യൂത്ത് കോണ്ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ. രൂപേഷ് പുതുജീവിതത്തിലേക്ക് യാത്രയായത് കമ്യൂണിറ്റി കിച്ചണിൽ നിന്നും. ചേർത്തല നഗരസഭ എട്ടാം വാർഡ് കളന്പുകാട്ട് വീട്ടിൽ രാജു-സുജാത ദന്പതികളുടെ മകൻ കെ.ആർ. രൂപേഷും തൈക്കാട്ടുശേരി പഞ്ചായത്ത് മിലന്തി ഭവനിൽ പുരുഷോത്തമൻ-മിലന്തി ദന്പതികളുടെ മകളായ ഡോ. ഹേമയും തമ്മിൽ വ്യാഴാഴ്ചയാണ് വിവാഹിതരായത്. വിവാഹ സത്കാരങ്ങളൊഴിവാക്കി ആ തുക യൂത്ത് കെയർ കിച്ചണിൽ നിന്നുമുള്ള ഭക്ഷണ വിതരണത്തിനായി വിനിയോഗിക്കാൻ ഇരുവരുടെയും വീട്ടുകാർ തീരുമാനിക്കുകയായിരുന്നു.
യൂത്ത് കോണ്ഗ്രസ് ഫുഡ് കോൾ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന യൂത്ത് കെയർ കിച്ചണിലെ സ്ഥിരാംഗമായ രൂപേഷ് വിവാഹ ദിവസവും പതിവ് തെറ്റിച്ചില്ല. പുലർച്ചെ തന്നെ വിവാഹവേഷത്തിൽ കിച്ചണിലെത്തിയ വധൂവര·ാരെ ഫുഡ് കാൾ പ്രോഗ്രാം കോ-ഓർഡിനേറ്റർ എസ്. ശരത്, യൂത്ത് കോണ്ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എൻ.പി വിമൽ, ജില്ലാ സെക്രട്ടറി അരുണ് കുറ്റിക്കാട്ട്, പഞ്ചായത്തംഗം ജോബിൻ ജോസഫ് എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് സഹ പ്രവർത്തകരോടൊത്ത് അവിടെ തയാറാക്കിയ ഭക്ഷണം പാക്ക് ചെയ്തു വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്ത ശേഷമാണ് കല്യാണ മണ്ഡപത്തിലേക്ക് പുറപ്പെട്ടത്.
രക്ഷകർത്താക്കൾ മാത്രം ഉൾപ്പെടുന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.
528 ഓളം പേർക്ക് പ്രഭാത ഭക്ഷണം വിതരണം ചെയ്തതായി ഫുഡ് കോൾ പദ്ധതി ഭാരവാഹികൾ പറഞ്ഞു. യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബിൻ ജോസഫിന്റെ ചാലിപള്ളിക്ക് സമീപമുള്ള കാറ്ററിംഗ് സെന്ററിൽ ആണ് കഴിഞ്ഞ 15 ദിവസമായി യൂത്ത് കോണ്ഗ്രസ് കമ്യൂണിറ്റി കിച്ചൻ ആയി പ്രവർത്തിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.