ഹൈദരാബാദ്: ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസണ്‍ ഐപിഎൽ ടീം സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ നായകനാകും. പന്ത് ചുരണ്ടൽ വിവാദത്തിന്‍റെ പേരിൽ ഡേവിഡ് വാർണർക്ക് ക്രിക്കറ്റിൽ നിന്നും വിലക്ക് വന്നതിന് പിന്നാലെയാണ് സണ്‍റൈസേഴ്സ് പുതിയ നായകനെ പ്രഖ്യാപിച്ചത്. ഇന്ത്യൻ ഓപ്പണർ ശിഖർ ധവാന്‍റെ പേരും ക്യാപ്റ്റൻ സ്ഥാനത്തേക്ക് പറഞ്ഞു കേട്ടിരുന്നെങ്കിലും കിവീസിന്‍റെ നായകനായുള്ള അനുഭവ സന്പത്ത് വില്യംസണ് തുണയാവുകയായിരുന്നു.
നേരത്തെ വിവാദമുണ്ടായതിന് പിന്നാലെ വാർണർ ഓസീസ് ഉപനായക സ്ഥാനവും ഐപിഎൽ ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനവും രാജിവച്ചിരുന്നു. ഇതിന് ശേഷമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ വിവാദത്തിൽ ഉൾപ്പെട്ട നായകൻ സ്റ്റീവ് സ്മിത്തിനെയും വാർണറെയും പന്ത് ചുരണ്ടിയ കാമറൂണ്‍ ബാൻക്രോഫ്റ്റിനെയും ക്രിക്കറ്റിൽ നിന്നും വിലക്കിയത്. സ്മിത്തിനും വാർണർക്കും ഒരു വർഷവും ബാൻക്രോഫ്റ്റിന് ഒൻപത് മാസവുമാണ് വിലക്ക്.