അലോട്ട്മെന്റിൽനിന്നു പുറത്തായവർക്ക് മൂന്നാം അലോട്ട്മെന്റിൽ അവസരം
ബിരുദ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് ജൂൺ ഏഴിന് പ്രസിദ്ധീകരിക്കുകയും ജൂൺ 11ന് വൈകുന്നേരം അഞ്ചിനകം അഡ്മിഷൻ ഫീസടച്ച് ഫീസ് വിവരങ്ങൾ കാൻഡിഡേറ്റ് ലോഗിനിൽ അപ്ലോഡ് ചെയ്യാൻ സമയം നൽകുകയും ചെയ്തിരുന്നു. എന്നാൽ പല അക്ഷയകേന്ദ്രങ്ങളും അലോട്ട്മെന്റ് ലഭിച്ചവരുടെ ഫീസ് വിവരങ്ങൾ അപ്ലോഡ് ചെയ്യുകയുണ്ടായില്ല. ഇതുകാരണം നല്ല മാർക്ക് നേടിയ പലർക്കും ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെട്ട സാഹചര്യമാണുള്ളത്. അക്ഷയകേന്ദ്രങ്ങളുടെ ഭാഗത്തുനിന്നുണ്ടായ ഈ അനാസ്ഥ കാരണം വിദ്യാർഥികൾക്കുണ്ടായ വിഷമതകൾ അനുഭാവപൂർവം പരിഗണിച്ച് സർവകലാശാലയിൽ ഇതുസംബന്ധിച്ച് ഫീസടച്ച് തെളിവ് സഹിതം ഇന്നു വൈകുന്നേരം നാലിന് മുന്പായി അപേക്ഷ നൽകുന്നവരെ അടുത്ത അലോട്ട്മെന്റിൽ പരിഗണിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
സീറ്റൊഴിവ്
കണ്ണൂർ സർവകലാശാലയുടെ തലശേരി കാമ്പസിൽ പ്രവർത്തിക്കുന്ന സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ ഉടൻ ഓഫീസുമായി ബന്ധപ്പെടണം. പരിശീലന പരിപാടി 20 ന് ആരംഭിക്കും. ഫോൺ: 9995760629, 9446322474.
എംഎൽഐഎസ് സീറ്റൊഴിവ്
താവക്കര കാന്പസിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് വകുപ്പിലേക്ക് മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (എംഎൽഐഎസ്) കോഴ്സിന് പട്ടികജാതിപട്ടികവർഗ വിഭാഗത്തിനും അംഗപരിമിത വിഭാഗത്തിനും സംവരണം ചെയ്ത സീറ്റൊഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 17ന് രാവിലെ 10.30ന് വകുപ്പ് മേധാവിക്കു മുന്പാകെ ഹാജരാകണം.
രണ്ടാം സെമസ്റ്റർ ബിഎഡ് ഇന്റേണൽ മാർക്ക് സമർപ്പണം
രണ്ടാം സെമസ്റ്റർ ബിഎഡ് പരീക്ഷകളുടെ ഇന്റേണൽ മാർക്കുകൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഇന്നു വൈകുന്നേരം അഞ്ചുവരെയും പ്രിന്റൗട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ട അവസാനതീയതി 20 വരെയും നീട്ടിയിട്ടുണ്ട്. ലിങ്ക് സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ്/കെമിസ്ട്രി/വുഡ് സയൻസ് ആൻഡ് ടെക്നോളജി, എംഎൽഐഎസ്സി, എംഎ അപ്ലൈഡ് ഇക്കണോമിക്സ്/ഹിസ്റ്ററി ആൻഡ് ഹെറിറ്റേജ് സ്റ്റഡീസ്/ആന്ത്രപ്പോളജി/മലയാളം/ഹിന്ദി (മേയ് 2019റഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും 25 ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം. പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.