ചൈനയിലെ വുഹാനിൽ കോവിഡ് റിപ്പോർട്ട് ചെയ്ത സമയത്ത് അത്ഭുതപ്പെടുത്തിയവയാണ് കോവിഡ് രോഗികളുടെയടുത്ത് ഭക്ഷണമെത്തിച്ച റോബോട്ടുകൾ. രോഗ വ്യാപനമുണ്ടാകുന്നതിനാൽ പിപിഇ കിറ്റുൾപ്പെടെ ധരിച്ചു മാത്രമേ ഇത്തരം രോഗികളുടെ അടുത്തെത്താൻ പറ്റൂ. ഈയൊരു സാഹചര്യത്തിലാണ് റോബോട്ട് ശ്രദ്ധ നേടിയത്.
ചൈനയിലാകാമെങ്കിൽ നമുക്കും ആകാമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് കേരളവും. കൂടുതൽ പോസിറ്റീവ് കേസുകളുള്ള കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് സെന്ററിലെ ആരോഗ്യ പ്രവർത്തകരെ സഹായിക്കാൻ റോബോട്ടും രംഗത്തെത്തി.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ചെന്പേരി വിമൽജ്യോതി എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികളാണ് "നൈറ്റിംഗൽ19’ രൂപകൽപന ചെയ്തത്. ചൈനയേക്കാൾ വെല്ലുന്ന സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ചൈനയിൽ ഭക്ഷണവും മരുന്നും മാത്രം നൽകാനാണ് റോബോട്ടിനെ ഉപയോഗിച്ചത്. എന്നാൽ ഇതിൽ ഘടിപ്പിച്ച പ്രത്യേക ഡിസ്പ്ലേയിലൂടെ ജീവനക്കാരെയും ബന്ധുക്കളെയും കണ്ടു സംസാരിക്കാം.
ആറു പേർക്കുള്ള ഭക്ഷണവും വെള്ളവും അല്ലെങ്കിൽ 25 കിലോഗ്രാം വരെ ഭാരം കൊണ്ടുപോകാനുള്ള ശേഷി റോബോട്ടിനുണ്ട്. റിമോട്ട് കണ്ട്രോളിലൂടെ ഒരു കിലോമീറ്റർ ദൂരെ നിന്നും റോബോട്ടിനെ നിയന്ത്രിക്കാം. രോഗികൾക്ക് ആവശ്യമായ ഭക്ഷണവും മരുന്നും റോബോട്ടിന് നൽകിയാൽ അത് കൃത്യമായി ഓരോ മുറിയിലുമെത്തിക്കും. റോബോട്ടിലെ വീഡിയോ സിസ്റ്റം വഴി ജീവനക്കാരുമായി സംസാരിക്കാനും വേറെന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അറിയാനും കഴിയും. ഓരോ തവണത്തെയും യാത്രയ്ക്ക് ശേഷവും റോബോട്ടിനെ അണുവിമുക്തമാക്കിയതിന് ശേഷമാണ് വീണ്ടും ഉപയോഗിക്കുന്നത്.
ഈ സംവിധാനത്തിന്റെ പ്രവർത്തനോദ്ഘാടനം റോബോട്ടിന്റെ വീഡിയോ സംവിധാനം വഴി തിരുവനന്തപുരത്ത് നിന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. കോവിഡ് ബാധിച്ച ചെറുവാഞ്ചേരിയിലെ കുടുംബാഗങ്ങളുമായി റോബോട്ട് വഴി മന്ത്രി സംസാരിച്ചു. അവർക്ക് ആത്മവിശ്വാസം നൽകുകയും മികച്ച ചികിത്സ ഉറപ്പു വരുത്തിയതായി അറിയിക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.