ലോക വ്യാപകമായി പടർന്നു പിടിക്കുന്ന കോവിഡ്-19 വൈറസിനെ പ്രതിരോധിക്കാൻ ഡാൻസ് കളിച്ച് കേരള പോലീസിന്റെ ബോധവത്കരണം. അയ്യപ്പനും കോശിയും എന്ന സച്ചി ചിത്രത്തിലെ ഗാനത്തിനു ചുവടുവച്ചാണു പോലീസിന്റെ ബോധവത്കരണ ശ്രമം.
വൈറസ് ബാധയെ തടയാൻ കൈകൾ എങ്ങനെ സുരക്ഷിതമാക്കാം എന്ന വിഷയമാണ് പോലീസ് ഡാൻസിലൂടെ അവതരിപ്പിക്കുന്നത്. ഇതിന്റെ വീഡിയോ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പങ്കുവച്ചിട്ടുണ്ട്. സമൂഹമാധ്യമത്തിൽ എത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോ തരംഗമായി. കേരള സർക്കാരിന്റെ ബ്രേക് ദി ചെയിൻ കാന്പയ്നിന്റെ ഭാഗമായാണ് വീഡിയോ പുറത്തിറക്കിയത്.
കോവിഡ് 19 പടർന്നു പിടിക്കാതിരിക്കാൻ ജാഗ്രതയുടെ ഭാഗമായാണ് ബ്രേക്ക് ദി ചെയിൻ കാന്പയിൻ ആരംഭിച്ചതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഒരാളിൽ നിന്നു മറ്റുപലരിലേക്ക് എന്ന ക്രമത്തിൽ കണ്ണികളായാണ് കൊറോണ വൈറസ് വ്യാപിക്കുന്നത്. ഈ കണ്ണികളെ പൊട്ടിക്കുകയാണ് ലക്ഷ്യം.
ഹസ്തദാനം പോലെ സ്പർശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകൾ ഒഴിവാക്കുക. വ്യക്തികൾ തമ്മിൽ നിശ്ചിത അകലം പാലിക്കേണ്ടതാണ്. മുഖം, മൂക്ക്, കണ്ണുകൾ എന്നിവ സ്പർശിക്കുന്നത് ഒഴിവാക്കുക. തുമ്മുന്പോഴും ചുമയ്ക്കുന്പോഴും വായും, മൂക്കും തൂവാല കൊണ്ട് മൂടേണ്ടതും ഇടയ്ക്കിടെ കൈകൾ സോപ്പും വെളളവും ഉപയോഗിച്ച് കഴുകേണ്ടതുമാണ്. വീടുകളിലോ സ്ഥാപനങ്ങളിലോ എത്തിയാൽ ഉടൻ കൈകൾ കഴുകുന്നത് ശീലമാക്കണം. അശുദ്ധിയോടെ മുഖം, കണ്ണ്, മൂക്ക്, വായ് ഇവ സ്പർശിക്കരുത്. നിരീക്ഷണത്തിലുള്ളവർ ഒരു കാരണവശാലും പുറത്തിറങ്ങരുത്. ഇങ്ങനെ എല്ലാവരും ഒറ്റക്കെട്ടായി ഈ കണ്ണികളെ പൊട്ടിച്ചാൽ കോവിഡ് 19നെ ഫലപ്രദമായി പ്രതിരോധിക്കാം.
സിനിമാ താരങ്ങളായ മമ്മൂട്ടി, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ജയറാം, കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട്, ജോജു ജോർജ്, അനുശ്രീ, ഐശ്വര്യ ലക്ഷ്മി, രഞ്ജി പണിക്കർ, വിനീത് ശ്രീനിവാസൻ, സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ, മജീഷ്യൻ ഗോപിനാഥ് മുതുകാട് തുടങ്ങിയവർ ബ്രേക്ക് ദി ചെയിൻ കാന്പയ്നിന്റെ ഭാഗമായി. എല്ലാ മാധ്യമങ്ങളും ബ്രേക്ക് ദി കാന്പയ്നിന്റെ ഭാഗമായി പ്രത്യേക ബോധവത്കരണം നടത്തിവരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.