കോവിഡ് 19ന്റെ പ്രതിരോധത്തില്‍ കൈകോര്ക്കുന്നവര്ക്കു പാട്ടിലൂടെ കൃതജ്ഞതയറിയിച്ചു ഭിന്നശേഷിക്കാരായ കലാകാരന്മാര്. എറണാകുളം സഹൃദയയുടെ കീഴിലുള്ള സഹൃദയ മെലഡീസിലെ ഗായകര്‍ പാടിയ കരുതല്പാട്ട് എന്ന വീഡിയോ ആല്‍ബം യുട്യൂബിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും കണ്ടത് പതിനായിരങ്ങൾ. നടന് മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ "കരുതല്പാട്ട്' പങ്കുവച്ചിട്ടുണ്ട്.
കൈയടിച്ചിടാം നന്ദിയോടെയോര്ത്തിടാം, കരുതലോടെ നാടിനെ കാത്ത കര്മദൂതരെ... എന്നാരംഭിക്കുന്ന ഗാനത്തിന്റെ ഉള്ളടക്കം കോവിഡിനെതിരേ പോരാടുന്ന ഭരണരംഗത്തുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, നീതിപാലകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെല്ലാം നന്ദിയറിയിക്കുന്നതാണ്.
ഭിന്നശേഷിയുള്ള ഗായകരായ സജി മലയാറ്റൂര്‍, ആരാധന അശോകന്, ഡിക്സണ്‍ സേവ്യര്‍, അനില്‍ ശ്രീമൂലനഗരം, സാബു വരാപ്പുഴ, പ്രദീപ് പെരുമ്പാവൂര്‍, സൗമ്യ ജോയി, മനീഷ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണു ഗാനത്തിനു ശബ്ദം നല്‍കിയത്. ഓരോരുത്തരും സ്വന്തം വീടുകളിലിരുന്നു ആലപിച്ച വരികള്‍ പില്ഗ്രിംസ് കമ്യൂണിക്കേഷന്റെ സഹകരണത്തോടെയാണു വീഡിയോ ആല്ബമാക്കിയതെന്നു സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവള്ളി, ഫാ. ജിനോ ഭരണികുളങ്ങര എന്നിവര്‍ അറിയിച്ചു.
ജീസ് പി. പോളിന്റേതാണു വരികള്‍, ഫാ. ജേക്കബ് കോറോത്ത് എഡിറ്റിംഗും ഫാ. ജെയിംസ് തൊട്ടിയില്‍ വിഷ്വല്‍ കോ ഓര്‍ഡിനേഷനും നിര്‍വഹിച്ചു. വിവിധ മേഖലകളിലെ കോവിഡ് പ്രതിരോധ, ബോധവത്കരണ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങള്‍ വീഡിയോ ആല്‍ബത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.