ലോകം ചുറ്റുന്ന തിരക്കില്ലെങ്കിലും സഞ്ചാരിക്ക് ഈ ലോക്ക്ഡൗണ് കാലവും വീട്ടിൽ വിശ്രമിക്കാൻ സമയമില്ല. യാത്രകളില്ലെങ്കിലും തന്റെ ചാനലിലെ എഡിറ്റിംഗ്, പിന്നെ വായന, അല്പം വിശ്രമം, കുടുംബാംഗങ്ങളുമായുള്ള നിമിഷം എന്നിങ്ങനെ ലോക്ക്ഡൗൺ ആസ്വദിക്കുകയാണ് സന്തോഷ് ജോർജ് കുളങ്ങര. കോളജ് പഠനത്തിനു ശേഷം ആദ്യമായാണ് സന്തോഷ് ഇങ്ങനെ ഇത്രയും ദിനം വീട്ടിൽ മാത്രമായി കഴിയുന്നത്. ഒന്നുകിൽ ലോകത്തിന്റെ ഏതെങ്കിലും കോണിലേക്കുള്ള സഞ്ചാരം. അല്ലെങ്കിൽ എഡിറ്റിംഗും മറ്റുമായി ചാനൽ സ്റ്റുഡിയോയിൽ.
കേടായ ട്രെയിൻ!
""ആദ്യത്തെ ബുദ്ധിമുട്ടേ ഉണ്ടായിരുന്നുള്ളൂ. ലോകം മുഴുവൻ ഇങ്ങനെയാകുന്പോൾപ്പിന്നെ അതിനോടുള്ള താദാത്മ്യം പ്രാപിക്കലാണ്. ട്രെയിൻ പിടിക്കാനുള്ള ആധിയിൽ റെയിൽവേ സ്റ്റേഷനിലേക്കു പാഞ്ഞു ചെല്ലുന്പോൾ അവിടെ ട്രെയിൻ കേടായിക്കിടക്കുന്നതു കാണുന്പോഴുള്ള ആശ്വാസമുണ്ടല്ലോ അതാണിപ്പോൾ.’’ - ലോക്ക്ഡൗണിനേക്കുറിച്ച് സന്തോഷ് പറയുന്നതിങ്ങനെ. കോവിഡ് -19 പടരുന്പോൾ സന്തോഷ് മെക്സിക്കോയിലായിരുന്നു. മാർച്ച് അഞ്ചിനു ലാറ്റിൻ അമേരിക്കൻ സഞ്ചാരം തുടങ്ങി. 11 നാണ് മടങ്ങിയത്.
ക്വാറന്റൈനിൽ!
വീട്ടിൽ വന്നു പൂർണമായും ക്വാറന്റൈനിലായിരുന്നു. ചാനൽ ഓഫീസിൽ പോയില്ല. എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ഫോണിൽ കൂടിയും മറ്റും കൈകാര്യം ചെയ്തു. തുടർന്നു ലോക്ക്ഡൗണ് പ്രഖ്യാപിച്ചതോടെ വീട്ടിലെ മുറിയായി ലോകം. സഞ്ചാരം പ്രോഗ്രാമിന്റെ വരാനുള്ള എപ്പിസോഡുകളുടെ എഡിറ്റിംഗ് ജോലിയാണ് പ്രധാനം.
വളരെ ബുദ്ധിമുട്ടുള്ള ജോലിയാണ്. സ്ക്രിപ്റ്റ് തയാറാക്കൽ, എഡിറ്റിംഗ്, തെറ്റുതിരുത്തൽ... അങ്ങനെ സമയം പോകുന്നതറിയല്ല. ഇതിനിടയിൽ അല്പം വായനയും സിനിമയും. കെ.ആർ. മീരയുടെ ആരാച്ചാർ, ഒ.കെ. ജോണിയുടെ കാവേരിയോടൊപ്പം എന്ന യാത്രാവിവരണം എന്നിവ വായിച്ചു തീർത്തു.
കാവേരി നദിയുടെ ചരിത്രവും സംസ്കാരവും വിവരിക്കുന്ന യാത്രാവിവരണം വളരെ മനോഹരമായ സൃഷ്ടിയാണ്.ഭാര്യ സോൺസിയും മകൻ ജോർജുമായുള്ള നിമിഷങ്ങളും സന്തോഷം നൽകുന്നു. ജോലിയിലും മറ്റും ഇവർ സഹായിക്കും. പിന്നെ വീട്ടിൽനിന്നുള്ള ഭക്ഷണം, അതും വളരെ സംതൃപ്തിയും സന്തോഷവും പകരുന്നു. വിദേശ യാത്രയ്ക്കിടയിൽ മറന്നുപോയ നാട്ടിൻപുറത്തെ രുചിയും മണവും ഒക്കെ ഇപ്പോൾ തിരിച്ചു കിട്ടിയിരിക്കുന്നു.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കോവിഡ്-19 പ്രതിരോധ നടപടികളിലും സന്തോഷ് ജോർജ് സന്തുഷ്ടനാണ്. ഇന്ത്യയിൽ ആദ്യം കോവിഡ്-19 റിപ്പോർട്ട് ചെയ്തതു കേരളത്തിലാണ്. മരണനിരക്ക് വളരെ കുറവ്. നമ്മൾ മണ്ണിലിറങ്ങി നടന്നും വെയിലും വിയർപ്പും അറിഞ്ഞും മഴയത്ത് ഓടിനടന്നും കപ്പയും കാന്താരിയും കഴിച്ചും നേടിയെടുത്ത പ്രതിരോധശേഷിയെ നിസാരമായി കാണരുതെന്നും സന്തോഷ് പറയുന്നു.
ഇറ്റലിയിലേക്ക്
പലരും ഇറ്റലിയെന്നു കേൾക്കുന്പോൾ ഇപ്പോൾ ആശങ്കപ്പെടുകയാണെങ്കിലും കോവിഡ് ബഹളങ്ങളെല്ലാം കഴിഞ്ഞു ലോകം ശാന്തമായാൽ ഇറ്റലിക്കു പോകാനാണ് സന്തോഷിന്റെ പദ്ധതി. അവർ വൈറസിനെ അതിജീവിക്കുന്നതെങ്ങനെയെന്ന് അറിയാൻ താത്പര്യമുണ്ട്. കോവിഡിനു ശേഷമുള്ള ഇറ്റലി ഷൂട്ട് ചെയ്യണം- അദ്ദേഹം പറയുന്നു.
രോഗം തടയാൻ ലോക്ക് ഡൗൺ മാത്രമേയുള്ളൂ. ഒരു കാര്യം ഉറപ്പാണ്. ഇതിനേക്കാൾ വലിയ മഹാമാരിയെ അതിജീവിച്ചവരാണ് നമ്മൾ. ഒറ്റ മറവിയിൽപ്പെടാനുള്ളതേയുള്ളൂ കോവിഡും... സന്തോഷ് എന്ന സഞ്ചാരിയുടെ വാക്കുകളിൽ ശുഭപ്രതീക്ഷകൾ മാത്രം.
ജിബിൻ കുര്യൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.