ന്യൂഡല്‍ഹി: ഓര്‍മിക്കുമ്പോള്‍ ഒക്കെയും ചുട്ടുപൊള്ളിക്കാനുള്ള ഒരു ദൃശ്യം ഉമ്മൂമ്മ പറഞ്ഞു കൊടുക്കുന്ന ഒരു കഥ ആയിട്ടായിരിക്കും ഇനി റഹ്മത്തിന്റെ നെഞ്ചില്‍ വേദനയോടെ പതിയുന്നത്. അവന് മാത്രം ഇപ്പോഴും കണ്ടിട്ടില്ലാത്ത ഒരു വീഡിയോ ദൃശ്യമുണ്ട്. ഒരു തവണയെങ്കിലും കണ്ടവരുടെ കരള്‍ പിളര്‍ന്ന് കണ്ണീരൊഴുകിയ ഒരു ദൃശ്യം.
മുസഫര്‍പുര്‍ റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമില്‍ അമ്മ അര്വീണ മരിച്ചു കിടക്കുകയാണെന്ന് അറിയാതെ അരികില്‍ നിന്ന് പുതപ്പില്‍ പിടിച്ച് വലിച്ച് ഉണര്‍ത്താന്‍ ശ്രമിക്കുന്ന ആ പിഞ്ചു പൈതല്‍. അതേ, ആ നൊമ്പരക്കാഴ്ചയിലെ ഒന്നര വയസുകാരന് തന്നെയാണിവന്‍, റഹ്മത്.
ഗതികേടില്‍ നിന്നുള്ള പലായനമെന്നു തിരിച്ചറിയാതെ അഹമ്മദാബാദ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വണ്ടിയില്‍ കയറുമ്പോള്‍ അവന് അമ്മയുടെ ഒക്കത്തായിരിക്കണം. നാലു വയസുള്ള ചേട്ടന് അര്‍മാനും അരികിലുണ്ടായിരുന്നു. പക്ഷേ, വീടെത്തും മുന്‍പെ അമ്മ ഇടയിലൊരു സ്റ്റേഷനില്‍ യാത്ര അവസാനിപ്പിച്ച് മരിച്ചു കിടന്നത് പട്ടിണി കൊണ്ടു മാത്രമായിരുന്നെന്ന് അവനെത്ര കാലം കഴിഞ്ഞാലും മറക്കില്ല. കുടിയേറ്റ തൊഴിലാളികളുടെ പലായനത്തിനിടെ രാജ്യത്തിന്റെ നെറുകയിലേറ്റ മുറിപ്പാടായിരുന്നു അര്‍വീണയുടെ മരണം.
അമ്മവീട്ടില്‍ അമ്മൂമ്മ ഷൈരൂണിന്റെ മടിയിലിരുന്ന് ഇപ്പോഴവന് ചിരിക്കുമ്പോള്‍ അതുമൊരു നൊമ്പരക്കാഴ്ചയായി മാറുന്നു. ബിഹാറിലെ കൈത്താര്‍ ജില്ലയിലെ മദംരഗി ഗ്രാമത്തില്‍ ആസ്ബറ്റോസ് മേഞ്ഞ ഒരൊറ്റമുറി വീടാണ് റഹ്മത്തിന്റെ അമ്മ വീട്. റഹ്മത്തിനും സഹോദരന് നാലുവയസുകാരന് അര്‍മാനും ഇനി തുണയായുള്ളത് ഉമ്മൂമ്മ ഷൈറൂണ് ഖത്തൂനും ഉപ്പൂപ്പ വോക്ക മീറും മാത്രമാണ്. സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത, സര്‍ക്കാര്‍ ഭൂമിയില്‍ കുടിയേറിക്കിടക്കുന്ന കൂലി വേലക്കാര്‍.
