വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം അവർ വീണ്ടും ചിലങ്കയണിഞ്ഞു. ലോകം മുഴുവൻ കോവിഡ് മഹാമാരിയിൽ വിറങ്ങലിച്ചു നില്ക്കുമ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആശ്വാസമേകി ആ ചിലങ്കയുടെ നാദം മുഴങ്ങി. കണമല സാന്തോം ഹൈസ്കൂളിലെ പൂർവവിദ്യാർഥികളുടെ സംഘടനയായ സാൻമേറ്റ്സ് ആണ് ’ലോകാസമസ്താ സുഖിനോ ഭവന്തു’ എന്ന പേരിൽ ലോകോത്തര നിലവാരത്തിൽ ഓൺലൈൻ നൃത്തശില്പമൊരുക്കിയത്.
1998 മുതൽ 20ഹ6 വരെ സാന്തോം ഹൈസ്കൂളിന്റെ യുവജനോത്സവ വേദിയിൽ അവിസ്മരണീയമായ നൃത്തപ്രകടനം കാഴ്ചവച്ച പന്ത്രണ്ട് പൂർവവിദ്യാർഥികൾ വ്യത്യസ്ത രാജ്യങ്ങളിൽ ഇരുന്നുകൊണ്ട് വാട്സ്ആപ്പിൽ ഒരുമിച്ചു ചേർന്ന് രൂപപ്പെടുത്തിയ ഈ നൃത്തശില്പത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് പ്രവാസിയായ ജോമോൻ കണമലയാണ്. ആദർശ് കുര്യൻ ചിത്രസംയോജനവും ആനന്ദ് കുര്യൻ ശബ്ദലേഖനവും ജാൽസൺ ഗ്രാഫി ഡിസൈൻ ജോലികളും നിർവഹിച്ചിരിക്കുന്നു.
ഡോ. മഞ്ജു ബിബിൻ, അൽമ മരിയ ജോസ്, ഫെബി റോബിൻ, സൗമ്യ അജി, സ്നേഹ മരിയ, രെഞ്ജു ബ്രീസ്, മോനിഷ, പ്രീതി വികാസ്, അഷിൻ സുനിൽ, അശ്വിനി ബോസ് എന്നിവരാണ് വീടുകളിലിരുന്ന് ചുവടുകൾ വച്ചത്.
സാമൂഹ്യപ്രവർത്തകനും അധ്യാപകനും സാൻമേറ്റ്സ് അസോസിയേഷൻ പ്രസിഡന്റുമായ ഡോ.മാത്യു കണമല എല്ലാ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. കൂടാതെ സാൻമേറ്റ്സിനു പുറത്തും ഈ കലാസൃഷ്ടിക്ക് പിന്തുണയുമായി നടിമാരായ മിയ ജോർജും ഡയാന ഹമീദുമുണ്ട്. ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്ന നൃത്തവീഡിയോ ഇപ്പോൾ വൈറലായി മാറിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.