കൊറോണ ബാധിച്ചു തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ ഐസോലേഷൻ വാർഡിൽ കഴിയുന്ന യുവാവ് തന്റെ അനുഭവം പങ്കുവച്ച് സോഷ്യൽ മീഡിയയിൽ. തൊട്ടടുത്ത് ഐസൊലേഷൻ വാർഡിൽ കഴിയുന്ന യുവാവ് സോഷ്യൽ മീഡിയവഴി തനിക്കെതിരേ നടത്തിയ ആരോപണങ്ങൾക്കു മറുപടിയുമായാണ് ലൈവിലെത്തിയതെങ്കിലും, കൊറോണ ബാധിതനെന്ന നിലയിൽ ഒന്നും പേടിക്കാനില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അനുഭവം പങ്കുവയ്ക്കുന്നത്.
കൊറോണ ബാധിച്ചെന്നറിയാതെയാണു താൻ പല പരിപാടികളിലും പങ്കെടുത്തതെന്നു യുവാവ് വിശദീകരിക്കുന്നു. ഇറ്റലിക്കാർ ഉണ്ടായിരുന്ന വിമാനത്തിലുള്ളവർ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണമെന്ന അറിയിപ്പു കിട്ടിയത് ഒരു ചടങ്ങിൽ പങ്കെടുത്തുകൊണ്ടിരുന്നപ്പോഴാണ്. ഉടൻതന്നെ കൂട്ടുകാരോടും വീട്ടുകാരോടും പറഞ്ഞ് ആശുപത്രിയിലേക്കു പോരുകയായിരുന്നു.
ഇതിനുമുമ്പ് ആരുംതന്നെ വിളിക്കുകയോ ഇങ്ങനെ വീടിനുള്ളിൽ ഇരിക്കണമെന്നു പറയുകയോ ചെയ്തിട്ടില്ല. അങ്ങനെ നിർദേശിച്ചിരുന്നെങ്കിൽ ചെയ്യുമായിരുന്നു. ജനറൽ ആശുപത്രിയിലെത്തിയപ്പോൾ തൊണ്ടയിൽ ചെറിയ വേദനയുണ്ടായിരുന്നു. പിന്നീട് പരിശോധന നടത്തിയപ്പോഴാണ് കൊറോണയുണ്ടെന്നു സ്ഥിരീകരിച്ചത്.
വിവരമറിഞ്ഞപ്പോൾ വലിയ വിഷമമുണ്ടായി. എന്തായാലും ഇതു എനിക്ക് ബാധിക്കില്ലെന്നാണ് കരുതിയത്. എന്തു ചെയ്യണമെന്നറിയാതെ ആകെ ആശങ്കയിലായിപ്പോയി. മാനസികമായി ആകെ തളർന്നിരിക്കുമ്പോഴാണ് തന്നെക്കുറിച്ച് അടുത്ത മുറിയിൽ കിടക്കുന്ന യുവാവ് സോഷ്യൽ മീഡിയവഴി, മാസ്ക് ധരിക്കാതെ താൻ പുറത്തുനടക്കുന്നു എന്നൊക്കെ പറഞ്ഞത്.
അങ്ങനെ ഒരിക്കലും താൻ ചെയ്തിട്ടില്ല. സുഹൃത്ത് അങ്ങനെ പറഞ്ഞത് എന്താണെന്ന് എനിക്കറിയില്ല. താനൊരിക്കലും പുറത്തിറങ്ങി നടക്കുകയോ മാസ്ക് ധരിക്കാതെ ഇരിക്കുകയോ ചെയ്തിട്ടില്ല.
നമ്മൾ മുഖേന മറ്റൊരാൾക്ക് കോവിഡ് വരരുതെന്നാണ് എന്റെ ആഗ്രഹം. ഐസൊലേഷൻ വാർഡെന്നൊക്കെ പറയുന്നതു കേട്ടപ്പോൾ ആദ്യം പേടിച്ചു. പക്ഷേ, ഇവിടെയെത്തിയപ്പോഴാണ് ഒട്ടും പേടിക്കാനില്ലാത്ത സാഹചര്യമാണെന്നു മനസിലായത്. ഡോക്ടർമാരും ഹെൽത്ത് ഇൻസ്പെക്ടർമാരും മറ്റു ജീവനക്കാരുമെല്ലാം നല്ല രീതിയിലാണ് പെരുമാറുന്നത്.
തന്റെ കൂടെ സഞ്ചരിച്ച പിതാവിനും ബന്ധുക്കൾക്കും മറ്റുള്ളവർക്കുമൊക്കെ ഇതു പകർന്നിട്ടില്ലെന്നു കേൾക്കുമ്പോൾ ആശ്വാസമുണ്ട്. തൊണ്ടവേദനയും വയറിളക്കവുമൊക്കെ ഉണ്ടായിരുന്നു. അതൊക്കെ മാറിവരികയാണ്. ഇപ്പോൾ കിട്ടിയ ഫലം നെഗറ്റീവാണ്. വീണ്ടും പരിശോധനകൾ നടത്തി നെഗറ്റീവാണെന്നു കണ്ടാൽ വീട്ടിൽ പോകാനാകും.
സോഷ്യൽമീഡിയയിലെ പ്രസ്താവനയിൽ നല്ലൊരു ഉപദേശവും കൂടിയുണ്ട് - ""വീട്ടിൽനിന്നു പുറത്തിറങ്ങരുതെന്ന് പറഞ്ഞാൽ എല്ലാവരും അനുസരിക്കണം. നമ്മൾ മുഖാന്തിരം സമൂഹത്തിന് കോവിഡ് പകരാൻ പാടില്ല. ആർക്കെങ്കിലും എന്തെങ്കിലും വിഷമം തോന്നുന്നുണ്ടെങ്കിൽ നേരെ ആശുപത്രിയിലേക്കു പോകാൻ മടിക്കരുത്.” ഈ ഉപദേശത്തോടെ ശബ്ദസ്ന്ദേശം അവസാനിപ്പിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.