ഷൈറൂണിനും മീറിനും മൂന്നു പെണ്മക്കളാണ്. മൂന്നാമത്തവളായിരുന്നു അര്വീണ്. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നുള്ള മുഹമ്മദ് ഇസ്ലാമാണ് അവളെ കല്യാണം കഴിച്ചത്. രണ്ടു തവണ മാത്രമാണ് ഭാര്യയെ അയാള്‍ ബറേലിക്ക് കൊണ്ടു പോയിട്ടുള്ളു. ഒടുവില്‍ റഹ്മത്തിനെ ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് ഉപേക്ഷിക്കുകയും ചെയ്തു.
എട്ടു മാസം മുന്‍പാണ് അര്വീണ് സഹോദരി ഭര്‍ത്താവിന്റെ സ്ഥലമായ അഹമ്മദാബാദിലേക്ക് കൂലിപ്പണിക്കായി പോയത്. 300 രൂപ ദിവസക്കൂലിക്ക് കണ്‍സ്ട്രക്ഷന്‍ സൈറ്റിലായിരുന്നു ജോലി. ഒരു വാടകവീട്ടില്‍ സഹോദരിക്കും കുടുംബത്തിനുമൊപ്പം അര്വീണും രണ്ടു മക്കളും താമസിച്ചു. പക്ഷേ, കോവിഡ് കാലത്തെ ലോക്ക് ഡൗണ്‍ എല്ലാം തകര്‍ത്തു കളഞ്ഞു. അവളെ പട്ടിണിയിലേക്കും മരണത്തിലേക്കും മക്കളെ അനാഥത്വത്തിലേക്കും എടുത്തെറിഞ്ഞു.
തന്റെ കണ്ണുകള്‍ക്ക് മുന്നിലാണവള്‍ മരിച്ചു വീണതെന്ന് അര്‍വീണയുടെ സഹോദരിയുടെ ഭര്‍ത്താവ് മുഹമ്മദ് വസീര്‍ പറയുന്നു. മേയ് 23ന് അഹമ്മദാബാദില്‍ നിന്ന് ശ്രമിക് ട്രെയിനില്‍ കയറുമ്പോള്‍ ഭക്ഷണം കഴിച്ചതാണ്. പിന്നെ 25ന് മുസഫര്പൂരിലെത്തിയിട്ടാണ് എന്തെങ്കിലും കഴിച്ചത്. അധികൃതര്‍ പോസ്റ്റ്മോര്‍ട്ടം പോലും നടത്താതെയാണ് അര്‍വീണയുടെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തത്. അന്വേഷണത്തില്‍ റെയില്‍വേ പോലീസും സ്വാഭാവിക മരണമെന്നു വിധിയെഴുതി.
പട്ടിണി കിടന്നു മരിച്ച സ്ത്രീയുടെ മരണകാരണം ഒരു പക്ഷേ ഭക്ഷ്യ വിഷബാധ കൊണ്ടാകാമെന്നു കൂടി അവര്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. എന്നാല്‍, കുടുംബം തിടുക്കപ്പെട്ടു മൃതദേഹം സംസ്കരിച്ചത് കൊണ്ടാണ് പോസ്റ്റുമോര്‍ട്ടം നടത്താതിരുന്നതെന്നാണ് അധികൃതര്‍ പറയുന്ന മറ്റൊരു വിശദീകരണം.
കത്യാര്‍ ജില്ലാ മജിസ്ട്രേറ്റ് കന്‍വാള്‍ തനൂജ് അര്വീണിന്റെ കുടുംബത്തിന് വീട് നിര്‍മിക്കാന്‍ ഭൂമി അനുവദിക്കും എന്നുറപ്പു നല്‍കിയിട്ടുണ്ട്. ബിഹാര്‍ സാമൂഹികക്ഷേമ വകുപ്പ് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടി പ്രതിമാസം 4,000 രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 20,000 രൂപയും അനുവദിച്ചു. ബിഹാറിലെ പ്രതിപക്ഷ നേതാവ് തേജസ്വി പ്രസാദ് യാദവ് ഇവര്‍ക്ക് അഞ്ചു ലക്ഷം രൂപയും നല്‍കിയിരുന്നു.
സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.