ്രമങ്ങളുടെ ഫലമായാണ് വിവരാവകാശ നിയമം രൂപംകൊണ്ടത്. ഭരണ സുതാര്യത ഉറപ്പു വരുത്തുക, അഴിമതി കുറയ്ക്കുക, വിവരങ്ങള്‍ നല്കുന്നതില് ഉദ്യോഗസ്ഥരുടെ പെട്ടെന്നുള്ള പ്രതികരണം നടപ്പില്‍ വരുത്തുക എന്നിവയാണ് ഈ ആക്ടിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ശിക്ഷാനടപടികള്‍ നേരിടേണ്ടിവരും എന്ന ഭയം മൂലം ഉദ്യോഗസ്ഥര്‍ സമയബന്ധിതമായും കൃത്യമായും വിവരങ്ങള്‍ നല്കുവാന് നിര്‍ബന്ധിതനാകുന്നു. ഇതുമൂലം ജനങ്ങള്‍ക്ക് സമയബന്ധിതമായി തീരുമാനങ്ങള്‍ കൈക്കൊള്ളുവാന്‍ സഹായകമാകും. മാത്രമല്ല ഇത് അഴിമതി കുറയ്ക്കുവാന്‍ സഹായിക്കും.
ഒരു പബ്ലിക്ക് അതോറിറ്റിയുടെ കൈയില്‍ നിന്നും വിവരം ലഭിക്കുവാനുള്ള അവകാശത്തിനുവേണ്ടിയാണ് ഈ നിയമം ഉണ്ടാക്കിയിരിക്കുന്നത്. ഈ നിയമപ്രകാരം സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സഹകരണസംഘങ്ങള്‍, യൂണിവേഴ്സിറ്റികള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം അപേക്ഷിക്കുന്ന മുറയ്ക്ക് 30 ദിവസത്തിനുള്ളില്‍ വിവരം ലഭിക്കും.
ഈ നിയമപ്രകാരം അപേക്ഷകന് രേഖകളുടേയും പ്രമാണങ്ങളുടേയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പദാര്‍ഥങ്ങളുടെ സാക്ഷ്യപ്പെടുത്തിയ സാമ്പിളുകള്‍, കംപ്യൂട്ടര്‍ പ്രിന്റുകള്‍, ഇമെയിലുകള്‍ എന്നിവയുടെ പകര്‍പ്പുകള്‍ എടുക്കുവാനും സാധിക്കും. ഫയലുകളും രേഖകളും മറ്റും ഓഫീസില്‍ പോയി നേരില്‍ പരിശോധിക്കുന്നതിനും ആവശ്യമുള്ളവയുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ എടുക്കുവാനും സാധിക്കുന്നു.
വിവരം എന്നാല്‍ ....
രേഖകളും, പ്രമാണങ്ങളും, മെമ്മോകളും, ഇമെയിലുകളും, അഭിപ്രായങ്ങളും, ഉപദേശങ്ങളും, പത്രപ്രസ്താവനകളും, ഉത്തരവുകളും, കോണ്‍ട്രാക്ടുകളും, റിപ്പോര്‍ട്ടുകളും, പേപ്പറുകളും, സാമ്പിളുകളും, മോഡലുകളും, ഇലക്ട്രോണിക് രൂപത്തിലുള്ള എല്ലാ മെറ്റീരിയലുകളും ഇതില്‍ ഉള്‍പ്പെടുന്നു.
രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍, നയതന്ത്രപരമായ കാര്യങ്ങള്‍, കോടതി പ്രസിദ്ധീകരണം തടഞ്ഞവ, പൊലീസിന്റെ അന്വേഷണത്തില്‍ ഇരിക്കുന്ന കേസുകള്‍ തുടങ്ങി ഈ ആക്ട് പ്രകാരം ലഭ്യമല്ല എന്ന് നിഷ്കര്‍ഷിച്ചിട്ടുള്ളവ ഒഴികെ മറ്റെല്ലാ വിവരങ്ങളും അപേക്ഷകന് ലഭിക്കും. 20 വര്‍ഷം മുന്‍പ് വരെയുള്ള വിവരങ്ങള്‍ ഈ ആക്ട് പ്രകാരം ലഭിക്കുന്നതാണ്.
വിവരങ്ങള്‍ക്ക് ആരെയാണ് സമീപിക്കേണ്ടത്
പബ്ളിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (പി.ഐ.ഒ) ക്കാണ് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ കൊടുക്കേണ്ടത്. എല്ലാ ഓഫീസുകളിലും ഒരു പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഉണ്ടായിരിക്കും. ഓരോ ഓഫീസിലും അതത് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ പേര്, അപ്പീല്‍ അധികാരിയുടെ പേര് എന്നിവ നോീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം എന്നത് നിയമം നിഷ്കര്‍ഷിക്കുന്നു.
