കൊറോണക്കാലത്തു സംഗീതം ആശ്വാസമാണ്, പ്രതീക്ഷയാണ്. സന്യാസിനികളുടെ പ്രാര്ഥനാപൂര്ണമായ ഈണവും നാദവും കൂടിയാകുമ്പോള്‍ പാട്ട് ഹൃദയങ്ങളില്‍ തൊടും. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സിഎംസി, എസ്ഡി ജനറലേറ്റുകളുടെ നേതൃത്വത്തില്‍ തയാറാക്കിയ വീഡിയോ ഗാനങ്ങള്‍ യൂട്യൂബില്‍ ഹിറ്റായിക്കഴിഞ്ഞു.
"ഗോ ഗോ ഗോ എവേ കൊറോണ, ഗോ എവേ ഫ്രം അസ്, ഗോ എവേ ഫ്രം ദിസ് വേള്‍ഡ്, ആന്‍ഡ് ലെറ്റ് മീ ബീ ഫ്രീ..' എന്നാരംഭിക്കുന്ന ഇംഗ്ലീഷ് ഗാനമാണു സിഎംസി സന്യാസിനികള്‍ ഒരുക്കിയത്. കൊറോണയുടെ വിപത്തുകള്‍ ഇല്ലാതായി സന്തോഷത്തിന്റെ പുതുലോകത്തിനായുള്ള പ്രാര്‍ഥനയാണു വരികളിലെ ഉള്ളടക്കം.
സിസ്റ്റര്‍ അക്വിനയാണു വരികളെഴുതി ഈണമിട്ടത്. നാഗലാന്‍ഡ് സ്വദേശിനിയായ സിസ്റ്ററിനൊപ്പം സിസ്റ്റര്‍ ജെയ്സി, സിസ്റ്റര്‍ മരിയ ആന്റോ, സിസ്റ്റര്‍ ഗ്ലോറി മരിയ, സിസ്റ്റര്‍ ജിസ് മരിയ, സിസ്റ്റര്‍ ഹിത, സിസ്റ്റര്‍ ജെസ്മി എന്നിവര്‍ ചേര്‍ന്നു ഗാനം ആലപിച്ചു. പന്ത്രണ്ടു പ്രോവിന്‍സുകളില്‍ നിന്നുള്ള ഈ സന്യാസിനിമാര്‍ ആലുവയിലെ സിഎംസി മൗണ്ട് കാര്‍മല്‍ ജനറലേറ്റിലാണു സേവനം ചെയ്യുന്നത്.
ലോക്ക് ഡൗണ്‍ ചട്ടങ്ങള്‍ പാലിച്ചു ജനറലേറ്റിലായിരുന്നു ഗാനത്തിന്റെ ചിത്രീകരണം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കുവേണ്ടി സന്യാസിനികള്‍ മാസ്കുകള്‍ തയാറാക്കുന്നതും ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതുമെല്ലാം ഗാനത്തില്‍ ദൃശ്യങ്ങളാവുന്നുണ്ട്.
മദര്‍ ജനറല്‍ സിസ്റ്റര്‍ സിബിയും കണ്‍സിലര്‍ സിസ്റ്റര്‍ ആനി ഡേവിസും മറ്റു കൗണ്‍സിലര്‍മാരും സംഗീതസംരംഭത്തിനു പിന്തുണയായി ഒപ്പമുണ്ടായിരുന്നു. സിഎംസി വിഷന്‍ ഏപ്രില്‍ 25നു യൂട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഇതിനകം 1.30 ലക്ഷം പേര് കണ്ടുകഴിഞ്ഞു.
എന്‍ ദൈവമേ നീ എന്നും, എന്‍ സഹായകന്, എന്‍ ദുഖങ്ങളെല്ലാം മാറ്റുന്നവന്, കരുണാമയനല്ലോ ദൈവം.. എന്നാരംഭിക്കുന്ന ഗാനമാണു അഗതികളുടെ സഹോദരിമാര്‍ (എസ്ഡി) സന്യാസിനി സമൂഹത്തിന്റെ വിവിധ പ്രോവിന്‍സുകളില്‍ നിന്നുള്ളവര്‍ ചേര്‍ന്നു പാടിയത്. പകര്‍ച്ചവ്യാധിയുടെ കാലത്തു വേദനിക്കുന്നവര്‍ക്ക് ആശ്വാസമായും വെളിച്ചമായും ദൈവത്തെ വിളിച്ചു പാടുന്നതാണു ഗാനത്തിന്റെ വരികള്‍.
ശാസ്ത്രീയസംഗീത കച്ചേരികളിലൂടെ ശ്രദ്ധേയയായ സിസ്റ്റര്‍ റിന്‍സി അല്ഫോന്സാണു ഗാനമെഴുതി ഈണമിട്ടത്. കേരളത്തിനകത്തും പുറത്തുമുള്ള ആറു പ്രോവിന്സുകളിലും തമിഴ്നാട് മിഷന് റീജണില്‍ നിന്നുമുള്ള സന്യാസിനികളാണ് അതതു സ്ഥലങ്ങളില്‍ നിന്നു പാട്ടിന്റെ വരികള്‍ പാടിയത്.
സിസ്റ്റര്‍ തെരേസ് തുമ്പശേരി, സിസ്റ്റര്‍ റോസിയ, സിസ്റ്റര്‍ നീതു സ്കറിയ, സിസ്റ്റര്‍ ഷിയോണ, സിസ്റ്റര്‍ വിനയ, സിസ്റ്റര്‍ ഗ്രേസ്മി, സിസ്റ്റര്‍ നിയ തെരേസ, സിസ്റ്റര്‍ റിന്‍സി അല്‍ഫോന്‍സ്, സിസ്റ്റര്‍ ക്ലെയര്‍ ടോം, സിസ്റ്റര്‍ ലിസ് ജോസ്, എന്നിവരാണു പാട്ടുകാര്‍. ഫാ. ജേക്കബ് കോറോത്ത് എഡിറ്റിംഗ് നടത്തി. എസ്ഡി മദര്‍ ജനറല്‍ സിസ്റ്റര്‍ റെയ്സി, സിസ്റ്റര്‍ അമല, സിസ്റ്റര്‍ ആല്‍ഫി, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പ്രോത്സാഹനമായി.
എസ്ഡി മീഡിയ ചൊവ്വാഴ്ച യൂട്യൂബില്‍ റിലീസ് ചെയ്ത ഒരുദിവസം കൊണ്ട് ആയിരങ്ങള്‍ കേട്ടു.
സിജോ പൈനാടത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.