കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ്, സെല്‍ഫ് ഫിനാന്‍സിംഗ് കോളജുകളിലേക്കുള്ള 201920 അധ്യയനവർഷത്തെ ഒന്നാംവർഷ ഡിഗ്രി, പിജി കോഴ്സുകളിലേക്കുള്ള പ്രവേശനം ഏകജാലക സംവിധാനത്തിലൂടെ നടത്തുന്നതാണ്.
കോളജുകളിലെ മെറിറ്റ് സീറ്റുകളിലേക്കും എല്ലാ സംവരണസീറ്റുകളിലേക്കും ഏകജാലക സംവിധാനം വഴി തന്നെയായിരിക്കും അലോട്ട്മെന്റ്. കണ്ണൂർ സർവകലാശാലയുടെ കീഴിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികളും ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
ഈമാസം 13 മുതൽ പിജി കോഴ്സുകളിലേക്കും 14 മുതൽ യുജി കോഴ്സുകളിലേക്കും ഓണ്‍ലൈനായി രജിസ്റ്റ൪ ചെയ്യാം. ഓണ്‍ലൈൻ രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങൾ http://admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ‘ Prospectus ’ എന്ന ലിങ്കിൽ ലഭ്യമാണ്. കൂടാതെ എല്ലാ കോളജിലും ഇതിനായി ഹെല്‍പ്പ്ഡെസ്ക് ആരംഭിച്ചിട്ടുണ്ട്. കമ്യൂണിറ്റി, മാനേജ്മെന്റ്, സ്പോര്‍ട്സ് എന്നീ ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളില്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം.
സെല്‍ഫ് ഫിനാന്‍സിംഗ് കോളജുകളുടെ ഫീസ് നിരക്ക് സര്‍ക്കാർ/എയ്ഡഡ് കോളജുകളെ അപേക്ഷിച്ച് കൂടുതലാണ്. വിദ്യാർഥികള്‍ക്ക് 20 ഓപ്ഷൻ വരെ സെലക്ട് ചെയ്യാം. കോളജുകളെ സംബന്ധിക്കുന്ന വിവരങ്ങൾ (ദൂരം, ഹോസ്റ്റല്‍ സൗകര്യം മുതലായവ) അതത് കോളജുകളുടെ വെബ്സൈറ്റിൽ ലഭ്യമാണ്. അത് പരിശോധിച്ചതിനുശേഷം മാത്രം കോളജുകള്‍ തെരഞ്ഞെടുക്കേണ്ടതാണ്.
ഓപ്ഷന് കൊടുത്ത കോളജുകളിലേക്ക് അലോട്ട്മെന്റ് ലഭിക്കുകയാണെങ്കിൽ നിര്‍ബന്ധമായും പ്രവേശനം നേടേണ്ടതാണ്. അല്ലാത്തപക്ഷം തുടര്‍ന്നുവരുന്ന അലോട്ട്മെന്റിൽ പരിഗണിക്കുന്നതല്ല. പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളും കോഴ്സുകളും മാത്രം തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഓണ്‍ലൈൻ രജിസ്ട്രേഷൻ ചെയ്തതിനുശേഷം അപേക്ഷയുടെ പ്രിന്റൗട്ട് കോളജുകളിലേക്കോ സര്‍വകലാശാലയിലേക്കോ അയക്കേണ്ടതില്ല. അപേക്ഷയുടെ പ്രിന്റൗട്ടും ഫീസടച്ചതിന്റെ രസീതും പ്രവേശനസമയത്ത് അതത് കോളജുകളിൽ ഹാജരാക്കണം. ഓണ്‍ലൈൻ രജിസ്ട്രേഷൻ ഫീസ്: പി.ജി : 420 രൂപ (എസ്സി, എസ്ടി വിഭാഗത്തിന് 100 രൂപ), യുജി: 420 രൂപ (എസ്സി, എസ്ടി വിഭാഗത്തിന് 250 രൂപ). ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും SBI COLLECT മുഖാന്തിരം അടയ്ക്കേണ്ടതാണ്. ഓണ്‍ലൈനായും ഇചലാൻ വഴിയും ഫീസ് അടയ്ക്കാനുള്ള സംവിധാനം SBI COLLECT മുഖാന്തരം ലഭ്യമാണ്. ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ www.kannuruniversity.