കുസാറ്റ് സമ്പൂര്‍ണ ഫലാധിഷ്ഠിത കോഴ്സുകളിലേക്ക്
കളമശേരി: നിലവിലുള്ള എല്ലാ കോഴ്സുകളും പൂര്‍ണമായും ഫലാധിഷ്ഠിത വിദ്യാഭ്യാസ രീതിയിലേക്ക് മാറ്റാൻ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) തീരുമാനിച്ചു. ഈ പാഠ്യരീതിയനുസരിച്ച് ഓരോ കോഴ്സ് പൂര്‍ത്തിയാവുമ്പോഴേക്കും വിദ്യാർഥിയുടെ നിലവാരവും ഓരോ വിഷയത്തിലെ പഠനം പൂര്‍ത്തിയാവുമ്പോഴുള്ള പ്രയോജനവും മുന്‍കൂട്ടി സിലബസില്‍ ഉള്‍പ്പെടുത്തും.
വിവിധ അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ ഏജന്‍സികള്‍ യുജിസി, കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ എന്നിവയുടെ നിർദേശമനുസരിച്ച് അന്താരാഷ്ട്ര നിലവാരത്തില്‍ വിവിധ തലങ്ങളിലുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ചോദ്യപേപ്പറുകള്‍ ക്രമീകരിക്കും. കൊച്ചി സര്‍വകലാശാലയിലെ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ (ഐക്യുഎസി) അടുത്തിടെ നടത്തിയ ശില്പശാലയില് സര്‍വകലാശാലയിലെ 52 അധ്യാപകര്‍ക്ക് ഇതിനാവശ്യമായ പരിശീലനം നല്‍കിയിരുന്നു.