തൃശൂർ: സിനിമാ കാഴ്ചകൾക്ക് എന്നും തൃശൂരിന് കൂട്ടായിരുന്ന സപ്ന തീയറ്റർ എന്നന്നേക്കുമായി അടച്ചൂപൂട്ടി. ലോക്ഡൗണ്‍ കഴിഞ്ഞാലും ഇനി തീയറ്റർ തുറക്കില്ല. തീയറ്ററും സ്ഥലവും ഒരു പ്രമുഖ ബിസിനസ് ഗ്രൂപ്പിന് ഉടമകൾ ലീസിന് കൊടുത്തു കഴിഞ്ഞു.
തൃശൂരിലെ ആദ്യകാല തീയറ്ററുകളിലൊന്നായ സപ്ന തൃശൂർക്കാരുടെ പ്രിയങ്കരിയായ തീയറ്ററായിരുന്നു. നഗരത്തിലെ ജോസ്, സപ്ന തീയറ്ററുകളുടെ ഉടമസ്ഥൻ ഒരാളാണ്.
മലയാളത്തിലേയും മറ്റു ഭാഷകളിലേയും പല ഹിറ്റ് സിനിമകളും പ്രദർശിപ്പിച്ചിട്ടുള്ള സപ്ന തീയറ്ററിന്റെ ആദ്യ പേര് രാമവർമ തീയറ്റർ എന്നായിരുന്നു.1930-ൽ ജോസ് തീയറ്റർ തുടങ്ങി അധികം വൈകാതെ തന്നെ രാമവർമസ്വാമി എന്നയാൾ രാമവർമ എന്ന പേരിൽ തീയറ്റർ തുടങ്ങി.
1973-ലാണ് രാമവർമ തന്റെ പ്രിയപ്പെട്ട തീയറ്റർ ജോസ് തീയറ്റർ ഉടമ കുഞ്ഞിപ്പാലുവിന് കൈമാറിയത്. കുഞ്ഞിപ്പാലു മകൻ മോഹൻ പോളിന്റെ പേരിലാണ് തീയറ്റർ വാങ്ങിയത്. പിന്നെ തീയറ്ററിന്റെ പേര് സപ്ന എന്നാക്കി.
സപ്ന എന്നാണെങ്കിലും തൃശൂർക്കാർക്ക് സ്വപ്ന തീയറ്റായിരുന്നു, പഴമക്കാർക്ക് രാമവർമയും. കേരളമൊട്ടാകെ തീയറ്ററുകൾ നഷ്ടത്തിലായപ്പോൾ വിൽക്കുകയും കല്യാണമണ്ഡപങ്ങളാക്കുകയും ചെയ്ത സമയത്തും കടുത്ത സാന്പത്തിക നഷ്ടമുണ്ടെങ്കിലും സപ്ന തീയറ്റർ വിട്ടുകൊടുക്കാതെ മോഹൻ പോൾ നടത്തിക്കൊണ്ടുപോയി.
തൃശൂരിനെ സിനിമ ചരിത്രത്തിൽ അടയാളപ്പെടുത്തുന്പോൾ ജോസിനും സപ്നയ്ക്കും നിർണായക സ്ഥാനമുണ്ട്. നഗരത്തിലെ പല ചലചിത്രോത്സവങ്ങൾക്കും സപ്ന തീയറ്റർ പങ്കാളിയായിട്ടുണ്ട്.
തീയറ്റർ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കില്ലെന്ന ഉറപ്പായതിനാലാണ് ഉടമകൾ ലീസിന് നൽകാൻ തീരുമാനിച്ചത്. പുതിയ സംരംഭം എന്തായിരിക്കുമെന്ന് വ്യക്തമല്ലെങ്കിലും തീയറ്ററല്ലെന്നാണ് സൂചന.
സപ്ന തീയറ്ററിലെ സീറ്റുകൾ അഴിച്ചു മാറ്റി കഴിഞ്ഞു. ജനറേറ്ററും എസിയും പ്രൊജക്ടറുമെല്ലാം എടുത്തുമാറ്റി. ലോക്ഡൗണ്‍ കഴിഞ്ഞ് തൃശൂരിലെ മറ്റു തീയറ്ററുകൾ തുറക്കുന്പോൾ സപ്നയുടെ ഗേറ്റുകൾ മാത്രം അടഞ്ഞുകിടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.