അപേക്ഷിക്കേണ്ട വിധം
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസറെ അഡ്രസ് ചെയ്തു കൊണ്ട് ഒരു വെള്ളപേപ്പറില്‍ 10 രൂപയുടെ കോര്‍് ഫീസ് സ്റ്റാമ്പോടുകൂടിയാണ് അപേക്ഷ തയ്യാറാക്കേണ്ടത്. ഒന്ന്, രണ്ട് എന്നീ ക്രമത്തില്‍ അക്കമിട്ട് ചോദ്യങ്ങള്‍ ചോദിക്കാം. ഇംഗ്ലീഷിലോ ഹിന്ദിയിലോ മലയാളത്തിലോ അപേക്ഷ സമര്‍പ്പിക്കാം. എഴുതുവാന്‍ കഴിയാത്ത ആളാണെങ്കില്‍ അത് എഴുതി എടുക്കുവാനുള്ള സൗകര്യം പബ്ലിക്ക് ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ ചെയ്തുകൊടുക്കേണ്ടതാണ്. പേരും കോണ്ടാക്ട് നമ്പറും മാത്രമേ കൊടുക്കേണ്ടതുള്ളൂ. മറ്റു വിവരങ്ങള്‍ ഒന്നും തന്നെ കൊടുക്കേണ്ടതില്ല.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ ഫീസ് ഒടുക്കേണ്ടതില്ല. കേന്ദ്ര സര്‍ക്കാരിന്റെ സ്ഥാപനം ആണെങ്കില്‍ പോസ്റ്റല്‍ ഓര്‍ഡറോ ഡി.ഡി മുഖേനയോ ആണ് പണം ഒടുക്കേണ്ടത്.
അപ്പീല്‍
വിവരാവകാശ നിയമപ്രകാരം ലഭിക്കേണ്ട മറുപടി ലഭിച്ചില്ലെങ്കിലോ, തൃപ്തികരമല്ലെങ്കിലോ, തെറ്റാണെങ്കിലോ അപ്പീല്‍ നല്‍കാം. ഇതിന് പ്രത്യേകം ഫീസ് നല്‍കേണ്ടതില്ല. വിവരാവകാശ നിയമപ്രകാരം കിട്ടുന്ന മറുപടിയില്‍ അപ്പീല്‍ അധികാരിയുടെ പേര്, വിലാസം, അപ്പീല്‍ സമര്‍പ്പിക്കേണ്ട കാലാവധി എന്നിവ വ്യക്തമാക്കിയിരിക്കും. ഒന്നാം അപ്പീല്‍ കൊടുക്കേണ്ടത് വിവരം തരാന്‍ ബാധ്യസ്ഥനായ ഉദ്യോഗസ്ഥന്റെ മേലുദ്യോഗസ്ഥനും രണ്ടാം അപ്പീല്‍ കൊടുക്കേണ്ടത് സംസ്ഥാന/ കേന്ദ്ര വിവരാവകാശ കീഷനും ആണ്.
വിവരങ്ങള്‍ ലഭിക്കുന്ന കാലാവധി
പരമാവധി 30 ദിവസമാണ് വിവരം ലഭിക്കുന്നതിനുള്ള കാലാവധി. ഒരു വ്യക്തിയുടെ ജീവനേയും സ്വാതന്ത്ര്യത്തേയും കുറിച്ചുള്ള വിവരം ആണെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ വിവരം നല്‍കണം. 30 ദിവസം അല്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ വിവരം ലഭിച്ചില്ലെങ്കില്‍ അപേക്ഷ നിരസിച്ചതായി കണക്കാക്കാം.
ശിക്ഷാ നടപടികള്‍
വ്യക്തമായ കാരണമില്ലാതെ അപേക്ഷകന് വിവരം നല്‍കുന്നത് നിരസിച്ചാല്‍ 30 ദിവസം കഴിഞ്ഞ് തുടര്‍ന്നു വരുന്ന ഓരോ ദിവസത്തിനും ബാധ്യസ്ഥനായ ഉദ്യോഗസ്ഥനില്‍ നിന്ന് 250 രൂപ വീതം പിഴ ഈടാക്കാവുന്നതാണ്. പരമാവധി ചുമത്താവുന്ന പിഴ 25,000 രൂപയാണ്. വിവരങ്ങള്‍ ചോദിക്കുന്ന ആള് അത് എന്താവശ്യത്തിനാണ് ചോദിക്കുന്നത് എന്നത് യാതൊരു കാരണവശാലും വെളിപ്പെടുത്തേണ്ടതില്ല.
അഡ്വ. വിമല്‍ കുമാര്‍
കേരള ഹൈക്കോടതി