ആട് ജീവിതത്തിന്റെ ചിത്രീകരണത്തിന്റെ ഭാഗമായി പൃഥ്വിരാജും സംവിധായകന് ബ്ലെസിയും മറ്റ് അണിയറപ്രവര്‍ത്തകരും ജോര്‍ദ്ദാനിലാണ്. സിനിമയില്‍ അഭിനയിക്കുന്ന ഒമാന്‍ നടന് ഡോ. താലിബ് അല്‍ ബലൂഷി ഹോട്ടലില്‍ ഹോം ക്വാറന്റൈനില്‍ കഴിയുകയാണ്.
എന്നാല്‍ തങ്ങള്‍ സുരക്ഷിതരാണെന്നും ഭയക്കേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കുകയാണ് നടന് പൃഥ്വി. സോഷ്യല്‍മീഡിയയിലാണ് ഇതുമായി ബന്ധപ്പെട്ട കുറിപ്പ് താരം പങ്കുവച്ചത്.
"സുരക്ഷിതരായിരിക്കൂ. ഇതൊക്കെ ജീവിതത്തിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളാണ്. ഒറ്റക്കെട്ടായി ചിന്തിക്കുകയും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സമയം. ഇഷ്ടപ്പെട്ടവരില്‍ നിന്നു പോലും അകലം പാലിക്കേണ്ട സമയം.. ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ വെല്ലുവിളിയെ ലോകം അഭിമുഖീകരിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റുള്ളവരില്‍ നിന്നും അകലം പാലിച്ചും സ്വയം ശുചിയായി സൂക്ഷിച്ചും മാത്രമേ നമുക്കിതിനെ പ്രതിരോധിക്കാനാവൂ. എന്റെയും ആടുജീവിതം സിനിമയുടെ അണിയറപ്രവര്‍ത്തകരുടെയും സുരക്ഷയെക്കരുതി സന്ദേശങ്ങളയച്ച് ക്ഷേമമന്വേഷിച്ച ഏവര്‍ക്കും വലിയ നന്ദി'.
"ജോര്‍ദാനിലെ വാദി റമ്മിലാണ് ഞങ്ങളിപ്പോള്‍. ഷൂട്ട് തുടരുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതു തന്നെയാണ് ഉചിതമായ മാര്‍ഗം. അതിനാലാണ് ഷൂട്ട് തുടരാന്‍ തീരുമാനിച്ചത്. ജോര്‍ദാനിലെ വ്യോമഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. എല്ലാവരും ഇവിടെ ആയ സ്ഥിതിക്ക് ഒന്നുകില്‍ ഈ മരുഭൂമിയിലെ ക്യാമ്പില്‍ കഴിയുക, അല്ലെങ്കില്‍ ക്യാമ്പില്‍ നിന്നും അത്ര ദൂരെയല്ലാത്ത ലൊക്കേഷനില്‍ പോയി ഷൂട്ട് തുടരുക. അധികാരികളെ കണ്ടു. യൂണിറ്റിലെ ഓരോ അംഗത്തിനും മെഡിക്കല്‍ ചെക്കപ്പ് നടത്തി. ലൊക്കേഷന്‍ ഒറ്റപ്പെട്ട സ്ഥലത്തായതിനാല്‍ അപകടമില്ല. ഷൂട്ട് തുടരാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്'.
"അതെ, ഞങ്ങളുടെ യൂണിറ്റിലെ രണ്ട് നടന്മാര് അമ്മന്‍ എന്ന സഥലത്ത് ക്വാറന്റൈനിലാണ്. ഒരേ വിമാനത്തില്‍ സഞ്ചരിച്ചവര്‍ക്കൊപ്പം അവരും നിരീക്ഷണത്തിലാണ്. രണ്ടാഴ്ച്ചത്തെ ക്വാറന്റൈന് സമയം കഴിഞ്ഞ് അവര്‍ നമുക്കൊപ്പം വീണ്ടും ചേരുമെന്നു തന്നെയാണ് പ്രതീക്ഷ. അധികാരികള്‍ തരുന്ന നിര്‍ദേശങ്ങള്‍ക്ക് പ്രാധാന്യം കല്പിക്കുക. അവ അനുസരിക്കുക. ഭയക്കാതിരിക്കുക'.
"കോവിഡ് 19 ഭീതിയെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വിദേശത്തു നിന്ന് ജോര്‍ദാനില്‍ എത്തുന്നവരെ 14 ദിവസത്തേയ്ക്ക് നിരീക്ഷണത്തില്‍ വെക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ്, ഒമാനില്‍ നിന്നും വന്ന ഡോ താലിബ് നിരീക്ഷണത്തില്‍ കഴിയുന്നത്. അദ്ദേഹത്തിനൊപ്പം പരിഭാഷകനും യു.എ.ഇയിലെ മറ്റൊരു നടനും നിരീക്ഷണത്തിലാണ്. മാര്‍ച്ച് ആദ്യ ആഴ്ചയാണ് 'ആടുജീവിത'ത്തിന്റെ ചിത്രീകരണം വാദി റും എന്ന സംരക്ഷിത മരുഭൂമി മേഖലയില്‍ തുടങ്ങിയത്. 'ആടുജീവിത'വുമായി ബന്ധപ്പെട്ട ആളുകള്‍ മാത്രമാണ് സ്ഥലത്തുള്ളത്'.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.