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഡിഡി, ചെക്ക്, മറ്റു ചലാനുകള്‍ തുടങ്ങിയവ സ്വീകരിക്കുന്നതല്ല. അലോട്ട്മെന്റ് ലഭിച്ചാൽ നിശ്ചിത തീയതിക്കുള്ളില്‍ സര്‍വകലാശാല ഫീസ് നിര്‍ബന്ധമായും അടയ്ക്കേണ്ടതാണ്. അല്ലാത്തപക്ഷം വിദ്യാർഥികൾ അലോട്ട്മെന്റിൽനിന്ന് പുറത്താകും.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികള്‍ക്ക് മൂന്നാം അലോട്ട്മെന്റിനുശേഷം അലോട്ട്മെന്റ് മെമ്മോ വെബ്സൈറ്റിൽനിന്ന് ലഭ്യമാകും. മൂന്നാമത്തെ അലോട്ട്മെന്റിനുശേഷം മാത്രമേ കോളജുകളിൽ പ്രവേശനം നേടേണ്ടതുള്ളൂ. മൂന്നാമത്തെ അലോട്ട്മെന്റിനുശേഷവും ഹയർ ഓപ്ഷൻ നിലനിര്‍ത്താൻ ആഗ്രഹിക്കുന്നവർ സർവകലാശാല ഫീസ് മാത്രം അടച്ച് സർട്ടിഫിക്കറ്റുകള്‍ അലോട്ട്മെന്റ് ലഭിച്ച കോളജിൽ സമർപ്പിച്ച് താത്കാലിക അഡ്മിഷന് നേടേണ്ടതാണ്.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികള്‍ക്ക് തങ്ങള്‍ക്കു ലഭിച്ച അലോട്ട്മെന്റിൽ സംതൃപ്തരാണെങ്കില്‍ ഓരോ അലോട്ട്മെന്റിനുശേഷവും ഹയർ ഓപ്ഷനുകൾ റദ്ദാക്കാവുന്നതാണ്. ഹയര്‍ ഓപ്ഷനുകൾ നിലനിർത്തുന്നപക്ഷം അടുത്ത അലോട്ട്മെന്റിൽ അവ പരിഗണിക്കുന്നതും അലോട്ട്മെന്റ് ലഭിക്കുന്നപക്ഷം അപേക്ഷകന് നിര്‍ബന്ധമായും അതു സ്വീകരിക്കേണ്ടതുമാണ്. അലോട്ട്മെന്റ് ലഭിച്ചാൽ ലോവർ ഓപ്ഷൻ ഒരുകാരണവശാലും പരിഗണിക്കുന്നതല്ല.
അലോട്ട്മെന്റ് തീയതി, കോളജുകളില്‍ അഡ്മിഷൻ എടുക്കേണ്ട തീയതി തുടങ്ങിയവ അതത് സമയങ്ങളിൽ വെബ്സൈറ്റിലുടെയും സര്‍വകലാശാല പത്രക്കുറിപ്പിലൂടെയും അറിയിക്കും. ഹെല്‍പ്പ് ലൈൻ നമ്പർ: 0497 2715261, 0497 2715284. Email Id:
[email protected]. പ്രവൃത്തിദിവസങ്ങളിൽ ഓഫീസ് സമയത്ത് മാത്രം ബന്ധപ്പെടുക.
പരീക്ഷാവിജ്ഞാപനം സർവകലാശാല പഠനവകുപ്പിലെ ഒന്നും രണ്ടും മൂന്നും നാലും സെമസ്റ്റർ എംസിജെ (2013, 2014) അഡ്മിഷൻ വിദ്യാർഥികൾക്കു മാത്രം) സപ്ലിമെന്ററി പരീക്ഷകൾ വിജ്ഞാപനം ചെയ്തു. മേയ് 15 വരെ പിഴയില്ലാതെയും 18 വരെ 170 രൂപ പിഴയോടുകൂടെയും അപേക്ഷിക്കാം. നേരത്തെ അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പുനർമൂല്യനിർണയഫലം അഞ്ചാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെയും (നവംബർ 2018) രണ്ടാംവർഷ വിദൂര വിദ്യാഭ്യാസ ബിരുദ പരീക്ഷകളുടെയും (ഏപ്രിൽ 2018) പുനർമൂല്യനിർണയ ഫലം പ്രസിദ്ധികരിച്ചു. പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പൂർണഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്കു നടത്തും.
പ്രവേശന പരീക്ഷ മാറ്റിവച്ചു ഈമാസം 16ന് നടത്താനിരുന്ന സർവകലാശാല ഫിസിക്കൽ എഡ്യുക്കേഷൻ വകുപ്പിലെ എംപിഎഡ് കോഴ്സ് പ്രവേശന പരീക്ഷ 18 ലേക്ക് മാറ്റിവച്ചു.
എംഎ മ്യൂസിക് പ്രവേശനം കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ കാന്പസിലെ സംഗീത പഠനവിഭാഗത്തിലെ എംഎ മ്യൂസിക് കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഈമാസം 20 വരെ നീട്ടി.