രണ്ടു രാജ്യങ്ങൾ, രണ്ട് ഡോക്ടർമാർ.. ഒരാൾ തമിഴ്നാട്ടിൽനിന്നുള്ള ന്യൂറോസർജൻ ഡോ.സൈമൺ ഹെർക്കുലീസ്, മറ്റൊരാൾ അമേരിക്കയിൽനിന്നുള്ള ഇന്ത്യക്കാരി ഡോക്ടർ ഉമ മധുസൂദനൻ. രണ്ടുപേരും കോവിഡിനോടു പടപൊരുതിയവർ. ആ പോരാട്ടത്തിനിടയിൽ ഒരാൾക്കു ജീവൻ വെടിയേണ്ടി വന്നു, ഡോ.സൈമൻ ഹെർക്കുലീസിന്. എന്നാൽ, രണ്ടുപേരോടും സമൂഹം പെരുമാറിയതു രണ്ടു സമൂഹം പെരുമാറിയത് രണ്ടു തരത്തിൽ.
ആദരം വീട്ടുപടിക്കൽ
സ്വന്തം ജീവൻ പോലും അവഗണിച്ചുകൊണ്ട് കോവിഡ് രോഗികളെ ചികിത്സിച്ചു മരണത്തിനു കീഴടങ്ങിയ ഡോ. സൈമൺ നാട്ടുകാരാൽ ബഹിഷ്കരിക്കപ്പെട്ടപ്പോൾ അമേരിക്കയിൽ കോവിഡ് രോഗികളെ ചികിത്സിച്ച ഇന്ത്യക്കാരിയായ ഡോ. ഉമ മധുസൂദനന് അമേരിക്കൻ ജനത നൽകിയത് ഹൃദ്യമായ ആദരം.
സൗത്ത് വിൻഡ്സർ ആശുപത്രിയിൽ സേവനം ചെയ്യുന്ന മൈസൂരു സ്വദേശിനിയായ ഡോ. ഉമ തന്റെ വീടിനു മുന്നിൽ സല്യൂട്ട് സ്വീകരിക്കുന്നതാണ് വീഡിയോയിൽ. നിരവധി വാഹനങ്ങളിലെത്തി പൂക്കൾ സമർപ്പിച്ചും അഭിനന്ദന പോസ്റ്റർ നിരത്തിയുമൊക്കെയാണ് ഉമയ്ക്ക് അവർ ആദരം അർപ്പിച്ചത്.
ജീവൻ നൽകിയിട്ടും
അതേസമയം, മറ്റൊരു വീഡിയോയിൽനിറയുന്നത് കോവിഡ് ബാധിച്ചു മരിച്ച ഡോ. സൈമണിന്റെ മൃതദേഹം സംസ്കരിക്കുന്നതിനു പോലും അനുവദിക്കാതെ ഒരുപറ്റമാളുകൾ ആംബുലൻസ് അടക്കം കല്ലും വടിയുമായി ആക്രമിക്കുന്നതാണ്. ചെന്നൈ കോർപറേഷൻ ശ്മശാനത്തിലും പിന്നീട് അണ്ണാനഗറിലെ ശ്മശാനത്തിലും സംസ്കാരത്തിനായി എത്തിച്ചെങ്കിലും രണ്ടിടത്തും നാട്ടുകാർ അക്രമാസക്തരായി.
അദ്ദേഹത്തിന്റെ മൃതദേഹം ഇവിടെ സംസ്കരിച്ചാൽ തങ്ങൾക്കും കോവിഡ് വരുമെന്ന ആരോ പ്രചരിപ്പിച്ചതു വിശ്വസിച്ചാണ് ഇവർ ആംബുലൻസ് ആക്രമിച്ചത്. ആരോഗ്യപ്രവർത്തകർക്കും ആശുപത്രി ജീവനക്കാർക്കും ആംബുലൻസ് ഡ്രൈവർക്കുവരെ മർദനമേറ്റു. കല്ലേറിൽ ആംബലൻസ് ഡ്രൈവറുടെ തലപൊട്ടി. അവർ ജീവനുംകൊണ്ട് തിരികെപ്പോയി.
തുടർന്ന് വൻ പോലീസ് സന്നാഹത്തോടെ വീണ്ടും മൃതദേഹം സംസ്കരിക്കാൻ തീരുമാനിച്ചു. എന്നാൽ, ആംബുലൻസ് ഓടിക്കാൻ പലരും ധൈര്യപ്പെട്ടില്ല. എന്നാൽ, ജീവിച്ചിരുന്നപ്പോൾ രോഗികൾക്കുവേണ്ടി ഏറെ ജോലി ചെയ്ത ആ സഹപ്രവർത്തകന്റെ മൃതദേഹം സംസ്കരിക്കാനുള്ള ദൗത്യം ഡോക്ടർതന്നെ ഏറ്റെടുത്തു. പോലീസ് സംരക്ഷണം നൽകിയതോടെ ആംബുലൻസ് ഓടിക്കാനും കുഴിയെടുത്തു മൃതദേഹം സംസ്കരിക്കാനും അവർ മുന്നിട്ടിറങ്ങി.
