ബിരുദ,ബിരുദാനന്തര കോഴ്സുകൾ: കോളജ് മാറ്റത്തിന് അപേക്ഷിക്കാം
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ഗവൺമെന്റ്, എയ്ഡഡ്, അൺ എയ്ഡഡ് കോളജുകളിലെ ബിരുദ കോഴ്സുകളിൽ മൂന്ന്, അഞ്ച് സെമസ്റ്ററുകളിലേക്കും ബിരുദാനന്തര ബിരുദ കോഴ്സുകളിൽ മൂന്നാം സെമസ്റ്ററിലേക്കും കോളജ് മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സർവകലാശാല വെബ്സൈറ്റിൽനിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ 380 രൂപ ഫീസടച്ചതിന്റെ അസൽ ചലാൻ രസീത്, അവസാനം രജിസ്റ്റർചെയ്ത പരീക്ഷയുടെ ഹാൾ ടിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം ജൂൺ ഏഴിനകം സർവകലാശാലയിൽ സമർപ്പിക്കണം.
ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യണം
കണ്ണൂർ സർവകലാശാലയുടെ പാലയാട് കാന്പസിൽ നാളെ നടത്തുന്ന എംഎസ്സി ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്. ഓൺലൈനിൽ രജിസ്റ്റർ ചെയ്തവർ കാൻഡിഡേറ്റ് ലോഗിനിൽ ലോഗിൻ ചെയ്ത് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യണം. അപേക്ഷകർക്ക് പ്രത്യേകം ഹാൾടിക്കറ്റ് അയക്കുന്നതല്ല. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 04972715261, 0497 2715284 എന്നീ ഫോൺനന്പറുകളിൽ ബന്ധപ്പെടണം.
പരീക്ഷാഫലം
ഒന്നും രണ്ടും കംബൈൻഡ് സെമസ്റ്റർ ബിടെക് സപ്ലിമെന്ററി (പാർട്ട്ടൈം ഉൾപ്പെടെ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമുള്ള അപേക്ഷകൾ ഈമാസം 20ന് വൈകുന്നേരം അഞ്ചുവരെ സർവകലാശാലയിൽ സ്വീകരിക്കും.
ശില്പശാലകളുടെ പുതുക്കിയ തീയതി
പള്ളിക്കുന്ന് കെഎംഎം ഗവ. വിമൻസ് കോളജിൽ ഇന്നും നാളെയും നടത്താൻ നിശ്ചയിച്ചിരുന്ന ബിരുദതല കരിക്കുലംസിലബസ് റീസ്ട്രക്ചറിംഗ്ഫംഗ്ഷണൽ ഇംഗ്ലീഷ്/ഇംഗ്ലീഷ് (കോർ ആൻഡ് കോമൺ) കോഴ്സുകളുടെ ശില്പശാല 14, 15 തീയതികളിൽ കണ്ണൂർ സർവകലാശാല താവക്കര ഓഫീസിലെ ചെറുശേരി ഓഡിറ്റോറിയത്തിലേക്ക് മാറ്റി.