കാലിക്കട്ട് വാഴ്സിറ്റിയിൽ മാറ്റിവച്ച പരീക്ഷകൾ ജൂൺ രണ്ടു മുതൽ; കർശന നിയന്ത്രണങ്ങൾ
തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാല കോവിഡ് മൂലം മാറ്റിവച്ച പരീക്ഷകള്‍ ജൂണ്‍ രണ്ട് മുതല്‍ ആരംഭിക്കും. പരീക്ഷാ നടത്തിപ്പില്‍ കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ എടുക്കേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ച് സര്‍വകലാശാല സര്‍ക്കുലര്‍ ഇറക്കി.
പരീക്ഷയ്ക്ക് മുമ്പ് പരീക്ഷാ ഹാളുകള്‍, ഫര്‍ണിച്ചര്‍, കോളജ് പരിസരം എന്നിവ ശുചിയാക്കുകയും അണുവിമുക്തമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. ആരോഗ്യവകുപ്പ്, സന്നദ്ധസംഘടനകള്‍, ഫയര്‍ഫോഴ്സ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പിടിഎ, എന്‍സിസി, എന്‍എസ്എസ് എന്നിവയുടെ സഹായം ഇതിനായി പ്രയോജനപ്പെടുത്താം. വിദ്യാര്‍ഥികളെ പരീക്ഷാ കേന്ദ്രത്തിന്റെ പ്രധാന കവാടത്തിലൂടെ മാത്രമേ പ്രവേശിപ്പിക്കൂ. പ്രധാന കവാടത്തില്‍ സോപ്പ് ലായനി, സാനിറ്റൈസര്‍ മുതലയാവ ലഭ്യമാക്കണം.
വിദ്യാര്‍ഥികള്‍ മാസ്ക് ധരിച്ച് മാത്രമേ പരിക്ഷാ കേന്ദ്രത്തില്‍ പ്രവേശിക്കാവൂ. പൂർണമായും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പരീക്ഷാ ജോലിക്ക് നിയോഗിക്കപ്പെട്ട അധ്യാപകഅനധ്യാപകര് മാസ്ക്, ഗ്ലൗസ് എന്നിവ ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
ഹോട്ട്സ്പോട്ട്, കണ്ടെയ്ൻമെന്റ് സോണ്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക സ്ഥലസൗകര്യം ഒരുക്കണം.