ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
മരിയ
Tuesday, August 13, 2024 3:17 PM IST
മഴുവിന്റെ ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട അമൂല്യവനഗണത്തിൽപ്പെടുന്ന അഗസ്ത്യവനം ഐക്യരാഷ്ട്ര സഭയുടെ പൈത്യക പദവിയിലാണ്. ലോകത്തിലെ ബയോസ്പിയർ വനമായി അഗസ്ത്യമലയെ ഐക്യരാഷ്ട്ര സഭയുടെ യുനസ്കൊ പ്രഖ്യാപിച്ചതോടെ ഈ മഴക്കാടുകൾ ആഗോള പ്രശസ്തിയിലേക്ക് വളർന്നിരിക്കുകയാണ്.
പെറുവിൽ ചേർന്ന ഇന്റർനാഷണൽ കോ-ഓർഡിനേറ്റിംഗ് കൗൺസിൽ ഓഫ് മാൻ ആൻഡ് ബയോസ്പിയർ ആണ് പ്രഖ്യാപനം നടത്തിയത്. തിരുവനന്തപുരം ജില്ലയിൽപ്പെട്ട നെയ്യാർ വന്യജീവി സങ്കേതത്തിൽപ്പെട്ടതാണ് അഗസ്ത്യകൂട പർവതം. പർവതത്തിന് താഴെ കന്യാകുമാരി, തിരുനെൽവേലി ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മഴക്കാടുകൾ ലോകത്തിലെ സംരക്ഷണം അർഹിക്കുന്ന വനമായി കണക്കാക്കുന്നു.
രണ്ടായിരം ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള അഗസ്ത്യമല ലോകമെമ്പാടും അറിയപ്പെടുന്ന 161 മഴ വനങ്ങളിൽ ഉൾപ്പെട്ടതാണ് എന്നത് ഇതിന്റെ സവിശേഷത തെളിയിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ കണക്കുപ്രകാരം ആമസോൺ തടങ്ങളിലും കൊളംബിയ, ക്യൂബ, ഇക്വഡോർ, പെറു, മധ്യ അമേരിക്ക, ബ്രസീൽ, ദക്ഷിണ പൂർവേഷ്യ, വടക്കുകിഴക്കേഷ്യ, മലേഷ്യ, തായ്ലാൻഡ്, സുമാത്ര, ന്യൂഗിനി, സാബാ, ആസ്ത്രേലിയ, ശ്രീലങ്ക, എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന സംരക്ഷണമർഹിക്കുന്ന മഴ വനങ്ങളുടെ കൂട്ടത്തിലും അഗസ്ത്യമലനിരകൾ സ്ഥാനം പിടിച്ചു.
നെയ്യാർ, പേപ്പാറ, കോട്ടൂർ, മുണ്ടൻതുറൈ, കളയ്ക്കാട്, മഹേന്ദ്രഗിരി, മുക്കോത്തി വയൽ, പാപനാശം, ശിങ്കംപെട്ടി, കളമലൈ, വീരപുലി, അഷാംബു വനങ്ങൾ എന്നിവയാണ് അഗസ്ത്യകൂടത്തിന്റെ ഭാഗങ്ങൾ. സമുദ്രനിരപ്പിൽ നിന്ന് 1890 മീറ്റർ പൊക്കമുള്ള അഗസ്ത്യകൂട പർവതം നിരവധി നദികളുടെ അമ്മയാണ്.