ലോകം മുഴുവനും ആരോഗ്യപ്രവർത്തകരുടെ തോളിലേറി കോവിഡിനെ നേരിടുമ്പോൾ രോഗികൾക്കു വേണ്ടി രക്തസാക്ഷിയായ ഒരു ഡോക്ടർക്കുണ്ടായ ദുരനുഭവം ഏറെ ഞെട്ടലുളവാക്കിയിരുന്നു.
കണ്ണു നിറയുന്നു
വിഷയത്തെക്കുറിച്ചു പി.കെ. സുനിൽ എന്ന ഡോക്ടർ ഫേസ്ബുക്കിലിട്ട കുറിപ്പ് ഏവരുടെയും മനസിനെ തൊടുന്നതായിരുന്നു. വേണ്ടത്ര സുരക്ഷാ ഉപാധികളില്ലാതെ പേരിന് ഒരു ടൂ ലയർ മാസ്ക് മാത്രം ധരിച്ച്, കോവിഡാണോ അല്ലയോ എന്നൊന്നും വേർതിരിച്ചറിയാൻ കഴിയാത്ത എത്രയെത്ര രോഗികളെ കാണേണ്ടി വരുന്നു ഡോക്ടർമാരും നേഴ്സുമാരും അടക്കമുള്ള ആരോഗ്യപ്രവർത്തകർക്ക്. എന്നിട്ടും ഒടുക്കം അവർക്കു ബാക്കിയാവുന്നതെന്താണ്?
ദൈവങ്ങളെന്നും മാലാഖമാരെന്നുമുള്ള വാഴ്ത്തിപ്പാടലുകൾക്കപ്പുറത്ത് അവശേഷിക്കുന്നത് ഈ കല്ലുകളും വടികളും വേദനയുമാണ്. തീയിലേക്കു പറന്നു വീണ് എരിഞ്ഞടങ്ങുന്ന ഈയാംപാറ്റകളെപ്പോലെ കോവിഡ് എന്ന മഹാമാരിയിലേക്കു വീണൊടുങ്ങാൻ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും പൊരുതാനിറങ്ങുകയാണ് ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർ.
കൊറോണ വൈറസിനെതിരേ അവർ പലപ്പോഴും നിരായുധരുമാണ്. അവർക്കെതിരേ കൂർത്ത വാക്കുകളും ആയുധങ്ങളും പ്രയോഗിക്കാതിരിക്കാനുള്ള മനുഷ്യത്വമെങ്കിലും ഈ സമൂഹം ബാക്കിവയ്ക്കേണ്ടതുണ്ടെന്നും സുനിൽ കണ്ണുനിറയ്ക്കുന്ന വാക്കുകളോടെ ഓർമിപ്പിക്കുന്നു.
സുനിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
""അത്ര ദൂരെയൊന്നുമല്ല. നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിൽ... ഇന്നലെ നടന്നത്!
കോവിഡ് ബാധ മൂലം മരണമടഞ്ഞ 55 കാരനായ ന്യൂറോ സർജൻ ഡോ. സൈമണിന്റെ മൃതദേഹം സംസ്കരിക്കുന്നതിനായി ചെന്നൈ കോർപ്പറേഷൻ ശ്മശാനത്തിലേക്ക് കൊണ്ടുപോയതാണ്. അടുത്ത ബന്ധുക്കളും സഹപ്രവർത്തകരുമടക്കം കുറച്ച് പേർ മാത്രമേ മൃതദേഹത്തെ അനുഗമിച്ചിരുന്നുള്ളൂ.
അവിടെ ചെന്നപ്പോഴേക്കും കഥ മാറി. പരിസരവാസികളടക്കം ഇരുനൂറോളം പേർ സംഘടിച്ചെത്തി. പോലിസ് സ്ഥലത്തുണ്ടായിരുന്നിട്ടും പ്രതിഷേധത്തെ തുടർന്ന് ഇവർക്ക് അണ്ണാനഗറിലെ ശ്മശാനത്തിലേക്ക് പോകേണ്ടി വന്നു.അവിടെ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമായിരുന്നു..
