കാമ്പസ് പ്ലേസ്മെന്റ്: കുസാറ്റിനു മികച്ച നേട്ടം
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല(കുസാറ്റ്)യിലെ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ ഈ വര്‍ഷവും കാന്പസ് പ്ലേസ്മെന്റിൽ മികച്ച നേട്ടം കൈവരിച്ചു. 201819ൽ കോഴ്സ് പൂർത്തിയാക്കിയ 570 വിദ്യാർഥികൾക്കാണ് രാജ്യത്തെ പ്രമുഖ കന്പനികളിൽ തൊഴിൽ വാഗ്ദാനം ലഭിച്ചത്. ഒഎൻജിസി ആണ് ഏറ്റവും ഉയർന്ന പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നത്, പ്രതിവർഷം 18 ലക്ഷം രൂപ. ബിടെക് പൂർത്തീകരിച്ച അഞ്ചു വിദ്യാർഥികളും എംടെക് പൂർത്തീകരിച്ച രണ്ടു പേരും ഉൾപ്പെടെ ഏഴു പേരെയാണ് 18 ലക്ഷം രൂപ പ്രതിഫലം ഉറപ്പിച്ച് ഒഎൻജിസി തെരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 200 പേർക്ക് കൂടുതൽ അവസരം ലഭിച്ചു.105 കന്പനികളാണ് ഇത്തവണ വിദ്യാർഥികളെ തെരഞ്ഞടുക്കാനെത്തിയത്. ഐടി കന്പനികൾ വാഗ്ദാനം ചെയ്ത ഏറ്റവും ഉയർന്ന പ്രതിഫലം പ്രതിവർഷം 16 ലക്ഷം രൂപയാണ്. ആറു വിദ്യാർഥികൾക്കാണ് ഈ ഉയർന്ന വാഗ്ദാനം ലഭിച്ചത്.
സെന്‍ട്രല്‍ പ്ലേസ്മെന്റ് ഓഫീസ് മുഖേനയുള്ള കാമ്പസ് പ്ലേസ്മെന്റുകള്‍ 2018ലാണ് ആരംഭിച്ചത്. വിദ്യാർഥികളുടെ രജിസ്ട്രേഷന് മുതല്‍ റിക്രൂട്ട്മെന്റ് പ്രക്രിയ വരെ കുസാറ്റില്‍ വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയര് ഉപയോഗിച്ചാണ് നടത്തുന്നത്. റിക്രൂട്ടിംഗ് തടസമില്ലാതെ പൂര്‍ത്തിയാക്കാന്‍ കന്പനികൾക്ക് എല്ലാ സൗകര്യവും പ്ലേസ്മെന്റ് ഓഫീസാണ് നല്‍കിവരുന്നത്.
ടിസിഎസ്, ഇന്‍ഫോസിസ്, ഐബിഎം, സിസ്കോ, ആമസോണ്‍, വെരിസോണ്‍, എല്‍ ആൻഡ് ടി, ഗോദ്റേജ്, സിയറ്റ്, വേദാന്ത, ഒഎന്‍ജിസി, റിലയന്‍സ്, ഇന്ദ്രപ്രസ്ഥ ഗ്യാസ് എന്നീ കന്പനികളാണ് കുസാറ്റ് കാമ്പസ് സന്ദര്‍ശിച്ച് വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തത്. പ്രീ ഫൈനല്‍ വിദ്യാർഥികള്‍ക്കുള്ള ഇന്റേൺഷിപ് ഓഫറുകളുടെ എണ്ണവും ഈ വര്‍ഷം വര്‍ധിച്ചു. മുൻനിര കന്പനികൾ പ്ലേസ്മെന്റ് സെല്ലിലൂടെയാണ് വിദ്യാർഥികള്‍ക്ക് ഇന്റേൺഷിപ്പും പ്രോജക്ടുകളും വാഗ്ദാനം ചെയ്യുന്നത്.