ലോക്ക്ഡൗൺ കാലത്ത് ആളുകളെ വീട്ടിലിരുത്താൻ യമരാജനെ റോഡിലിറക്കി ഉത്തർപ്രദേശ്. ലക്നോവിൽനിന്ന് 120 കിലോമീറ്റർ അകലെ ബഹരായിചയിലാണ് സംഭവം.
നിയമങ്ങൾ ലംഘിച്ച് വീടുവിട്ടിറങ്ങുന്നവരെ നരകത്തിൽ ലോക്ക്ഡൗണിലാക്കുമെന്ന സന്ദശവുമായാണ് "കാലൻ' റോഡിൽ റോന്ത് ചുറ്റുന്നത്. പോലീസുകാരുടെ നടുവിൽ മൈക്കിലൂടെയായിരുന്നു കാലന്റെ അനൗൺസ്മെന്റ്.
"ഞാൻ യമരാജൻ. ഞാൻ കൊറോണ വൈറസുമാണ്. നിങ്ങൾ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ഒരു മനുഷ്യനും ഈ ഗ്രഹത്തിൽ അവശേഷിക്കുകയില്ല. എല്ലാവരുടെയും മരണത്തിന് ഞാൻ കാരണമാകും.
നിങ്ങൾ അശ്രദ്ധനായി പെരുമാറിയാൽ, ഞാൻ നിങ്ങളെ കൂടെ കൊണ്ടുപോകും'-യമരാജൻ മൈക്കിലൂടെ ഓരോതെരുവിലുമെത്തി വിളിച്ചു പറഞ്ഞു.
ലോക്ക്ഡൗൺ ലംഘിച്ച് അനാവശ്യമായി ആരും പുറത്തുകടക്കരുത്. തൂവാല മാസ്കായി ഉപയോഗിക്കാം. സോപ്പ് ഉപയോഗിച്ച് നിങ്ങളുടെ കൈകൾ കഴുകുക. സാനിറ്റൈസർ ഉപയോഗിക്കുക, പരസ്പരം ഒന്നോ രണ്ടോ മീറ്റർ ദൂരം അകലം പാലിക്കുക.
ഇത് എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കും. സമൂഹ അകലം പാലിക്കാനുള്ള നിയമം ആരെങ്കിലും തെറ്റിച്ചാൽ അവരെ അധോലോകത്തിൽ ലോക്ക്ഡൗണിലാക്കും-കാലൻ പറയുന്നു.
ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബഹരായിച പോലീസാണ് വേറിട്ട രീതിയിൽ കാലനെയിറക്കി പ്രചരണം നടത്തിയത്. ബൗണ്ടി പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ ലാവ്കുഷ് മിശ്രയായിരുന്നു യമരാജനായി വേഷമിട്ടത്.
പോലീസന്റെ പ്രചരണ വാഹനം എത്തിയ സ്ഥലങ്ങളിൽ വീടുകളുടെ പുറത്തിറങ്ങിയ ആളുകൾ കാലനെ മൊബൈൽ കാമറകളിലാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.