പ്രതിഷേധക്കാർ 50 60 പേർ മാത്രം. പക്ഷേ അവരെല്ലാം ചേർന്ന് കല്ലെറിഞ്ഞും വടിയെടുത്ത് ആക്രമിച്ചും ആശുപത്രി സ്റ്റാഫ് അടക്കമുള്ളവരെ ആക്രമിച്ചു. ആംബുലൻസ് ഡ്രൈവന്മാർക്ക് പരിക്കേറ്റു. ആംബുലൻസിന്റെ വിൻഡ് ഗ്ലാസുകൾ തകർന്നു. ജീവനും കൊണ്ടോടി അവർ അവിടെ നിന്നും. സമയം രാത്രി പതിനൊന്നര. പരിക്കേറ്റ ആംബുലൻസ് ഡ്രൈവർമാർക്ക് മുഖത്ത് മൂന്നാല് തുന്നൽ വീതം ഇടേണ്ടി വന്നു.
തുടർന്ന് കൂടുതൽ പോലീസ് ബന്തവസിൽ മൃതദേഹം സംസ്കരിക്കാൻ ഏർപ്പാടാക്കിയപ്പോൾ ഓടിക്കാൻ ആംബുലൻസ് ഡ്രൈവറില്ല. പരിക്ക് പറ്റാത്ത, ഓടിക്കാൻ ശേഷിയുള്ള ഒരാൾ വേണമല്ലോ! വണ്ടി ഓടിക്കാനറിഞ്ഞാൽ മാത്രം പോര. വ്യക്തിഗത സുരക്ഷാ ഉപാധികൾ ശരിയായി ഉപയോഗിക്കാനും അറിയുന്ന ആളാവണം.
ഒടുവിൽ ആംബുലൻസ് ഓടിച്ചത് മരിച്ച സൈമൺ ഡോക്ടറിന്റെ സഹപ്രവർത്തകനായിരുന്ന ഡോ. പ്രദീപ് കുമാർ. അദ്ദേഹം അതേ ആശുപത്രിയിലെ ആർത്രോസ്കോപിക് സർജനാണ്. ഒടുവിൽ രാത്രി ഒന്നരയോടെ മൃതദേഹം സംസ്കരിച്ചു.
മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററും ആത്മരക്ഷാർത്ഥം ഓടിപ്പോയതുകൊണ്ട് കയ്യിൽ കിട്ടിയ മൺവെട്ടിയെടുത്ത് സഹപ്രവർത്തകന്റെ അന്ത്യവിശ്രമത്തിനായി കുഴിയെടുത്തതും ഡോ. പ്രദീപ് കുമാറും ആശുപത്രിയിലെ ഒരു അറ്റന്ററും ചേർന്നാണ്.
ഹൃദയം തകർന്ന് ഡോ. പ്രദീപ് കുമാർ എഴുതിയ വരികൾ വായിക്കുമ്പോഴും ഇതു സംബന്ധിച്ച ഹിന്ദു വാർത്ത വായിക്കുമ്പോഴും പറഞ്ഞറിയിക്കാനാവാത്ത വേദനയും നിരാശയുമുണ്ട്.
ശാസ്ത്രീയമായ രീതിയിൽ സംസ്കരിക്കുന്ന ഒരു കോവിഡ് രോഗിയുടെ മൃതദേഹം രോഗം പരത്താൻ ഏറ്റവും സാധ്യത കുറഞ്ഞ ഒന്നാണ്. വേണ്ടത്ര സുരക്ഷാ ഉപാധികളില്ലാതെ പേരിന് ഒരു ടൂ ലയർ മാസ്ക് മാത്രം ധരിച്ച്, കോവിഡാണോ അല്ലയോ എന്നൊന്നും വേർതിരിച്ചറിയാൻ കഴിയാത്ത എത്രയെത്ര രോഗികളെ കാണേണ്ടി വരുന്നു ഡോക്ടർമാരും നേഴ്സുമാരും അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക്.
എന്നിട്ടും ഒടുക്കം അവർക്ക് ബാക്കിയാവുന്നതെന്താണ്? ദൈവങ്ങളെന്നും മാലാഖമാരെന്നുമുള്ള വാഴ്ത്തിപ്പാടലുകൾക്കപ്പുറത്ത് അവശേഷിക്കുന്നത് ഈ കല്ലുകളും വടികളും വേദനയുമാണ്.
തീയിലേക്ക് പറന്നു വീണ് എരിഞ്ഞടങ്ങുന്ന ഈയാംപാറ്റകളെപ്പോലെ കോവിഡ് എന്ന മഹാമാരിയിലേക്ക് വീണൊടുങ്ങാൻ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും പൊരുതാനിറങ്ങുകയാണ് ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർ. കൊറോണ വൈറസിനെതിരെ അവർ പലപ്പോഴും നിരായുധരുമാണ്. അവർക്ക് എതിരെ കൂർത്ത വാക്കുകളും ആയുധങ്ങളും പ്രയോഗിക്കാതിരിക്കാനുള്ള മനുഷ്യത്വമെങ്കിലും ഈ സമൂഹം ബാക്കി വെക്കേണ്ടതുണ്ട്...''
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.