ഇറ്റലിയില്‍ വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരുടെ "ടൈം’ എന്നല്ലാതെ എന്തു പറയാന്‍. വെറും 80 രൂപയ്ക്ക് വീട് വില്ക്കാന് തയാറായിരിക്കുകയാണ് ഇറ്റലിയിലെ ഈ കൊച്ചു പട്ടണം. ഇറ്റലിയിലെ പ്രശസ്തമായ നേപ്പിള്‍സില്‍ നിന്നും വെറും രണ്ടു കിലോമീറ്റര്‍ മാത്രം അകലെയുള്ള ബിസാക്കിയ ശരിക്കും ഒരു ഗ്രാമമാണ്.
ഇവിടേക്കാണ് വെറും ഒരു യൂറോയ്ക്ക് (ഏകദേശം 80 രൂപയോളം) വീട് വില്ക്കാന് തയാറായി വിനോദസഞ്ചാരികളേയും വില്‍പ്പനക്കാരേയും ക്ഷണിക്കുന്നത്. ഇറ്റലിയിലെ കംബാനിയ മേഖലയിലാണ് ബിസാക്കിയ എന്ന ചെറിയ നഗരം. ഏകദേശം 90-ലധികം വീടുകളാണ് ഇവിടെ തുച്ഛമായ വിലയ്ക്ക് വില്‍പ്പനയ്ക്കുള്ളതെന്നാണ് റിപ്പോര്‍ട്ട്.
വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന വീടുകളെല്ലാം ഇപ്പോള്‍ ഭരണകൂടവും അംഗീകൃത വില്‍പ്പനക്കാരുമാണ് കൈവശം വച്ചിരിക്കുന്നത്. തനിച്ച് വീട് വാങ്ങാതെ കുടുംബങ്ങളെയും സുഹൃദ് സംഘങ്ങളെയും കൂട്ടി വീടുകള്‍ വാങ്ങാന്‍ വരൂ എന്നാണ് ബിസാക്കിയ മേയര്‍ ഫ്രാന്‍സെസ്കോ ടാര്‍ട്ടാഗ്ലിയ പറയുന്നത്.
എന്താണ് ഈ വിലക്കുറവിന്റെ കാരണമെന്നറിഞ്ഞാല്‍ ചെറുതായൊന്നു ഞെട്ടും. അവിടെ താമസിക്കാന്‍ ആളില്ല എന്നതുതന്നെ കാരണം. ഗ്രാമത്തിലുണ്ടായിരുന്നവരെല്ലാം മറ്റിടങ്ങളിലേക്ക് കുടിയേറിയപ്പോള്‍ ജനങ്ങളില്ലാത്ത, ആള്‍പ്പാര്‍പ്പില്ലാത്ത വീടുകള്‍ മാത്രമുള്ള ഗ്രാമമായി ബിസാക്കിയ മാറുകയായിരുന്നു.
1980കള്‍ മുതല്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന ഭൂകമ്പങ്ങള്‍ കാരണമാണ് ഇവിടെ താമസിച്ചിരുന്നവരില്‍ മിക്കവരും പ്രദേശത്ത് നിന്ന് താമസംമാറിയത്. ഇതോടെ നഗരത്തിലെ ജനസംഖ്യ കുത്തനെ കുറഞ്ഞു. 80 രൂപയ്ക്ക് ഇറ്റലിയില്‍ വീട് എന്നു കേട്ട് ആഡംബര സൗധം സ്വപ്നം കണ്ട് ആരും ഇങ്ങോട്ടേക്ക് വണ്ടി കയറേണ്ട. തുടര്‍ച്ചയായ ഭൂകമ്പങ്ങള്‍ മിക്ക കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്.
മാത്രമല്ല, കെട്ടിടങ്ങളെല്ലാം അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ ജീര്‍ണാവസ്ഥയിലുമാണ്. വീടുകള്‍ വാങ്ങുന്നവര്‍ അത് സ്വന്തംചെലവില്‍ തന്നെ നവീകരിക്കണമെന്ന് വില്‍പ്പനയ്ക്ക് മുമ്പ് പ്രത്യേകം പറയുന്നുമുണ്ട്. കേവലം ഒന്നര ലക്ഷത്തോളം രൂപയുടെ ബോണ്ട് സമര്‍പ്പിച്ച് 80 രൂപയ്ക്ക് പക്ഷെ ഈ വീട് സ്വന്തമാക്കാം എന്നുള്ളതാണ് ആകര്‍ഷണീയം.
കഴിഞ്ഞവര്‍ഷം സംബൂക്ക ടൗണിലും സമാനരീതിയില്‍ വീടുകള്‍ വില്‍പ്പനയ്ക്ക് വച്ചിരുന്നു. താമസക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെയാണ് സംബൂക്കയിലും വീടുകള്‍ വിറ്റഴിച്ചത്. വീടുകള്‍ വിറ്റു പോകുമോയെന്ന് കാത്തിരുന്നു കാണണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.